- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രിക പത്രത്തിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി പി കെ കുഞ്ഞാലിക്കുട്ടി; വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനെന്ന് ലീഗ് നേതാവ്; കെ ടി ജലീൽ ഉന്നയിച്ച ആരോപണം കുഞ്ഞാലിക്കുട്ടിക്ക് വിനയാകുമ്പോൾ
കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകൾ മുൻ മന്ത്രി കെ.ടി.ജലീൽ ഇ.ഡിക്ക് കൈമാറിയതിനു പിന്നാലെയാണ് പി.കെ.കുഞ്ഞാലിക്കുട്ടി കൊച്ചിയിൽ ഇ.ഡിക്കു മുന്നിൽ എത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ മകനെയും മറ്റൊരു ദിവസം ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.
വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനാണെന്നും ആക്ഷേപത്തിൽ വ്യക്തത വരുത്തുമെന്നും പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാർത്തകളിൽ വ്യക്തത വരുത്താൻ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിൽ അറിയാവുന്ന കാര്യങ്ങൾ പറയാനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലകേസുകളിലെയും പോലെ ഇതിലും രാഷ്ട്രീയമുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രം നടത്തിപ്പ് എഴുതിവെച്ച പോലെ നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടിവരും. അതിലപ്പുറമൊന്നും ചന്ദ്രികക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായി മറുപടി പറയാനാകുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത നടപടികൾ പാർട്ടി വിശദമായി ചർച്ചചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.
ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു ഹൈക്കോടതിയിൽ പരാതി നൽകിയത്.
തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. നേരത്തെ പരാതിക്കാരനേയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ ഇ.ഡി വിളിപ്പിച്ചിരുന്നു. ചന്ദ്രികയുടെ മറവിൽ നടന്ന ഭൂമി ഇടപാടുകൾ അടക്കമുള്ള ബിനാമി ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിളിപ്പിച്ചിരിക്കുന്നത്. കെ.ടി. ജലീൽ അടക്കമുള്ളവർ ഈ ആരോപണം ഉന്നയിച്ചിരുന്നു. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