- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്വന്തം സ്ഥലം വീടുവെച്ചു നൽകിയ മനുഷ്യസ്നേഹി; രാജ്യത്തിന് പയ്യോളി എക്സ്പ്രസിനെ സമ്മാനിച്ച ദ്രോണാചാര്യർ; ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും കണ്ണു നിറയുന്ന വ്യക്തി; കായിക കേരളത്തിന് തിലക കുറിയായി ഒ എം നമ്പ്യാരുടെ പത്മശ്രീ
കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റായ പി ടി ഉഷയുടെ കോച്ചായി മാധവൻ നമ്പ്യാരെ ലോകം മുഴുവൻ അറിയും. പയ്യോളി എക്സ്പ്രസിനെ ലോകത്തിന് സമ്മാനിച്ച വ്യക്തിയാണ് നമ്പ്യാർ. എന്നാൽ, വ്യക്തിജീവിതത്തിൽ നന്മയുടെ നിറകുടം കൂടിയാണ് അദ്ദേഹം. നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്ഥലം നൽകിയ നാട്ടുകാരുടെ സ്വന്തം നമ്പാളാണ് അദ്ദേഹം. പയ്യോളിക്കടുത്ത് മീനത്തുകരയിലെ ഒതയോത്ത് വീടിന്റെ കാരണ്യം അനുഭവിച്ചവർ നിരവധിയാണ്.
വെളുത്തനും എലങ്കറിനും ജാനുവിനും ശശിക്കും കോച്ച് നമ്പ്യാർ അതൊക്കെയാണ്. രണ്ടര ഏക്കറോളം കീഴുരിലെ ഏഴ് നിർധന കുടുംബങ്ങൾക്ക് നമ്പ്യാർ മൂന്നു മുതൽ പത്ത് സെന്റ് വരെ ഭൂമി പതിച്ചു നൽകി. അവരുടെ വീടുകൾക്കടുത്ത് വാട്ടർ ടാങ്കിനും വോളിബോൾ കോർട്ടിനും അയ്യപ്പ ഭജനമഠത്തിനും കബ്ബിനും സ്ഥലം നൽകി. ഇന്റർനെറ്റ് സൗകര്യത്തോടു കൂടി വിജ്ഞാന വേദി നിർമ്മിക്കാനും നമ്പ്യാരുടെ കരുണയുണ്ടായി. ഇങ്ങനെ രണ്ടരയേക്കറോളം വരുന്ന പറമ്പിൽ ഒരേക്കറോളം നമ്പ്യാർ ഇങ്ങനെ സൗജന്യമായി പതിച്ചു നൽകിയിട്ടുണ്ട്. കായിക ലോകത്തെ മത്സരത്തിന്റെ സ്പിരിറ്റൊന്നും അദ്ദേഹത്തിനില്ല. ലോകാ സമസ്ത സുഖിനോ ഭവന്ദു എന്ന ആശയത്തിലാണ് നമ്പ്യാരിന്ന്.
മലയാളിയുടെ അഭിമാനമായ പയ്യോളി എക്സ്പ്രസിനെ വാർത്തെടുത്ത മാധവൻ നമ്പ്യാരെ പത്മ ശ്രീ നൽകി ആദരിക്കുമ്പോൾ അൽപ്പം വൈകിപ്പോയോ എന്ന് മലയാളികൾ ചോദിച്ചാൽ അതിൽ അത്ഭുതമില്ല. അദ്ദേഹത്തിന് നേരത്തെ പത്മ പുരസ്ക്കാരം ലഭിക്കേണ്ടതായിരുന്നു എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ചെറുപ്പം മുതൽ തന്നെ ഓട്ടക്കാരൻ. ഗുരുവായൂരപ്പൻ കോളേജിലെ അത്ലറ്റിക്സ് ചാമ്പ്യൻ. അങ്ങനെ 'കോച്ച് നമ്പ്യാർ'ക്ക് വിശേഷണങ്ങൾ ഏറെയാണ്.
