- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സർക്കാർ നിലപാട് അംഗീകരിക്കില്ല; സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു, ഇപ്പോൾ അത് ഇല്ലാതാക്കിയതും ഇടതു സർക്കാർ; സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യില്ല; വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ രണ്ട് ചേരി രൂപപ്പെട്ടതോടെ വിവാദത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു മുസ്ലിംലീഗ് രംഗത്തെത്തി. നിലപാട് വിശദീകരിക്കാൻ ലീഗ് വാർത്തസമ്മേളനം വിളിച്ചു. നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാ അടിസ്ഥാനത്തിലാക്കിയ ഇടത് സർക്കാർ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. നേരത്തെ സതീശന്റെ നിലപാടിനെ തള്ളിക്കളഞ്ഞതിന് ശേഷമായിരുന്നു ഈ വിമർശനം.
സർക്കാർ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് സതീശൻ പറഞ്ഞതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കൂടുതൽ വ്യക്തത വേണമെങ്കിൽ സതീശൻ തന്നെ പ്രതികരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചർച്ച സർക്കാർ മുൻകൈ എടുത്തുകൊണ്ടുവരികയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഒരു സ്കോളർഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ചതാണ് സച്ചാർ കമ്മീഷൻ. ആ കമ്മീഷൻ നിർദേശിച്ച ശുപാർശകൾ നടപ്പിലാക്കാൻ കേരളത്തിൽ ഇടത് സർക്കാർ പാലോളി കമ്മീഷൻ രൂപീകരിച്ചു.
അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചർച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങൾക്ക് ഒരു കമ്മീഷൻ വെച്ച് മറ്റൊരു സ്കീം കൊണ്ടുവന്നാൽ മതി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോൾ ഇല്ലാതാക്കുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങൾ ഉയർത്തിക്കാണിക്കുന്നത്. സച്ചാർ കമ്മീഷൻ ബന്ധപ്പെട്ട സമുദായത്തിനും മറ്റു ന്യൂനപക്ഷങ്ങൾ മറ്റു പദ്ധതികളും ആവശ്യപ്പെട്ട് രേഖമൂലം ഞങ്ങൾ മുഖ്യമന്ത്രിക്ക് കത്തുകൊടുത്തതാണ്. സർക്കാർ അത് ചെയ്യാതെ അനാവശ്യമായ ചർച്ച നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങൾ നിയമസഭയിലടക്കം എതിർക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാർ കമ്മീഷൻ നിർദ്ദേശം തള്ളികളയുന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാർട്ടിക്കും അംഗീകരിക്കാനാകില്ല' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സർക്കാർ നടപടിയെ ആദ്യം സ്വാഗതം ചെയ്ത വി.ഡി സതീശൻ ലീഗ് അതൃപ്തി അറിയിച്ചതോടെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്നാണ് ഇന്ന് പറഞ്ഞത്. ലീഗിന്റെ പരാതി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സർക്കാർ നടപടിയെ വി ഡി സതീശൻ സ്വാഗതം ചെയ്തിരുന്നു. സർക്കാർ തീരുമാനത്തെ ഭാഗികമായി ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് സതീശൻ പറഞ്ഞു. യുഡിഎഫ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടയാണ് നിലപാടടെടുത്തതെന്നും അദ്ദേഹം വ്യക്മതാക്കി. അതേ സമയം മുസ്ലിം ലീഗിന്റെ പരാതി സർക്കാർ കേൾക്കണമെന്ന് പറഞ്ഞ സതീശൻ ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും പറഞ്ഞു.
എന്നാൽ സർക്കാർ നടപടിക്കെതിരെ സമരപ്രഖ്യാപനവുമായി ഇറങ്ങിയ മുസ്ലിംലീഗ് സതീശന്റെ പ്രസ്താവനയോടെ വെട്ടിലായി. ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ലീഗ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശൻ പറഞ്ഞതോടെ ലീഗ് കൂടുതൽ പ്രതിരോധത്തിലായി.
ഏതെങ്കിലും സമുദായത്തിന് നഷ്ടമുണ്ടായോ എന്ന് ഇന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എക്സ്ക്ലൂസീവായിട്ട് മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാർക്ക് കിട്ടിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നു അതില്ലാതായി. അതാണ് മുസ്ലിം ലീഗ് ഉയർത്തുന്ന പ്രധാന പ്രശ്നം. അവരുടെ പരാതി പരിഗണിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതിനകത്ത് തീരുമാനമെടുക്കുന്നത്. രണ്ട് സമുദായങ്ങൾ തമ്മിൽ ഒരു കാരണവശാലും സംഘർഷമുണ്ടാകാൻ പാടില്ല. അത്തരത്തിലുള്ള പൊതു നിലപാടാണ് എടുക്കുന്നത്'.
മറുനാടന് മലയാളി ബ്യൂറോ