വിനീത കൃഷ്ണന്‍

'ന്യൂയോര്‍ക്ക് ചുവന്നിരിക്കുന്നൂ' -- സൊഹ്റാന്‍ മംദാനിയുടെ വിജയപ്രഖ്യാപനത്തെത്തുടര്‍ന്ന് ഒരു പ്രമുഖ മലയാള മാധ്യമപ്രവര്‍ത്തകന്‍ ചാനലില്‍ കൂടി ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ചിരിയടക്കാന്‍ സാധിച്ചില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വിപ്ലവത്തിന്റെയും ഇടതു പക്ഷത്തിന്റെയുമൊക്കെ നിറമാണ് ചുവപ്പ്. പക്ഷെ അമേരിക്കയില്‍ അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയാണ് സൂചിപ്പിക്കുന്നത്. നീല ഡെമോക്രാറ്റുകളെയും.

ചുവപ്പ്-നീല കളര്‍ ബ്രാന്‍ഡിംഗിന് പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. റിപ്പബ്ലിക്കന്‍മാര്‍ക്ക് ചുവപ്പ്, ഡെമോക്രാറ്റുകള്‍ക്ക് നീല എന്ന കളര്‍ കോഡ് 2000-ത്തിലെ ജോര്‍ജ്ജ് ഡബ്ല്യു.ബുഷും അല്‍ ഗോറും തമ്മിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെലിവിഷന്‍ ഗ്രാഫിക്‌സ് ആയി ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം അതൊരു ശീലമായി എന്നെ ഉള്ളൂ.

എന്തായാലും നീലനിറത്തിലായിരുന്ന ന്യൂയോര്‍ക്ക് നഗരം ചുവന്നില്ലെന്നു മാത്രമല്ല കടുംനീലയായി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രണ്ടു പ്രബല വിഭാഗങ്ങളുണ്ട്. മോഡറേറ്റ്‌സ് ആയ ലിബറലുകളും പിന്നെ പ്രോഗ്രെസ്സിവ്‌സ് എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും. രണ്ടാമത്തെ വിഭാഗത്തിന്റെ നായകനായ സെനറ്റര്‍ ബേര്‍ണി സാന്‌ഡേഴ്‌സിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാതെ രണ്ടു തവണ മോഡറേറ്റുകള്‍ ഒതുക്കി. സൊഹ്റാന്റെ വിജയത്തോടെ അവര്‍ക്കു ഇനിയങ്ങോട്ട് ഇത്തരം ഒതുക്കല്‍ അത്രയെളുപ്പമാവില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരൊറ്റ വിഭാഗം മാത്രമേ ഇപ്പോഴുള്ളൂ. അവര്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ ട്രംപ് എന്ന ഒരൊറ്റ പ്രതിഭാസത്തിന്റെ ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ടൂ പാര്‍ട്ടി സിസ്റ്റത്തെ ചോദ്യം ചെയ്തു കൊണ്ട് വേറെ ചിലരുണ്ട്. ലിബെര്‍ട്ടേറിയന്‍ പാര്‍ട്ടി സജീവമാണ് പക്ഷെ ശക്തമല്ല. ഗ്രീന്‍ പാര്‍ട്ടി പ്രസിഡെന്‍ഷ്യല്‍ ഇലക്ഷന്‍ വരുമ്പോ മാത്രം പുറത്തു ചാടുകയും മറ്റു സമയം ഏതോ മാളത്തിലുമാണ്.

യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന ആശയത്തിന്റെ ശക്തനായ വക്താവ് ആന്‍ഡ്രൂ യാങ് 2021ല്‍ ഫോര്‍വേഡ് പാര്‍ട്ടി രൂപീകരിച്ചു. സോഷ്യല്‍ മീഡിയില്‍ അവര്‍ ഉണ്ട് പക്ഷെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചും മറ്റും ഒരു നിലയിലാവാന്‍ എത്രയോ കാലം പിടിക്കും. ഇതിനിടക്ക് ഒരു തമാശ പാര്‍ട്ടി രൂപീകൃതമായി. ദി അമേരിക്ക പാര്‍ട്ടി- ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ട്രംപുമായി തെറ്റിപ്പിരിഞ്ഞു ഈലോണ്‍ മസ്‌ക്ക് ഉണ്ടാക്കിയതാണ് ഈ പാര്‍ട്ടി. മസ്‌ക്ക് ഇപ്പോള്‍ രാഷ്ടീയം കുറച്ചു ബിസിനെസ്സില്‍ ശ്രദ്ധ കൊടുത്തു പോകുന്നു. ദി അമേരിക്ക പാര്‍ട്ടി എന്താവുമോ എന്തോ! 1919 ല്‍ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു എസ് എ (CPUSA) രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ശോഷിച്ചു സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം തീരെ ദുര്‍ബലമായി, പക്ഷെ ഇപ്പോഴുമുണ്ട്. 2024ല്‍ CPUSA പിളര്‍ന്നു അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (ACP) എന്നൊരു പാര്‍ട്ടിയും വന്നിട്ടുണ്ട്.

മംദാനി കമ്മ്യൂണിസ്റ്റ് അല്ലെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, പല തവണ. പക്ഷെ ട്രംപ് സമ്മതിക്കില്ല. കമ്മ്യൂണിസവും ഡെമോക്രാറ്റിക് സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം ട്രംപിന് അറിയാത്തതു കൊണ്ടല്ല പക്ഷെ അസത്യങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു കുറേപ്പേരെ അത് സത്യമായി വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ബരാക്ക് ഹുസൈന്‍ ഒബാമ ജനിച്ചത് അമേരിക്കയില്‍ അല്ല അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം തട്ടിപ്പാണ് എന്ന് ട്രംപ് നിരന്തരമായി പറയുകയും ഒരു വലിയ വിഭാഗം ഇപ്പോഴും അത് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്ന് വെച്ച് ട്രംപ് പറയുന്നത് എല്ലാം കള്ളമാണ് എന്നല്ല കേട്ടോ. ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം അവസാനിച്ചതായി ആദ്യം ലോകത്തെ അറിയിച്ചത് ട്രംപ് ആണ്. അത് കൊണ്ട് തന്നെ അദ്ദേഹം അതില്‍ ഇടപെട്ടിട്ടുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്, ഇന്ത്യന്‍ ഗവണ്മെന്റ് അത് നിഷേധിച്ചുവെങ്കിലും!

ന്യൂജേഴ്സിയിലേക്ക് വരാം. ഇതൊരു നീല സംസ്ഥാനമാണ്. ദീര്‍ഘനാളായി ഡെമോക്രറ്റുകള്‍ ഭരിച്ച സംസ്ഥാനമായതു കൊണ്ട് ഇത്തവണ ഒരു മാറ്റം വേണമെന്നൊക്കെ ഇവിടുത്തെ ചില ഇന്‍ഡിപെന്‍ഡന്റ് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുമെന്നും ക്രൈം ഇല്ലാതാക്കുമെന്നുമൊക്കെ പറഞ്ഞ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ജയിക്കാനുള്ള സാധ്യതയാണ് ചില അഭിപ്രായ സര്‍വേകളില്‍ കണ്ടത്. ഒടുവില്‍ ഫലം വന്നപ്പോള്‍ ഡെമോക്രാറ്റ് മൈക്കി ഷെറില്‍ മികച്ച വിജയം നേടി. വിര്‍ജീനിയയില്‍ ഡെമോക്രാറ്റ് അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗെര്‍ വിജയിച്ചു. ന്യൂജേഴ്‌സിയും വിര്‍ജീനിയയും ന്യൂയോര്‍ക്കുമെല്ലാം പരമ്പരാഗത ഡെമോക്രാറ്റ് ഭൂരിപക്ഷ കേന്ദ്രങ്ങളാണ്. അതുകൊണ്ടു ഈ ഫലങ്ങള്‍ കണ്ടു പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്ന് വൈസ് പ്രസിഡന്റ് വാന്‍സ് എക്സില്‍ കുറിച്ചു. പക്ഷെ അടുത്ത വര്‍ഷം നടക്കുന്ന സെനറ്റ്- ഹൗസ് ഓഫ് റെപ്രെസെന്ററ്റേറ്റീവ്‌സ് ഇലെക്ഷന്‍ കൃത്യമായും ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍ തന്നെയാകും.