ന്യൂഡൽഹി: പതിനെട്ടാം വയസ്സിൽ ഒരു പെൺകുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയാത്തതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി ആസാദുദ്ദീൻ ഒവൈസി.

സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ല. 18 വയസായാൽ ഒരു ഇന്ത്യൻ പൗരന് കരാറിൽ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും, പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാനും, എംപിമാരെയും എംഎൽഎമാരെയും തിരഞ്ഞെടുക്കാനും കഴിയും. ആൺകുട്ടികളുടെ വിവാഹ പ്രായപരിധിയും 21-ൽ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിന്റെ മികച്ച ഉദാഹരണമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിൽ ശൈശവവിവാഹം കുറയുന്നത് ക്രിമിനൽ നിയമം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണ്. എന്നിരുന്നാലും, ഏകദേശം 12 ദശലക്ഷം കുട്ടികൾ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും 2005ൽ 26 ശതമാനമായിരുന്ന തൊഴിൽമേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ൽ 16 ശതമാനമായി കുറഞ്ഞുവെന്നും ഒവൈസി കുറ്റപ്പെടുത്തി.

'ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം ഡാറ്റ പങ്കിടാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷേ നിങ്ങൾക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയില്ല. ഇത് എന്ത് തരം യുക്തിയാണ്? അതിനാലാണ് ഇത് തെറ്റായ നടപടിയാണെന്ന് എനിക്ക് തോന്നുന്നത്. എന്റെ കാഴ്ചപ്പാടിൽ, 21 വയസാകുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരാൾക്ക് അവകാശം നൽകണം. സുപ്രീം കോടതി പോലും പറഞ്ഞത് ഇപ്പോൾ സ്വകാര്യത മൗലികാവകാശമാണെന്നാണ്, അതിനാൽ ആരെ വിവാഹം കഴിക്കണമെന്ന് ഒരാൾക്ക് തിരഞ്ഞെടുക്കാം, ഒരു കുട്ടി എപ്പോൾ വേണമെന്ന് ഒരാൾക്ക് തിരഞ്ഞെടുക്കാം' ഒവൈസി പറയുന്നു.

14 വയസായാൽ വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങൾ അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും ഒരാൾക്ക് 16 വയസ്സായാൽ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള നിർദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.