ഹൈദരാബാദ്: തെലുങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാൻ പോവുന്നതെന്ന് ഒവൈസി പ്രതികരിച്ചു. യുപി മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്.

അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനർനാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമർശം.

നാടിന്റെ പേര് മാറ്റേണ്ടവർക്ക് നിങ്ങൾ ഉത്തരം നൽകണമെന്നും ജനങ്ങളോട് ഒവൈസി പറഞ്ഞു. ഞങ്ങൾ പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ഡോണൾഡ് ട്രംപ് മാത്രമാണ് ഹൈദരാബാദിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഴിവായിട്ടുള്ളതെന്നും ഒവൈസി പരിഹസിച്ചു.

ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലേക്ക് ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 150 വാർഡുകളിലാണ് മത്സരം നടക്കുന്നത്. ഡിസംബർ നാലിന് ഫലം വരും.