- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഖുർആൻ കീറിയെന്ന് ആരോപിച്ച് മനോരോഗിയെ കല്ലെറിഞ്ഞ് കൊന്ന് കെട്ടിത്തൂക്കി; ശ്രീലങ്കൻ പൗരനെ പച്ചക്ക് കത്തിച്ചത് രണ്ടുമാസം മുമ്പ്; മതനിന്ദയുടെ പേരിൽ ആർക്കും ആരെയും കൊല്ലാം; തെളിവില്ലെങ്കിലും കോടതിയും വിധിക്കുന്നത് തൂക്കുകയർ; പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആവുമ്പോൾ!
ഇസ്ലാമബാദ്: നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളെ കേസിൽ കുടുക്കാനും അയാളുടെ ജീവിതം തകർക്കാനും പാക്കിസ്ഥാനിൽ ഒരു എളുപ്പപ്പണിയുണ്ട്. അതാണ് മതനിന്ദ. ഖുർആനെയോ, പ്രവാചകനെയോ അപമാനിച്ചുവെന്ന് ഒരു കഥയുണ്ടാക്കിയാൽ മതി, പിന്നെ രക്ഷയില്ല. ഒന്നുകിൽ ജനം കല്ലെറിഞ്ഞ്കൊന്ന് കെട്ടിത്തുക്കം. അല്ലെങ്കിൽ പച്ചക്ക് കത്തിക്കും. ഇനി കോടതിയിൽപോയാൽ മുൻപിൻ നോക്കാതെയാണ് തൂക്കുകയർ വിധിക്കുക. തെളിവില്ലെങ്കിലും ഇളവില്ല. ആദ്യകാലങ്ങളിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെയായിരുന്നു, ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ മുസ്ലീങ്ങൾപോലും മതനിന്ദാ നിയമത്തിന്റെ ഇരകൾ ആവുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഖനേവാൽ ജില്ലയിൽ, കഴിഞ്ഞ ദിവസം അമ്പത് വയസ്സിലേറെ പ്രായമുള്ള മുഹമ്മദ് മുഷ്താഖിനെയാണ് ഖുർആന്റ പേജുകൾ കീറി എന്നാരോപിച്ച് ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്ന് വൃക്ഷത്തിൽ കെട്ടിതൂക്കിയത് ലോക മനസാക്ഷിയെ നടുക്കിയിരുന്നു. തടയാനെത്തിയ പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു. അതോടെ പേടിച്ച അവർ നോക്കിനിന്നു. കൊല്ലപെട്ടയാൾക്ക് കഴിഞ്ഞ പത്തുവർഷത്തിലേറെയായി മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് കുടുംബം പറയുന്നു. താൻ ഖുർആൻ കത്തിച്ചില്ലെന്ന് മർദ്ദനത്തിലുടനീളം ഇയാൾ വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
കൊലപാതകത്തിന് പിന്നാലെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമികമായി, സംശയമുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും കുറ്റാരോപിതരായ മറ്റ് 85 പേരെ കസ്റ്റഡിയിലെടുത്തതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഖനേവാൽ ജില്ലയിൽ എത്തിയപ്പോൾ, ഇയാളെ ആൾക്കൂട്ടം ആക്രമിച്ച് മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു.കെട്ടിയിട്ട മരത്തിൽ നിന്നും പൊലീസ് രക്തസാംപിൾ ശേഖരിച്ചു. ഇരുമ്പ് ദണ്ഡുകളും വടികളും കോടാലി പോലുള്ള ആയുധങ്ങളും കല്ലേറിനൊപ്പം ആൾക്കൂട്ടം ഉപയോഗിച്ചിരുന്നു.
ഇതിനെതിരെ കർശന നടപടിയെടുക്കാതെ സംഭവം നോക്കിനിന്ന പൊലീസുകാർക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇങ്ങനെ ചെയ്തത് 'എന്റെ പ്രവാചകന്റെ മതം അല്ലെന്ന്' സംഭവുമായി ബന്ധപെട്ട് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി അഷ്രാഫി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് മതനിന്ദ ആരോപിച്ച് ഒരു ശ്രീലങ്കൻ പൗരനെ പച്ചയ്ക്ക് കത്തിച്ചത് പാക്കിസ്ഥാന് അപമാനം ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പക്ഷേ ഇമ്രാൻ അങ്ങനെ പറയുമ്പോഴും മതനിന്ദാകൊലപാതങ്ങൾ പാക്കിസ്ഥാനിൽ വർധിക്കയാണ്.
ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയത് ക്രൂരമായി
ഡിസംബർ ആദ്യവാരം പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ ഫാക്ടറിയിൽ മാനേജരായിരുന്ന ശ്രീലങ്കൻ പൗരനെ സമാനരീതിയിൽ ദൈവനിന്ദ ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാക്കിസ്ഥാനിലെ (ടി.എൽ.പി) അംഗങ്ങളടങ്ങിയ സംഘമായിരുന്നു പ്രിയന്ത കുമാര ദിയവദന എന്ന ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയത്. സിയാൽക്കോട്ടിലെ ഒരു ഫാക്ടറിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു 40കാരനായ പ്രിയന്ത. 'ദൈവനിന്ദ' ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതിന് മുമ്പെ പ്രതികൾ പ്രിയന്തയുടെ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.
ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്തിരുന്ന ടി.എൽ.പിയുടെ പോസ്റ്റർ കീറിക്കളഞ്ഞെന്ന് ആരോപിച്ച് ആൾക്കൂട്ടം പ്രിയന്തയെ ഫാക്ടറിയിൽ കയറിയത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതനിന്ദാ കുറ്റം ആരോപിച്ച് മാനസികപ്രശ്‌നമുള്ള കുറ്റാരോപിതനെ വിട്ടുകിട്ടണം എന്നാർത്തുവിളിച്ച് ജനക്കൂട്ടം പാക്കിസ്ഥാനിലെ ഖൈബർ പഷ്്ത്വൂൻക്വായിൽ ഒരു പൊലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കിയിരുന്നു.
ഇനി മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് കോടതിയിൽ പോയാലും രക്ഷയില്ല. തെളിവല്ലെങ്കിലും കോടതി തൂക്കിക്കൊല്ലും. സ്വന്തം വാട്‌സ്അപ്പ് സ്റ്റാറ്റസിൽ പ്രവാചകൻ മുഹമ്മദിനെ വിമർശനാത്മകമായി ചിത്രീകരിക്കുന്ന പടം ചേർത്തതിന്, മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനിലെ റാവൽപിണ്ടി പ്രാദേശിക കോടതി അനീഖ അതീഖ്എന്ന ഇരുപത്തിയാറുകാരിയെ തൂക്കികൊല്ലാൻ വിധിച്ചത് ജനുവരിയിലാണ്.
വധശിക്ഷ മാത്രമല്ല, 20 വർഷം കഠിന തടവ് കൂടി വിധിച്ചിട്ടുണ്ട്. സ്റ്റാറ്റസ് മാറ്റാനുള്ള ഒരു 'സുഹൃത്തി'ന്റെ നിർദ്ദേശം അനീഖ സ്വീകരിച്ചില്ല എന്നാണ് ആരോപണം. പകരം ചിത്രം അവൾ സുഹൃത്തിന് ഫോർവേഡ് ചെയ്തുവത്രെ. മതവികാരം വ്രണപ്പെട്ട് സുഹൃത്ത് അനീഖയ്‌ക്കെതിരെ പരാതിപെട്ടതിനെ തുടർന്ന് 2020 മേയിൽ അനീഖ അറസ്റ്റ് ചെയ്യപെട്ടു. മുഹമ്മദിന്റെ ചിത്രം എന്ന പേരിൽ ആരെവിടെയെന്തു വരച്ചാലും അവരെയെല്ലാം കഴുത്തറുത്തോ വെടിവെച്ചോ കൊല്ലണം എന്ന ശാഠ്യം കലർപ്പില്ലാതെ നടപ്പാക്കുന്ന പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇനി കോടതിയും വെറുതെ വിട്ടാൽ ജനക്കൂട്ടം കല്ലെറിഞ്ഞും തീവെച്ചും കൊല്ലും. പതിനാല് നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയെ വിമർശിക്കുന്നതിന്റെ പേരിലാണ് എന്തിനാണ് ഈ ക്രുരത എന്നാണ് ആനംസ്റ്റി ഇന്റർനാഷണൽ ചോദിക്കുന്നത്. പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആവുകയാണോയെന്ന് ന്യൂയോർക്ക് ടൈസും വിമർശിക്കുന്നു.
