- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ് വോക്സും ഓലി പോപ്പും തിളങ്ങി; ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ടിന് 99 റൺസ് ലീഡ്; രണ്ടാം ഇന്നിങ്ങ്സിൽ മികച്ച തുടക്കവുമായി ഇന്ത്യ; 43/ 0
ഓവൽ: ഇന്ത്യക്കെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ 99 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 290 റൺസിന് മറുപടിയായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസെന്ന നിലയിലാണ്. 20 റൺസോടെ രോഹിത് ശർമയും 22 റൺസുമായി കെ എൽ രാഹുലും ക്രീസിൽ. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത്യക്കിനിയും 56 റൺസ് കൂടി വേണം.
ഇതുവരെ 56 പന്തുകൾ നേരിട്ട രോഹിത് ശർമ രണ്ടു ഫോറുകളോടെയാണ് 20 റൺസെടുത്തത്. ഇതിനിടെ രോഹിത് രാജ്യാന്തര ക്രിക്കറ്റിൽ 15,000 റൺസും പിന്നിട്ടു. കെ.എൽ. രാഹുൽ 41 പന്തുകൾ നേരിട്ട് നാലു ഫോറുകളോടെ 22 റൺസെടുത്തു.
നേരത്തെ, പരമ്പരയിലാദ്യമായി അവസരം ലഭിച്ച ഒലി പോപ്പ്, ക്രിസ് വോക്സ് എന്നിവരുടെ അർധസെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ കരുത്തായത്. 159 പന്തുകൾ നേരിട്ട് ആറു ഫോറുകളോടെ 81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. വോക്സ് 60 പന്തിൽ 11 ഫോറുകളോടെ 50 റൺസെടുത്തു.
62 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിന് ആറാം വിക്കറ്റിൽ ഒലീ പോപ്പ് ബെയർസ്റ്റോ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 89 റൺസാണ്. ഏഴാം വിക്കറ്റിൽ പോപ്പ് മോയിൻ അലി സഖ്യം 71 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലേക്ക് നയിച്ചു. അവസാന വിക്കറ്റിൽ ആൻഡേഴ്സനെ കൂട്ടുപിടിച്ച് 35 റൺസ് കൂട്ടിച്ചേർത്ത ക്രിസ് വോക്സാണ് ഇംഗ്ലിഷ് സ്കോർ 290ൽ എത്തിച്ചത്.
ഇവർക്കു പുറമെ ഇംഗ്ലഷ് നിരയിൽ തിളങ്ങിയത് ഡേവിഡ് മലൻ (67 പന്തിൽ 31), ക്യാപ്റ്റൻ ജോ റൂട്ട് (25 പന്തിൽ 21), ജോണി ബെയർസ്റ്റോ (77 പന്തിൽ 37), മോയിൻ അലി (71 പന്തിൽ 35) എന്നിവർ മാത്രം. ഓപ്പണർമാരായ റോറി ബേൺസ് (5), ഹസീബ് ഹമീദ് (0), ക്രെയ്ഗ് ഓവർട്ടൻ (1), ഒലീ റോബിൻസൻ (5) എന്നിവർ നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 19 ഓവറിൽ 76 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
സ്പോർട്സ് ഡെസ്ക്