പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയ്ക്കായി വ്യാഴാഴ്ച യുഡിഎഫ് ചേരാനിരിക്കേ തങ്ങളുടെ നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് (ജെ) പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. വടക്കൻ കേരളത്തിൽ പാർട്ടിക്ക് സീറ്റ് വേണ്ട. അത് കോൺഗ്രസ് എടുത്തോട്ടെ. 12 സീറ്റ് എന്തായാലും പാർട്ടിക്ക് വേണമെന്നും ജോസഫ് മാധ്യങ്ങളോട് പറഞ്ഞു.

കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച വടക്കൻ കേരളത്തിലെ തളിപ്പറമ്പ്, ആലത്തൂർ മണ്ഡലങ്ങൾ കോൺഗ്രസിനു വിട്ടുകൊടുക്കും.രണ്ടു മണ്ഡലങ്ങളിലും കേരള കോൺഗ്രസിനേക്കാൾ കോൺഗ്രസിനായിരിക്കും വിജയസാധ്യത. യുഡിഎഫിൽ 12 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളിൽ രണ്ടെണ്ണം വിട്ടുനൽകുകയും പാലാ സീറ്റ് മാണി സി. കാപ്പൻ മത്സരിക്കുന്നുവെങ്കിൽ അദ്ദേഹത്തിനുവേണ്ടി നൽകുകയും ചെയ്യും. യുഡിഎഫിൽ അടുത്ത ചർച്ച നാളെയാണ്. ഓരോ പാർട്ടികൾക്കും സീറ്റു നിർണയത്തിൽ അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. ചർച്ചയിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്. കേരള കോൺഗ്രസ് സീറ്റുകളിൽ വച്ചുമാറ്റം ആലോചനയിൽ ഇല്ല. തിരുവല്ല സീറ്റ് റാന്നിയുമായി വച്ചുമാറുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. അതിന്റെ ആവശ്യമില്ലെന്നും ജോസഫ് പറഞ്ഞു.

വിജയസാധ്യതയാകും പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ അടിസ്ഥാന ഘടകമാവുകയെന്നും പുതുമുഖങ്ങൾക്കു പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസഫ് പറഞ്ഞു.തിരുവല്ല നിയമസഭ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു തന്നെ അവകാശപ്പെട്ടതാണ്. തിരുവല്ല, റാന്നി മണ്ഡലങ്ങൾ വച്ചുമാറേണ്ട സാഹചര്യം ഇപ്പോഴില്ല. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് തിരുവല്ലയിൽ കരുത്ത് തെളിയിച്ചതാണ്.

മുൻ നഗരസഭ ചെയർമാൻ ജോസ് കെ. മാണി വിഭാഗം ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടതുതന്നെ ഉദാഹരണമാണ്. ജയസാധ്യതയായിരിക്കും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന ഘടകമായി പരിഗണിക്കുകയെന്നും ജോസഫ് പറഞ്ഞു.

യുഡിഎഫ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടും. പിൻവാതിൽ നിയമനം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വർധിപ്പിച്ച ഫീസ് തുടങ്ങിയ വിഷയങ്ങളെല്ലാം യുഡിഎഫിന് അനുകൂലമായ ഘടകമായി മാറും.
റാന്നി ഗ്രാമപഞ്ചായത്തിൽ ബിജെപിയുമായി ചേർന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന്റെ മെംബർ പ്രസിഡന്റായി തുടരുന്നത് ധർമികമായി ശരിയല്ലെന്ന് ജോസഫ് ചൂണ്ടിക്കാട്ടി. ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷിക്കും മുന്നണിക്കും ഇതു പ്രതികൂലമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.