- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഎസിനെ ഒതുക്കിയ ഫോർമാറ്റിൽ നിഷ്പ്രഭനാക്കും; പദവി നൽകാത്തത് പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി; വ്യക്തിപൂജയിൽ പിജെയുടെ വിശ്വസ്തർക്ക് ശാസന; ആർമിക്കാരെ വെറുതെ വിടില്ല; പാർട്ടി കോൺഗ്രസിന് ഒരുങ്ങുന്ന കണ്ണൂരിൽ ചർച്ച സിപിഎമ്മിലെ പി ജയരാജന്റെ അസാന്നിധ്യം
കണ്ണൂർ: പാർട്ടി കോൺഗ്രസിന് ഒരുങ്ങുന്ന കണ്ണൂർ സി.പി. എമ്മിൽ പി.ജയരാജന്റെ അസാന്നിധ്യം അണികൾക്കിടെയിൽ ചർച്ചയാകുന്നു. കഴിഞ്ഞ കുറേക്കാലമായി ജയരാജനെ കണ്ണൂരിലെ പാർട്ടിപൊതുപരിപാടികളിൽ കാണാറേയില്ല.
നേരത്തെ ഐ. ആർ.പി.സിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നുവെങ്കിലും ജീവകാരുണ്യരംഗത്തും അണികൾ പി.ജെയെന്നു വിളിക്കുന്ന ജയരാജന്റെ സാന്നിധ്യം നാമമാത്രമായിരിക്കുകയാണ്. അടുത്ത വർഷം കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്ന പ്രഖ്യാപനമുണ്ടായിരിക്കെ ജയരാജന്റെ അസാന്നിധ്യം പാർട്ടി അണികൾക്കിടെയിൽ സന്ദേഹമുയർത്തിയിട്ടുണ്ട്.
വരുന്ന സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയിൽനിന്നും പൂർണമായി പാർശ്വവത്കരിക്കാൻ സാധ്യതയുള്ള നേതാക്കളിലൊരാളായി ജയരാജൻ മാറിയേക്കുമോയെന്ന ആശങ്കയും അദ്ദേഹത്തിന്റെ ആരാധകർക്കുണ്ട്. തന്നെക്കാൾ ജൂനിയറായ കണ്ണൂരിലെ നേതാക്കളായ വത്സൻ പനോളിയെയും എൻ. ചന്ദ്രനെയും വർഗബഹുജന സംഘടനകളുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർത്തി തിരുവന്തനപുരത്തേക്ക് കൊണ്ടുപോയെങ്കിലും ജയരാജന് ഇപ്പോഴും പുതിയ ചുമതലകളൊന്നും പാർട്ടി നൽകിയിട്ടില്ല.
പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞതിനു ശേഷം വെറും സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി തുടരുകയാണ് പി.ജയരാജൻ. ഇതിനിടെയിൽ മറ്റുള്ളവർക്ക് വർഗബഹുജന സംഘടനകളുടെയും മന്ത്രിമാരുടെ ലാവണങ്ങളിൽ ചുമതലകൾ വാരിക്കോരി നൽകിയപ്പോഴും ജയരാജനെ ഒതുക്കുകയായിരുന്നു. ഒരു കോർപറേഷൻ, ബോർഡ് ചെയർമാൻ സ്ഥാനം പോലും പാർട്ടിയിലെ സീനിയർ നേതാവായ പി.ജയരാജന് നൽകാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ വൈര്യനിര്യാതന ബുദ്ധികാരണമാണെന്ന അടക്കം പറച്ചിൽ പാർട്ടിയിലുണ്ട്.
സി.പി. എമ്മിൽ വിഭാഗീയത കത്തിക്കാളിയ സമയത്ത് വി. എസ് അച്യുതാനന്ദനെ ഒതുക്കിയതിന്റെ അതേ ഫോർമാറ്റിൽ തന്നെയാണ് ജയരാജനെയും നിഷ് പ്രഭനാക്കുന്നത്്. വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെതിരെ നടപടിയെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതാണെങ്കിലും അണികളുടെ രോഷം ഭയന്നാണ് പിന്മാറിയത്. ഇതോടെ ജയരാജനെതിരെ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.
എന്നാൽ കണ്ണൂരിലെ മൂന്ന് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണകമ്മിഷൻ ആരോപണവിധേയനായ ജയരാജന് ക്ലിൻചിറ്റു നൽകിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തരായ ചിലർക്കെതിരെ നടപടിയെടുക്കണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ ജയരാജന്റെ വിശ്വസ്തനായ ഓഫിസ് ജീവനക്കാരനുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്.
ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പി. ജയരാജനെ വ്യക്തിപരമായി പ്രസ്ഥാനത്തെക്കാളും മുകളിലേക്ക് ഉയർത്തിക്കാട്ടാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പ്രധാനകണ്ടെത്തൽ. അന്വേഷണ കമ്മിഷന്റെ ശുപാർശയെ തുടർന്ന് ജില്ലാകമ്മിറ്റി ഓഫിസ് ജീവനക്കാരുൾപ്പെടെയുള്ളവർക്ക് പാർട്ടി താക്കീത് നൽകിയിട്ടുണ്ട്.
വ്യക്തിപൂജാവിവാദത്തിൽ അന്വേഷണം നടത്താനായി പാർട്ടി നിയോഗിച്ച ടി. ഐ മധുസൂദനൻ, എ. എൻ ഷംസീർ, എൻ ചന്ദ്രൻ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച അമ്പാടി മുക്ക് സഖാവും പി.ജെയുടെ ചങ്കുമായ എൻ. ധീരജ് കുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ധീരജ് കുമാർ രാജിവെച്ചതിനെ തുടർന്നായിരുന്നു നടപടി. പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിപീടിക ബ്രാഞ്ചിൽ നിന്നുമാണ് ധീരജ്കുമാറിനെ പുറത്താക്കിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദമുണ്ടായതിനെ തുടർന്ന് കൂത്തുപറമ്പ് മൂന്ന്നിരത്തിൽ ഡി.വൈ. എഫ്. ഐ പ്രചരണ ജാഥനടക്കുമ്പോൾ ഫ്യൂസ് ഊരിയ സംഭവത്തിൽ ജാഗ്രതകാട്ടിയില്ലെന്നു ആരോപിച്ച് ജയരാജന്റെ മറ്റൊരു വലങ്കൈയും സി.പി. എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയായ പി. എം മധുസൂദനെയും തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു.
ഇതിനു പുറമേ ജയരാജനെ ഉയർത്തിക്കാട്ടി പോസ്റ്റുകളിടുന്ന പി.ജെ ആർമിയും പാർട്ടി നിലപാട് ശക്തമാക്കിയതിനെ തുടർന്ന് പേരുമാറ്റിയിരുന്നു. ഇപ്പോൾ റെഡ് ആർമിയെന്ന പേരിൽ അറിയപ്പെടുന്ന ഇവർ സോഷ്യൽ മീഡിയിയിൽ പ്രൊഫൈൽ ചിത്രം മാറ്റിയാണ് പ്രവർത്തിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്