ലാഹോറിൽ 2021 സെപ്തമ്പറിൽ സൽമ തൻവിർ എന്ന വനിതയെ അനീഖയെപോലെ തന്നെ മതനിന്ദ ആരോപിച്ച് തൂക്കികൊല്ലാൻ വിധിച്ചിരുന്നു. മുഹമ്മദ് അന്ത്യപ്രവാചകനാണ് എന്ന കാര്യത്തിൽ നിഷേധ സമീപനം സ്വീകരിച്ചുവെന്ന പ്രാദേശിക മതപണ്ഡിതന്റെ പരാതിയിലാണ് 2013 ൽ സൽമ തൻവിർ അറസ്റ്റിലായത്. ഇങ്ങനെ ഒരു ഭാഗത്ത് കോടതിയും ഒരു ഭാഗത്ത് ആൾക്കൂട്ടവുമായി മതനിന്ദാക്കുറ്റം കൊഴുപ്പിക്കയാണ്.
വിവാദമായ ആസിയ ബീവി കേസ്
പാക്കിസ്ഥാനിലെ മതാന്ധതയുടെ ആഴം ലോകത്തിന് മനസ്സിലാക്കി തന്നത് 2018ലെ ആസിയാ ബീവികേസാണ്. കേരളത്തിൽ ശബരിമല സമരം നടന്നപ്പോൾ ആസിയാബീവിയുടെ രക്തത്തിനായി ഓടി നടക്കുകയായിരുന്നു പാക്കിസ്ഥാനിലെ മതമൗലിക വാദികൾ. പ്രവാചകനിന്ദ ആരോപിക്കപ്പെട്ട ആസിയ ബീവിയെന്ന 53കാരിയായ ക്രിസ്ത്യൻ സ്ത്രീയെ കോടതി വെറുതെ വിട്ടിട്ടും കൊല്ലണം എന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക മതമൗലകവാദികൾ തെരുവിൽ ഇറങ്ങുകയായിരുന്നു.
ആസിയാ ബീബിക്ക് നേരിടേണ്ടിവന്ന കഷ്ടതകൾക്ക് തുടക്കവും ഒരു വാക്കുതർക്കമായിരുന്നു. കാർഷിക തൊഴിലാളിയായ ആസിയയോട് അടുത്തുള്ള കിണറിൽ നിന്നും കുടിവെള്ളം കൊണ്ടുവരാൻ സഹപ്രവർത്തകർ ആവശ്യപ്പെടുന്നിടത്തുനിന്നായിരുന്നു ഇവരുടെ കഷ്ടകാലം തുടങ്ങുന്നത്. വെള്ളം എടുത്തുവരുമ്പോൾ ആ പാത്രത്തിൽ നിന്നും ഒരൽപ്പം വെള്ളം ആസിയാ ബീബി കുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. വിശുദ്ധരായ തങ്ങൾക്ക് കുടിക്കാനുള്ള വെള്ളം ക്രിസ്ത്യാനി അശുദ്ധമാക്കിയതിനും തങ്ങൾ കുടിക്കുന്ന പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിനും അവർ സംഘം ചേർന്ന് ആസിയാ ബീബിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. അതിനിടയിൽ അവർ പ്രവാചകനെ നിന്ദിക്കുന്ന രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം. ആസിയ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് അവർ കെട്ടിച്ചമച്ചതാണെന്നും പിന്നീട് തെളിഞ്ഞു. പാക്കിസ്ഥാനിൽ മതപീഡനം ഭയന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ആസിയ, ആമിന എന്ന പേരിടുന്നത് പതിവാണ്.
