കൊച്ചി: ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതാക്കളുടേയും പ്രതികാര ബുദ്ധിയിൽ മനം മടുത്ത് കേരളം വിടാനൊരുങ്ങിയ കിറ്റെക്‌സിനെ തങ്ങളുടെ നാട്ടിലേക്കു കൊണ്ടു വരാൻ സൗജന്യങ്ങളുമായി കാത്തുനിന്നത് രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളല്ല. പത്ത് സംസ്ഥാനങ്ങളാണ് ഒരു സ്വകാര്യ വ്യവസായ സംരംഭത്തെ, നിക്ഷേപകനെ വിശ്വാസ്യതയുള്ള ഉറപ്പുകൾ നൽകി നാട്ടിലേക്ക് ക്ഷണിച്ചത്.

കേരളത്തിൽനിന്നാൽ കിട്ടാനൊന്നുമില്ല, യാതൊരു സൗജന്യവുമില്ല, അധിക്ഷേപങ്ങളും കുത്തുവാക്കുകളും മാത്രം മിച്ചം. പക്ഷേ അയൽ നാടുകളിലേക്കു പോയാലോ കിട്ടാനേറെ...കുട്ടികളുടെ വസ്ത്രനിർമ്മാണത്തിൽ ലോകത്തെ തന്നെ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ മികവുറ്റ സ്വകാര്യ വ്യവസായ സംരംഭങ്ങളിൽ ഒന്നായ കിറ്റെക്‌സിന് മറിച്ചെന്തു ചിന്തിക്കാൻ. 11,000 ജീവനക്കാരാണ് ഈ വ്യവസായ സംരംഭത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അവർക്ക് സ്ഥിരതാമസത്തിന് ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും.

കോടികൾ മുതൽമുടക്കി സ്വന്തം മണ്ണിൽ ഒരു വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരോ നിക്ഷേപകനും ഇത് പാഠമാണ്. സ്വകാര്യ വ്യവസായ സംരഭങ്ങളോട് ഭരണകൂടങ്ങളും തന്റെ ചുറ്റുപാടുകളും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത്.



സൗജന്യഭൂമിയും ഓരോ ജീവനക്കാരുടെയും ശമ്പളത്തിൽ മാസം തോറും സബ്‌സിഡിയും സ്റ്റാംപ് ഡ്യൂട്ടി സൗജന്യവും വായ്പയ്ക്ക് പലിശ സബ്‌സിഡിയും പിഎഫ്, ഇഎസ്‌ഐ ചെലവുകൾക്ക് അടക്കം സബ്‌സിഡി നൽകാമെന്ന വാഗ്ദാനത്തോടെയാണ് തെലങ്കാന സർക്കാർ കിറ്റെക്‌സിനെ സ്വന്തം മണ്ണിലേക്ക് വിളിച്ചത്. ചർച്ചകൾക്കായി ഹൈദരാബാദിലെത്താൻ തെലങ്കാന സർക്കാർ ഉദ്യോഗസ്ഥനൊപ്പം വിമാനം പോലും അയച്ചു...! കിറ്റെക്‌സിനെ തങ്ങളുടെ നാട്ടിലേക്ക് ആനയിക്കാൻ കർണാടകയും തമിഴ്‌നാടും തെലങ്കാനയും ഒട്ടേറെ വാഗ്ദാനങ്ങളാണ് നൽകിയത്.

വർഷം 1100 കോടിയുടെ കുഞ്ഞുവസ്ത്ര കയറ്റുമതി. ദിവസം 10 ലക്ഷം കുഞ്ഞുവസ്ത്രങ്ങളാണ് കിറ്റെക്‌സിൽ ഉണ്ടാക്കുന്നത്. ഏതു വ്യവസായിയെയും മോഹിപ്പിക്കുന്ന രീതിയിലാണ് കിറ്റെക്‌സിനു കിട്ടിയ വാഗ്ദാനങ്ങൾ. ഓരോ സംസ്ഥാനവും നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയെന്നു നോക്കാം.

കോടികൾ മുതൽ മുടക്കാനൊരുങ്ങുന്ന, ഒട്ടേറെപേർക്ക് തൊഴിൽ നൽകാൻ പോന്ന ഒരു സ്വകാര്യ വ്യവസായ സംരംഭത്തോട് സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് തിരിച്ചറിയേണ്ടുന്ന, കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ട കാര്യങ്ങളാണ് ഈ ഓരോ പോയിന്റും. 3500 കോടിയുടെ നിക്ഷേപമാണ് അടുത്തതായി കിറ്റെക്‌സ് ഉദ്ദേശിക്കുന്നത്.

കർണാടക വ്യവസായ വികസന കമ്മിഷണർ കിറ്റെക്‌സ് എംഡിക്കു കത്തിൽ പറയുന്ന വാഗ്ദാനങ്ങൾ ഇങ്ങനെ. മൂലധന നിക്ഷേപത്തിന് എത്ര കോടി വേണമോ അതിന്റെ 25% സബ്‌സിഡിയായി സർക്കാർ നൽകും.വായ്പയുടെ പലിശയ്ക്ക് 5 വർഷത്തേക്ക് 5% സബ്‌സിഡി. ഭൂമി രജിസ്റ്റ്രഷന് സ്റ്റാംപ് ഡ്യൂട്ടി 100% ഒഴിവാക്കും. ഫാക്ടറി കെട്ടിടത്തിന്റെ ചെലവിന്റെ 40% ഗ്രാൻഡ്. വൈദ്യുതി താരിഫ് യൂണിറ്റിന് 5 വർഷത്തേക്ക് 2 രൂപ കുറയ്ക്കും. ഓരോ ജീവനക്കാരന്റേയും ശമ്പളത്തിന് സർക്കാർ മാസം തോറും 1500 രൂപ 5 വർഷത്തേക്ക് നൽകും. വിറ്റുവരവിന്റെ 2.25% സബ്‌സിഡി 6 മുതൽ 10 വർഷം വരെ നൽകും എന്നിങ്ങനെ ഒരു വ്യവസായ സ്ഥാപനം കരുത്തോടെ തുടക്കം കുറിക്കാൻ വേണ്ടതെല്ലാം ചെയ്തുനൽകാമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകുന്നു.

