- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശ
പത്തനംതിട്ട: ആറന്മുള സീറ്റ് കിട്ടാത്തതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ പി മോഹൻരാജ് ദിവസങ്ങൾക്കകം പാർട്ടിയിൽ തിരിച്ചെത്തി. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ വന്ന ഉമ്മൻ ചാണ്ടിയുമായി നടന്ന ചർച്ചയെ തുടർന്നാണ് മോഹൻരാജ് പാർട്ടിയിൽ തിരികെ എത്തിയത്. ഇന്ന് രാവിലെ 11 ന് റോയൽ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ് കൺവൻഷൻ. ഉദ്ഘാടനത്തിനെത്തുന്ന ഉമ്മൻ ചാണ്ടി മോഹൻരാജിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ശിവദാസൻ നായർ തന്നെയാണ് രാവിലെ വീട്ടിലെത്തി മോഹൻരാജിനെ അറിയിച്ചത്. ഡിസിസിയിലെത്തിയ മോഹൻരാജിനെയും ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെയും കൂട്ടി ഒരു മുറിയിൽ ഉമ്മൻ ചാണ്ടി 15 മിനുട്ടോളം ചർച്ച നടത്തി.
അതിന് ശേഷം പുറത്തു വന്ന മോഹൻരാജ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു. മോഹൻരാജിനെ അനുനയിപ്പിക്കാൻ എന്തു പൊടിക്കൈയാണ് ഉമ്മൻ ചാണ്ടി പ്രയോഗിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്തായാലും കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മോഹൻരാജ് വിഴുങ്ങിയെന്നാണ് സൂചന. മോഹൻരാജിനെ റാഞ്ചാൻ വട്ടം ചുറ്റി നടന്ന സിപിഎമ്മിനും ബിജെപിക്കും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ തിരിച്ചടിയായി.
കോൺഗ്രസിൽ നിന്ന് രാജി വച്ചതിന് പിന്നാലെ ബിജെപി നേതൃത്വം മോഹൻരാജിനെ ക്ഷണിച്ചിരുന്നു. സിപിഎം നേതാക്കളുമായി ഫോണിലും അദ്ദേഹം സംസാരിച്ചിരുന്നു. എന്തായാലും താൻ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയ മോഹൻരാജ് മരണം വരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നാണ് സിപിഎം നേതാക്കളോട് പറഞ്ഞത്. ആറന്മുളയിൽ സീറ്റ് നൽകാമെന്നും വർക്ക് തുടങ്ങിക്കോളാനും മോഹൻരാജിനോട് നേതൃത്വം പറഞ്ഞിരുന്നു. അവസാന നിമിഷം സീറ്റ് ശിവദാസൻ നായർക്ക് കൊടുത്തതും കോന്നിയിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ തന്റെ കാലുവാരിയ റോബിൻ പീറ്റർക്ക് സീറ്റു കൊടുത്തതുമാണ് മോഹൻരാജിന്റെ രാജിക്ക് ആധാരമായത്. വളരെയധികം വികാരാധീനനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
ആറന്മുള സീറ്റ് ചർച്ച പുരോഗമിക്കുന്നതിനിടെ കെ. ശിവദാസൻ നായർ മോഹൻരാജിനെ വീട്ടിൽ സന്ദർശിച്ചിരുന്നു. തനിക്ക് ഇത്തവണ കൂടി ആറന്മുളയിൽ മത്സരിക്കണമെന്നായിരുന്നു ശിവദാസൻ നായരുടെ ആവശ്യം. സ്നേഹപൂർവം മോഹൻരാജ് അത് നിരസിച്ചു. മൂന്നു തവണ മത്സരിക്കുകയും രണ്ടു തവണ എംഎൽഎയാവുകയും ചെയ്ത ശിവദാസൻ നായരോട് തനിക്ക് ഇനി അവസരമില്ലെന്നും സീറ്റ് വേണ്ടെന്ന് ഒരിക്കലും പറയില്ലെന്നും പാർട്ടി ഒഴിവാക്കുന്നെങ്കിൽ ഒഴിവാക്കട്ടെ എന്നുമാണ് മോഹൻരാജ് പറഞ്ഞതത്രേ.
പാർലമെന്ററി രംഗത്ത് കെ. ശിവദാസൻ നായർ നേരിട്ട ശക്തമായ തിരിച്ചടിയായിരുന്നു ആറന്മുളയിൽ 2016 ലെ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനോട് ഏറ്റു വാങ്ങിയ തോൽവി. പാർട്ടിക്കുള്ളിൽ ഒരു വിഭാഗം തന്നെ കാലുവാരിയതാണെന്ന് വേദനയോടെ മനസിലാക്കിയ ശിവദാസൻ നായർ ആദ്യം പൊട്ടിത്തെറിച്ചു. പിന്നെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീണയുടെ സമുദായം പറഞ്ഞുള്ള വോട്ടു പിടിത്തം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നൽകി. ആദ്യമൊക്കെ കേസ് ജയിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഹർജി കോടതി തള്ളിയതോടെ മൂന്നു വർഷം നീണ്ട രാഷ്ട്രീയ വനവാസത്തിലായി ശിവദാസൻ നായർ. ഇനിയും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണ്ട എന്ന കുടുംബാഗംങ്ങളുടെ നിർബന്ധവും ശിവദാസൻ നായർക്ക് അനുസരിക്കേണ്ടി വന്നു. പത്തനംതിട്ട കോടതിയിൽ കേസുമൊക്കെയായി അദ്ദേഹം സജീവമായി.
അങ്ങനെ ഇരിക്കേയാണ് 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നത്. ശബരിമല വിഷയം സജീവമായ ജില്ലയിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ വരുന്നതും വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥിയായതും ആന്റോ ആന്റണിക്ക് തിരിച്ചടിയാകുമെന്ന് കണ്ട് പ്രചാരണത്തിന് നേതൃത്വം നൽകാൻ ഉമ്മൻ ചാണ്ടിയാണ് ശിവദാസൻ നായരെ വീണ്ടും കളത്തിൽ ഇറക്കിയത്. ആന്റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ശിവദാസൻ നായർക്ക് വീണ്ടും ആറന്മുള സീറ്റിലേക്ക് പ്രതീക്ഷ നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അംഗം പി മോഹൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടം എന്നിവരുടെ പേരുകൾ പലപ്പോഴായി മണ്ഡലത്തിൽ ഉയർന്നെങ്കിലും ശിവദാസൻ നായർക്ക് കുലുക്കമൊന്നുമുണ്ടായില്ല. കഴിഞ്ഞ തവണ ശിവദാസൻ നായരെ കാലുവാരിയ പാർട്ടിക്കാർ ഇപ്പോഴും സജീവമാണ്. പത്തനംതിട്ടയിൽ ഘടക കക്ഷിയായ മുസ്ലിം ലീഗ് കട്ടക്കലിപ്പിലും. കടുത്ത വെല്ലുവിളി തന്നെ ശിവദാസൻ നായർക്ക് നേരിടേണ്ടി വരും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്