2010ലാണ് പാക്കിസ്ഥാൻ മത കോടതി ഇവർ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ഏഴുവർഷത്തോളം തടവിൽ കഴിഞ്ഞശേഷം 2018 ഒക്ടോബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ആസിയക്ക് സ്വതന്ത്രയായി സഞ്ചരിക്കാൻ സാധിക്കുമായിരുന്നില്ല. ആസിയയെ ജയിൽ മോചിതയാക്കിയത് പാക്കിസ്ഥാനിൽ വലിയ പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. താലിബാൻ പിന്തുണയുള്ള മേഖലകളിൽ അക്രമങ്ങൾക്കും ഇത് വഴിവെച്ചു. സായുധ സേനയുടെ സംരക്ഷണയിലായിരുന്നു ആസിയ കഴിഞ്ഞിരുന്നത്. അവരിൽനിന്നുതന്നെ അവർക്ക് കടുത്ത ഭീഷണി നേരിടേണ്ടി വരികയും ചെയ്തിരുന്നു.
അപ്പീൽ അനുവദിച്ച് ആസിയ ജയിൽ മോചിതയായെങ്കിലും രാജ്യം വിടുന്നത് കടുത്ത വിലക്ക് ഉണ്ടായിരുന്നു. കേസിൽ പുനർവിചാരണ പൂർത്തിയാകുന്നതുവരെ ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തെ മതനേതാക്കൾക്ക് ഉറപ്പും നൽകിയിരുന്നു. ഒടുവിൽ മൂന്നംഗ ബെഞ്ച് ആസിയയെ കുറ്റവിമുക്തയാക്കിയതായി പ്രഖ്യാപിച്ചതോടെയാണ് രാജ്യം വിടാനുള്ള തടസ്സം പൂർണമായും നീങ്ങിയത്. ആസിയയെ പിന്തുണച്ചതിന് മുതിർന്ന ഉദ്യോഗസ്ഥരടക്കം നേരത്തെ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ഭീഷണികൾ കൂസാതെയാണ് മൂന്നംഗ ബെഞ്ച് ആസിയയുടെ പേരിൽ ചുമത്തിയിരുന്ന വധശിക്ഷ നീക്കിയത്.
പല വിദേശരാജ്യങ്ങളും ആസിയക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരുന്നു. തുടക്കത്തിൽ ബ്രിട്ടൻ വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പാക്കിയില്ല. തുടർന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രശ്‌നത്തിലിടപെട്ടത്. ആസിയയുടെ രണ്ട് പെൺമക്കൾ കാനഡയിലുണ്ടെന്നതും ആ രാജ്യം തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ, പാക്കിസ്ഥാൻ ഇവരുടെ യാത്രയ്ക്ക് അനുമതി നല്കുന്നത് വൈകിപ്പിച്ചുകൊണ്ടിരുന്നു. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.ആസിയയെ എത്രയും വേഗം കല്ലെറിഞ്ഞുകൊല്ലണമെന്ന ആവശ്യം മതമൗലികവാദികളിൽനിന്നും ഉയർന്നിരുന്നു. ഇതിനിടയിൽ ഒരുവിധത്തിലാണ് ആസിയയെ കാനഡിൽ എത്തിച്ചത്.