ഇതിന് പിന്നാലെ കിറ്റെക്‌സ് ചെയർമാൻ സാബു എം.ജേക്കബിനെ ഫോണിൽ വിളിച്ചു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പിന്തുണ അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച രാജീവ്, കിറ്റെക്‌സിനു കർണാടകയിൽ നിക്ഷേപം നടത്താൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാടും കിറ്റെക്‌സിന് സമാനമായ ഒട്ടേറെ വാഗ്ദാനങ്ങളാണ് നൽകിയത്. പാതി വിപണി വിലയ്ക്ക് ഭൂമി. മൂലധനനിക്ഷേപത്തിന്റെ 40% സബ്‌സിഡി. സ്റ്റാംപ് ഡ്യൂട്ടി 100% ഒഴിവാക്കും. നികുതികളിൽ 5% കുറവ് 6 വർഷത്തേക്ക്. ഓരോ ജീവനക്കാരന്റേയും പരിശീലനത്തിന് 6 മാസത്തേക്ക് 4000 രൂപ വീതം മാസം തോറും. വൈദ്യുതി താരിഫിൽ സബ്‌സിഡി. പരിസ്ഥിതി സംരക്ഷണ ചെലവുകൾക്ക് 25% സബ്‌സിഡി എന്നിവയായിരുന്നു വാഗ്ദാനങ്ങൾ

മറ്റു സംസ്ഥാനങ്ങൾക്കു വിട്ടുകൊടുക്കാതെ എന്തു വില കൊടുത്തും കിറ്റെക്‌സിനെ സ്വന്തമാക്കാൻ വ്യവസായ മന്ത്രിതന്നെ നേരിട്ടു ക്ഷണിക്കുകയും ചർച്ചയ്ക്കു തയാറാവുകയും വിമാനം അയയ്ക്കുകയും ചെയ്തു എന്നതായിരുന്നു തെലങ്കാനയുടെ പ്രത്യേകത. തെലങ്കാനയിലെ ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമായിരുന്നു സന്ദർശനം. തെലങ്കാന സർക്കാർ അയച്ച സ്വകാര്യ വിമാനത്തിൽ വന്നിറങ്ങിയ കിറ്റെക്‌സ് ഗ്രൂപ്പിനെ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വാഗ്ദാനങ്ങൾ ഇങ്ങനെ. സൗജന്യ ഭൂമി. മൂലധന സ്ബിസിഡി.സ്റ്റാംപ് ഡ്യൂട്ടി സൗജന്യം. പലിശ സബ്‌സിഡി. ജീവനക്കാരുടെ ശമ്പളത്തിൽ മാസം തോറും സബ്‌സിഡി....എന്നിവ.

ഹൈദരാബാദ് മെട്രോ ഉൾപ്പെടെ തെലങ്കാന നേരത്തേതന്നെ നിക്ഷേകരുടെ പറുദീസയാണ്. വാറങ്കലിൽ വലിയൊരു വസ്ത്ര നിർമ്മാണ പാർക്കും തയാറായി വരികയാണ്. തെലങ്കാനയിലെ കാകതിയ മെഗാ ടെക്സ്‌റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സർക്കാരും തമ്മിൽ തത്വത്തിൽ ധാരണയായിക്കഴിഞ്ഞു. തെലങ്കാനയിലെത്തിയ സാബു എം.ജേക്കബിനോടും സംഘത്തോടും ഒരു ദിവസം കൂടി തുടരാൻ സർക്കാർ അഭ്യർത്ഥിച്ചു. ഇന്നു വരാനിരുന്ന സംഘത്തിന്റെ വരവ് നാളത്തേയ്ക്കു നീട്ടിയതായി കിറ്റെക്‌സ് എംഡി അറിയിച്ചു. സർക്കാർ ഉന്നത തല സംഘവുമായി കൂടുതൽ പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുന്നതിനാണ് യാത്ര നീട്ടിവച്ചത് എന്നാണ് വിവരം.

രണ്ടു വർഷത്തിനുള്ളിലാണു ടെക്സ്‌റ്റൈൽ അപ്പാരൽ പദ്ധതിക്കായി 1,000 കോടി മുതൽ മുടക്കുക. 4,000 പേർക്കു തൊഴിൽ ലഭിക്കും. സാബു എം.ജേക്കബും സംഘവും വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണു നിക്ഷേപത്തിനു തീരുമാനമായത്. തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ സംഘം പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി. മന്ത്രിക്കൊപ്പം ഉച്ചഭക്ഷണ ശേഷം ആദ്യ ഘട്ട ചർച്ചയും രാത്രി രണ്ടാം ഘട്ട ചർച്ചയും നടത്തി.

കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, ഇവിടെ നിന്ന് ആട്ടിയോടിക്കുകയാണ്, ചവിട്ടിപ്പുറത്താക്കുകയാണ്. എത്ര കാലം ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ കഴിയും? കേരള സർക്കാരുമായി ഇനിയും ചർച്ചയ്ക്കു തയാറാണെങ്കിലും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിലവിലുള്ള കിറ്റെക്‌സ് സ്ഥാപനങ്ങൾ കൂടി കേരളത്തിനു പുറത്തേക്കു മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും സാബു മുന്നറിയിപ്പു നൽകിയിരുന്നു.