- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീ എം മതാതീതനായ ആത്മീയ നേതാവ്; യോഗ കേന്ദ്രത്തിനായി ഭൂമി നൽകിയതിനെപ്പറ്റി പറയേണ്ടത് സർക്കാർ; ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ; സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്ക്; എം വി ഗോവിന്ദൻ പറഞ്ഞതിനെ തള്ളി പി ജയരാജൻ
കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തുന്നതിനും സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് പി ജയരാജൻ. സിപിഎം-ആർഎസ്എസ് ചർച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ചാണ് ജയരാജന്റെ വാക്കുകൾ. ഇത്തരമൊരു ചർച്ചയെ സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം-ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന് നേരത്തെ സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
നാടിന്റെ സമാധാനം നിലനിർത്താനായിരുന്നു യോഗം. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്. എം അറിയപ്പെടുന്ന ആത്മീയ ആചാര്യനാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.യു ഡി എഫ്- ആർ എസ് എസ് ബാന്ധവം മറച്ചുവയ്ക്കാനാണ് ഉഭയകകക്ഷി ചർച്ചയെ ആർ എസ് എസ് വേറെ രീതിയിൽ ചിത്രീകരിക്കുന്നത്. നാടിന്റെ സമാധാനത്തിന് ഏത് വ്യക്തി മുൻകൈയെടുത്താലും സി പി എം അതുമായി സഹകരിക്കും. രക്തചൊരിച്ചിൽ അവസാനിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമെന്നും ജയരാജൻ വ്യക്തമാക്കി.
നമ്മുടെ നാട്ടിൽ സംഘർഷ രഹിതമായ ഒരു അന്തരീക്ഷം ആഗ്രഹിച്ചുകൊണ്ടാണ് ശ്രീ എം മുൻകൈയെടുത്ത് ചർച്ച നടത്തിയത്. ആ ചർച്ചയെ സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ട ലാക്കോടെയാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദ ശക്തികളാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി സമാധാന യോഗത്തിന്റെ തീരുമാനമാണ് സംഘർഷത്തിൽ ഭാഗഭാക്കുകളായ പാർട്ടികൾ തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തണം എന്നത്. ശ്രീ എം മുൻകൈ എടുത്തും അല്ലാതെയും അത്തരം ചർച്ചകൾ നടന്നിട്ടുണ്ട്.
ചർച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആർഎസ്എസ് നേതാക്കളെയും സിപിഎം നേതാക്കളെയും കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും തുടർന്ന് കണ്ണൂരും ചർച്ചകൾ നടത്തിയത്. ചർച്ചയിൽ സമാധാനഭംഗം ഉണ്ടാകാതിരിക്കാൻ ഇടപെടലുണ്ടാകണമെന്നു തീരുമാനമെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരം തലശ്ശേരിയിലും സമാധാന യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും പ്രാദേശികമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എല്ലാ കക്ഷികളും പങ്കെടുത്ത പദയാത്ര നടത്തിയിരുന്നു. ആ യാത്രയിൽ കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, സിപിഎം, സിപിഐ നേതാക്കൾ, ലീഗ് നേതാവായ ഇ.ടി മുഹമ്മദ് ബഷീർ എന്നിവരൊക്കെ പങ്കെടുത്തിരുന്നു. മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ആർഎസ്എസുമായി സിപിഎമ്മിന് ആശയപരമായ എതിർപ്പുണ്ട്. ആ ആശയ സംഘട്ടനം ഇപ്പോഴും തുടരുന്നുണ്ട്. കോൺഗ്രസാണ് ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നത്. 1991ൽ കോലീബി സഖ്യത്തിന്റെ ഭാഗമായി നടന്നിട്ടുള്ള രഹസ്യ ചർച്ചയെക്കുറിച്ച് ബിജെപി നേതാവ് കെജി മാരാരുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ ഒരധ്യായത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം-ആർഎസ്എസ് നേതാക്കൾ തമ്മിലുള്ള ചർച്ചയ്ക്ക് ആത്മീയാചാര്യൻ ശ്രീ എം മധ്യസ്ഥത വഹിച്ചതായുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ചർച്ച നടന്നതായി ശ്രീ എം വ്യക്തമാക്കി. ആശയപരമായ കാര്യങ്ങളിൽ ആർ എസ് എസും സി പി എമ്മും ഭിന്നധ്രുവങ്ങളിലാണ്. അത് ഇപ്പോഴും തുടരുകയാണ്. അതിനെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർ എസ് എസിനോട് കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ്. മതാതീതമായ ആത്മീയ നേതാക്കൾ കേരളത്തിലുണ്ടെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