അത്ലറ്റിക്സിനോട് ചെറുപ്പം മുതൽ തന്നെ താത്പ്പര്യം ഉണ്ടായിരുന്ന നമ്പ്യാർ 1955ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സർവീസസിനെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവിടെയാണ് നമ്പ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടായത്.
തനിക്ക് സാധിക്കാത്തത് തന്നിലെ പരിശീലകനിലൂടെ സാധിക്കുക എന്ന തീരുമാനമാണ് നമ്പ്യാർ പി.ടി ഉഷയിലൂടെ സാക്ഷാത്ക്കരിച്ചത്. സ്പോർട്സ് കൗൺസിൽ പരിശീലകനായതോടെയാണ് പി.ടി ഉഷ നമ്പ്യാരുടെ ശിക്ഷണത്തിൽ എത്തുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. മെഡലുകൾ വാരിക്കൂട്ടിയ ഗുരു-ശിഷ്യ ബന്ധം ലോകപ്രശസ്തമായി. അങ്ങനെ 1985ൽ അദ്ദേഹം പ്രഥമ ദ്രോണാചാര്യ പുരസ്കാരവും കരസ്ഥമാക്കി.
ജീവിതത്തിൽ ഒരു നഷ്ടമായി നമ്പ്യാർ ഇന്നും കണക്കാക്കുന്നത് ഒളിമ്പിക്സ് മെഡൽ നഷ്ടമായപ്പോഴാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണു നിറയും. കാലിഫോർണിയയിൽ നടന്ന പ്രീ-ഒളിമ്പിക്സ് മീറ്റിൽ ഉഷ മികച്ച പ്രകടനത്തോടെ സ്വർണം നേടിയതോടെ ഉഷ ശ്രദ്ധാകേന്ദ്രമായി. ഉഷ സ്വർണം നേടുമെന്നായിരുന്നു പ്രവചനം. ഒരു മെഡൽ നമ്പ്യാരും ഉറപ്പിച്ചതാണ്. 'ഫൈനലിൽ വെടിയൊച്ച മുഴങ്ങിയപ്പോൾ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാർട്ട്. പക്ഷെ ഓസ്ട്രേലിയൻ അത്ലറ്റ് ഫൗൾ ആയതുകൊണ്ട് റീസ്റ്റാർട്ട് വേണ്ടി വന്നു.
രണ്ടാമത്തെ സ്റ്റാർട്ട് അത് മെച്ചമായില്ല. എങ്കിലും ഫിനിഷിങ് കഴിഞ്ഞപ്പോൾ ഉഷക്കാണ് വെങ്കലമെന്നാണ് കരുതിയത്. പക്ഷെ ഫോട്ടോ ഫിനിഷിങ്ങിൽ ഉഷ നാലാമതായി പോയി. ഞാൻ നിരാശ കൊണ്ട് നിലത്തു കിടന്നുപോയി. ആ കിടപ്പ് എത്ര നേരം തുടർന്നുവെന്ന് എനിക്കോർമയില്ല. ആദ്യ സ്റ്റാർട്ട് ഓസ്ട്രേലിയക്കാരി ഫൗൾ ആക്കിയില്ലായിരുന്നെങ്കിൽ ഉഷ മെഡൽ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്. '- ഒരിക്കലും അവസാനിക്കാത്ത നഷ്ട ബോധത്തോടെ നമ്പ്യാർ പറയുന്നു.
