തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കുടുതൽ വെളിപ്പെടുത്തലുമായി അന്വേഷണസംഘം.പ്രതികൾക്ക് അവയവക്കച്ചവടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.യുവതിയെ ഒരു മാസം മുൻപ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വൃക്ക വിൽപനയ്ക്കു ശ്രമിച്ചതായാണ് കണ്ടെത്തൽ.

കൊച്ചിയിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു ശക്തമായിക്കൊണ്ടിരിക്കുന്ന അവയവ വിൽപന റാക്കറ്റിന്റെ കണ്ണികളാണ് പീഡനക്കേസിൽ അറസ്റ്റിലായ പ്രതികൾ എന്നു കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇവർക്കെതിരെ ഇത്തരത്തിലുള്ള കേസുകൾ ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടില്ലെങ്കിലും യുവതിയുടെ മൊഴിയിൽനിന്ന് ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയവ വിൽപന സംബന്ധിച്ച അന്വേഷണവും നടത്തുന്നുണ്ട്.

വയനാട് സ്വദേശിനിയെ കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റിൽ എത്തിച്ച്, ജ്യൂസിൽ ലഹരിമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നു.പീഡനക്കേസിൽ, ചാരിറ്റി പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന ഷംഷാദ് വയനാട് എന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്പിൽ ഷംഷാദ് ഇയാളുടെ സഹായികളായ ബത്തേരി റഹ്‌മത് നഗർ മേനകത്ത് ഫസൽ മെഹമൂദ് , അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്‌മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

യുവതിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണ് അയവക്കച്ചവടത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.യുവതി പറയുന്നത് ഇങ്ങനെ; തന്റെ നിസഹായാവസ്ഥയും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കു വേണ്ട സാമ്പത്തിക ആവശ്യവും മനസിലാക്കി സഹായിക്കാമെന്നു പറഞ്ഞാണ് പ്രതികൾ സമീപിച്ചത്.വൃക്ക നൽകിയാൽ മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പറഞ്ഞു.തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞെങ്കിലും വൃക്ക നൽകുന്നതിന് അതു തടസ്സമല്ലെന്നാണ് ഇവർ പറഞ്ഞത്.

പിന്നീട് അത് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെ്തതോടെ വൃക്ക നൽകാൻ തയാറാകുകയായിരുന്നു. ഇതിനായി കഴിഞ്ഞ മാസം ആദ്യം കൊച്ചി നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയായിരുന്നു.എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അവയവദാനം നടക്കില്ലെന്നു ഡോക്ടർ വ്യക്തമാക്കി.ഇതോടെ അ പദ്ധതി പൊളിയുകയും സഹായ അഭ്യർത്ഥനയുടെ വിഡിയോ നിർമ്മിച്ചു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു പണം തട്ടാനായി ശ്രമിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്‌ക്കെന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്.

വൃക്ക വിൽപനയ്ക്കു മുന്നോടിയായുള്ള പരിശോധനയ്ക്ക് എറണാകുളത്ത് എത്തിയപ്പോൾ ഒരു മോശം പെരുമാറ്റവും പ്രതികളിൽ നിന്നുണ്ടായിരുന്നില്ല. എന്നാൽ പല ആവശ്യങ്ങൾ പറഞ്ഞ് 18,000 രൂപ തട്ടിയെടുത്തു.തന്റെ സമ്പാദ്യമായി ഉണ്ടായിരുന്ന സ്വർണ മോതിരം വിറ്റു ലഭിച്ച പണം മുഴുവൻ ഇവർ തട്ടിയെടുത്തു. പിന്നീടാണ് നാട്ടിലെത്തിയ ശേഷം കുഞ്ഞിന്റെയും തന്റെയും ചികിത്സയ്ക്ക് എന്ന പേരിൽ വിഡിയോ ചെയ്യാമെന്ന നിർദ്ദേശവുമായി എത്തിയത്.ആദ്യം തന്നെ എടിഎം കാർഡ് സ്വന്തമാക്കിയ ഇവർ മറ്റുള്ളവർ സഹായിച്ച് അക്കൗണ്ടിലെത്തിയ 30,000 രൂപയ്ക്കു മുകളിലുള്ള തുക തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

എറണാകുളത്ത് വൃക്ക വിൽപനയ്ക്കു ഇവരെ സഹായിക്കാനായി അനിൽ എന്നൊരാളും എത്തിയിരുന്നു. ഇയാൾ എടുത്തു നൽകിയ മുറിയിലാണ് അന്ന് എല്ലാവരും താമസിച്ചത്. പ്രമേഹ രോഗമുള്ളതിനാൽ വൃക്ക ദാനത്തിന് അനുമതി ലഭിക്കില്ലെന്നു ഡോക്ടർ പറഞ്ഞതോടെ പ്രതി അക്രമാസക്തമായി പെരുമാറി. തന്റെ ഫയൽ വലിച്ചെറിഞ്ഞത് കൂടെ വന്ന പെൺകുട്ടി കണ്ടിരുന്നെന്നും യുവതി പറഞ്ഞു. തിരികെ മുറിയിൽ എത്തി പെട്ടെന്നുതന്നെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

തെളിവെടുപ്പിൽ ഷംഷാദ് നൽകിയ മൊഴികൾ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുവതി ഒറ്റയ്ക്കാണ് ലോഡ്ജിൽ എത്തിയതെന്നും പ്രതികൾ മൂന്നു പേരും കൂടെ വന്നില്ലെന്നുമായിരുന്നു ഇവർ പൊലീസിനോടു പറഞ്ഞത്. മുഖ്യപ്രതി ഷംഷാദ് ബർമുഡ ധരിച്ചിരുന്നെന്ന യുവതിയുടെ മൊഴി ശരിയല്ലെന്നു സ്ഥാപിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ യുവതിക്കൊപ്പം മുറിയിലേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.

മുഖ്യപ്രതി ബർമുഡയാണ് ഹോട്ടലിൽ താമസിക്കുമ്പോൾ ധരിച്ചിരുന്നെതെന്നും കണ്ടെത്തി. ഹോട്ടലിലെ ജീവനക്കാരും ഇവർക്കെതിരായാണ് മൊഴി നൽകിയിരിക്കുന്നത്. ഹോട്ടൽ മാനേജരും ക്ലീനിങ്ങ് ജീവനക്കാരിയും യുവതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയത്. ബുധനാഴ്ച കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി വ്യാഴാഴ്ച രാവിലെ വയനാട്ടിൽനിന്നു കൊച്ചിയിൽ എത്തുകയായിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.