- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ; രണ്ട് ഇന്ത്യാക്കാർ അന്താരാഷ്ട്ര ഭീകരരെന്ന് ആരോപിച്ചെങ്കിലും കയ്യിൽ തെളിവുകൾ ഒന്നുമില്ല; അങ്കാര അപ്പാജിയേയും ഗോബിന്ദ് പട്നായികിനെയും ഭീകരരാക്കാനുള്ള പ്രമേയത്തെ എതിർത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും ബെൽജിയവും; ഉപരോധ ഉപസമിതിയിൽ മതവും രാഷ്ട്രീയവും കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് ടി.എസ്. തിരുമൂർത്തി
ന്യൂയോർക്ക്: അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ. രണ്ട് ഇന്ത്യക്കാരെ അന്താരാഷ്ട്ര ഭീകരരായി മുദ്രകുത്താനുള്ള പാക് ശ്രമമാണ് പാളിയത്. അഫ്ഗാനിസ്ഥാനിൽ ഭീകരർക്കു പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് അങ്കാര അപ്പാജി, ഗോബിന്ദ് പട്നായിക് എന്നിവർക്കെതിരെയാണ് യുഎൻ രക്ഷാസമിതിയുടെ 1267 ഉപരോധ ഉപസമിതിയിൽ പാക്കിസ്ഥാൻ പ്രമേയം കൊണ്ടുവന്നത്. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച പാക്കിസ്ഥാന് സമിതി മുമ്പാകെ ഹാജരാക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ല. ഇതോടെ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർക്കുകയായിരുന്നു. പാക്കിസ്ഥാന്റെ നീക്കം തടഞ്ഞ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും യുഎൻ രക്ഷാസമിതിയുടെ സ്ഥിരം അംഗങ്ങളും ജർമ്മനിയും ബെൽജിയവും താൽകാലിക അംഗങ്ങളുമാണ്.
2017 ഫെബ്രുവരി 13ന് ലഹോറിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ അന്ന് കാബൂളിൽ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അപ്പാജി അങ്കാരയാണെന്നായിരുന്നു പാക്ക് ആരോപണം. 2018 ജൂലായ് 13ന് നടന്ന സ്ഫോടന പരമ്പരയിലാണ് ഗോബിന്ദ് പട്നായിക്കിന് പങ്കുണ്ടെന്ന് ആരോപണം. അന്ന് അഫ്ഗാനിസ്ഥാനിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു ഗോബിന്ദ് പട്നായിക്. നിശ്ചിത സമയത്തിനുള്ളിൽ ഇവർക്കെതിരെയുള്ള തെളിവുകൾ യുഎൻ രക്ഷാസമിതിയിൽ ഹാജരാക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല. ഇതോടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ബെൽജിയം എന്നിവർ പാക്കിസ്ഥാനോട് വിയോജിക്കാൻ തീരുമാനിക്കുകയായിരുന്നു.
1267 ഉപരോധ ഉപസമിതിയിൽ മതവും രാഷ്ട്രീയവും കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ഈ നീക്കത്തെ പരാജയപ്പെടുത്തിയ അംഗരാജ്യങ്ങൾക്ക് നന്ദി പറയുന്നതായും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ്. തിരുമൂർത്തി ട്വീറ്റ് ചെയ്തു. ഈ വർഷം തുടക്കത്തിൽ മറ്റ് രണ്ട് ഇന്ത്യക്കാരായ അജോയ് മിസ്ത്രി, വേണു മാധവ് ഡോംഗാര എന്നിവരെയും ഭീകരരാക്കാൻ പാക്കിസ്ഥാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ കഴിഞ്ഞ വർഷം ഇന്ത്യ നേടിയ വിജയത്തിന്റെ പ്രതികാരമായാണ് പാക്കിസ്ഥാന്റെ നീക്കം കണക്കാക്കപ്പെട്ടിരുന്നത്.
ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടാണ് അസറിനെതിരെയുള്ള യു എൻ നടപടിയെ വിലയിരുത്തപ്പെട്ടത്. അൽ ഖ്വൈദയുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് യു എൻ മസൂദ് അസറിനെതിരെ യു എൻ നടപടി കൈകൊണ്ടത്. ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ടു ആയുധം വിതരണം ചെയ്തതിനും, കൈമാറിയതിനും സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
അതിനിടെ, പാക്കിസ്ഥാന് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് രംഗത്തെത്തി. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സമ്പർക്കപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന സംഘർഷത്തിനിടയിൽ മുതലെടുപ്പ് നടത്തികൊണ്ട് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാനാണ് പാക്കിസ്ഥാന്റെ ഭാവമെങ്കിൽ 'ഭീമമായ നഷ്ടങ്ങൾ' അവർക്ക് സഹിക്കേണ്ടതായി വരുമെന്നാണ് റാവത്ത് ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയ്ക്കെതിരെ ഭീകരവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തുന്ന പാക്കിസ്ഥാന്റെ നിലപാടിനെയും സംയുക്ത സേനാ മേധാവി രൂക്ഷമായി വിമർശിച്ചു. പാക്കിസ്ഥാൻ ജമ്മു കാശ്മീരിലേക്ക് ഭീകരവാദികളെ കടത്തിവിടുകയാണെന്നും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും രാജ്യം തീവ്രവാദം വളർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്തോ-പസിഫിക് പ്രദേശം സംബന്ധിച്ച ഇന്ത്യയുടെ വീക്ഷണങ്ങളെ കുറിച്ചും അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ/സുരക്ഷാ മേഖലകളിലെ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത സംബന്ധിച്ച ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും അദ്ദേഹം സമ്പർക്ക പരിപാടിയിലൂടെ സംസാരിച്ചു.
മറുനാടന് ഡെസ്ക്