ചെറുപ്പത്തിലേ ഓട്ടക്കാരനായിരുന്നു മാധവൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. ട്രാക്കിൽ നമ്പ്യാരുടെ മിടുക്ക് കണ്ട കോളേജ് പ്രിൻസിപ്പൽ മാധവനോട് പറഞ്ഞു, ' നിനക്കു നല്ലത് പട്ടാളമാണ്.' പ്രിൻസിപ്പലിന്റെ ഉപദേശം സ്വീകരിച്ച നമ്പ്യാർ ചെന്നൈയിലേക്ക് വണ്ടി കയറി. പക്ഷെ താംബരത്തെ എയർ ഫോഴ്സ് റിക്രൂട്ടിങ് സെന്ററിൽ എത്തുമ്പോഴേക്കും റിക്രൂട്ട്മെന്റിനുള്ളവർ അകത്തുകയറിക്കഴിഞ്ഞിരുന്നു. ഇനിയാർക്കും പ്രവേശനമില്ലെന്ന് പുറത്തെ കാവൽക്കാർ പറഞ്ഞു. നമ്പ്യാർ പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
സെർട്ടിഫിക്കറ്റുകൾ മാറത്തടക്കിപ്പിടിച്ച് രണ്ടടി പിന്നോട്ടടിച്ച് ബാരിക്കേഡ് ചാടിക്കടന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാവൽ നിന്നിരുന്ന സിപ്പായിമാർ തിരിച്ചറിയും മുമ്പ് ഉദ്യോഗാർഥികളുടെ കൂട്ടത്തിൽ കയറി നിന്നു. ആ ഒരു ചാട്ടമാണ് മാധവന്റെ ജാതകം കുറിച്ചത്. 1955-ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ച മാധവൻ അവിടെയും അറിയപ്പെടുന്ന കായികതാരമായി. സർവീസസിനെ പ്രതിനികരച്ച് ദേശീയ മീറ്റുകളിൽ മികവു കാണിച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ല.
ആ നിരാശ മാറ്റാനാണ് നമ്പ്യാർ പരിശീലകനാവാൻ തീരുമാനിച്ചത്. പാട്യാലയലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർടിസിൽ ചേർന്നു. അവിടുത്തെ ട്രെയ്നിങ് പൂർത്തിയാക്കി കോച്ചിങ് ലൈസൻസ് നേടിയെത്തിയ നമ്പ്യാർ സർവീസസിന്റെ കോച്ചായി. അതിനടയിലാണ് കേരളാ സ്പോർട്സിന്റെ പിതാവായ കേണൽ ഗോദവർമ രാജ നമ്പ്യാരെ കേരളത്തിലേക്ക് പരിശീലകനായി ക്ഷണിച്ചത്. നാട്ടിൽ വന്ന് ഗോദവർമ്മയെ കണ്ട് സപോർട്സ് കൗൺസിൽ കോച്ചായി ചേർന്നു.
സ്പോർട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാർ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെൺകുട്ടി. ഉഷക്ക് സെലക്ഷൻ കിട്ടി. ഉഷയും നമ്പ്യാരും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തി. പിന്നീടെല്ലാം ചരിത്രമാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ എണ്ണിയാലൊടുങ്ങാത്ത മെഡലുകൾ. ഇന്ത്യൻ കായിക രംഗത്ത് തന്നെ ഏറ്റവും അധികം വിജയങ്ങൽ കൊണ്ടു വന്ന ഗുരു-ശിഷ്യ ബന്ധമായി അത്.
ഉഷ അന്താരാഷ്ട്ര മൽസരങ്ങളിൽ നേടിയത് നൂറിലധികം മെഡലുകൾ. 1986-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ഉഷ ചരിത്രമെഴുതി. ജക്കാർത്തയിൽ ഉഷ നേടിയത് അഞ്ച് സ്വർണമടക്കം ആറു മെഡലുകൾ. ഇന്ത്യ അന്ന് മൊത്തം നേടയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത്, 'ഇങ്ങനെയാണെങ്കിൽ ഉഷയും നമ്പ്യാരും മാത്രം പോയാൽ മതിയായിരുന്നല്ലോ?' എന്നാണ്.
ഉഷയുടെ നേട്ടങ്ങൾക്ക് പിന്നിൽ വയർപ്പൊഴുക്കിയ നമ്പ്യാർക്ക് എന്ത് പ്രതിഫലം നൽകുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകർക്കായി ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. അങ്ങനെ ഇന്ത്യൻ കായിക ചരിത്രത്തിൽ പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവെന്ന നിലയിൽ നമ്പ്യാരുടെ പേര് എഴുതിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