കുട്ടികൾ കളിച്ച് തെറ്റിയാൽപോലും മതനിന്ദാകുറ്റം
ഇസ്ലാമിക രാഷ്ട്രങ്ങളിലെ ന്യുനപക്ഷങ്ങൾ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് മതം നിന്ദാകുറ്റം. ന്യുനപക്ഷങ്ങളെ മാത്രമല്ല യുക്തിവാദികളെയും സ്വതന്ത്രചിന്തകരെയും സർക്കാറിനെ എതിർക്കുന്നവരെയെല്ലാം അകത്തിടാനുള്ള ഏറ്റവും നല്ല ടെക്നിക്കാണ്, പ്രവാചകൻ മുഹമ്മദിനെ അപമാനിച്ചുവെന്ന കുറ്റം കെട്ടിവെക്കുക. ആദ്യം ഭരണകൂടങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ഇത് ഇപ്പോൾ നാട്ടുകാരും എന്തിന് സ്‌കൂൾ കുട്ടികൾപോലും എടുത്തുപയോഗിക്കയാണ്. പ്രവാചകനെ അപമാനിച്ചാൽ വധശിക്ഷയാണ്. ഇത് മുൻകൂട്ടി കണ്ട് മറ്റ ന്യുനപക്ഷങ്ങൾ മുസ്ലീങ്ങളെ പിണക്കാതിരിക്കാൻ പല രീതിയിലും ശ്രമിക്കാറുണ്ടെന്ന് മാധ്യമ പ്രവർത്തകനും ബംഗ്ലാദേശിലെ സ്വതന്ത്രചിന്തകനുമായ സമീർ ഹഖ് ചൂണ്ടിക്കാട്ടുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ സംഘടനകൾ ഒരേസ്വരത്തിൽ അപലപിക്കുന്ന ഒരു വിധിയാണ് പാക് കോടതി 2019ൽ പുറപ്പെടുവിച്ചിരിക്കുന്നത്. ജുനൈദ് തസീർ എന്ന കോളേജ് പ്രൊഫസറെ കോടതി മതനിന്ദാകുറ്റം ചുമത്തി വധശിക്ഷക്കാണ് വിധിച്ചത്്. നീതിന്യായ വ്യവസ്ഥയുടെ കടുത്ത ലംഘനമെന്നാണിതെന്നാണ് മനുഷ്യവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
മധ്യപാക്കിസ്ഥാനിലെ മുൽത്താൻ നഗരത്തിലുള്ള ബഹാഉദ്ദീൻ സക്കറിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജുനൈദ് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ഈ കേസിൽ പ്രതി ചേർക്കപ്പെടുന്നത്. അദ്ദേഹം അഡ്‌മിൻ ആയ ഒരു സീക്രട്ട് ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ 2013 ൽ പ്രവാചകനെയും ഖുറാനെയും നിന്ദിച്ചു എന്നതാണ് ജുനൈദിനെ വധശിക്ഷയിലേക്ക് നയിച്ച ഈ വിചാരണയ്ക്ക് ആധാരമായ കേസ്. കൈസ്ര ഷഹ്രാസ് എന്ന ഒരു പാക് വംശജയായ ബ്രിട്ടീഷ് നോവലിസ്റ്റിനെ തന്റെ കലാലയത്തിലേക്ക് ചർച്ചക്ക് വിളിച്ച് ആ ചർച്ചയിൽ പ്രവാചകനിന്ദ നടത്തി എന്നൊരു ആരോപണം കൂടി നിലവിലുണ്ട്. 2017 ലെ ഡിസി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു കൈസ്ര ഷഹ്രാസ് എന്ന അറിയപ്പെടുന്ന നോവലിസ്റ്റ്.
2009 ൽ ഫുൾ ബ്രൈറ്റ് സ്‌കോളറായി അമേരിക്കയിൽ പഠനത്തിനെത്തിയ ജുനൈദ് ഹഫീസ്, ജാക്ക്സൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിരുന്നു. സാഹിത്യത്തിന് പുറമേ അദ്ദേഹം ഫോട്ടോഗ്രഫിയിലും നാടകത്തിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ ഡിസംബറിൽ ജുനൈദിന്റെ പേര് തങ്ങളുടെ അന്താരാഷ്ട്ര വിക്ടിംസ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. പാക്കിസ്ഥാനിലെ ഏറ്റവും വിവാദാസ്പദമായ വിചാരണകളിൽ ഒന്നാണ് മതനിന്ദയുടേത്. ആറുവർഷം നീണ്ടുനിന്ന ജുനൈദിന്റെ വിചാരണയ്ക്കിടെ ഏഴു ജഡ്ജിമാർ മാറി മാറി വന്നുപോയി. ജുനൈദിനുവേണ്ടി തുടക്കത്തിൽ കേസ് വാദിച്ച അഭിഭാഷകൻ റാഷിദ് റഹ്മാന് വിചാരണയ്ക്കിടെ നിരവധി വധഭീഷണികൾ നേരിടേണ്ടി വന്നിരുന്നു.
2014 ഏപ്രിലിൽ റാഷിദ് റഹ്മാൻ പാക്കിസ്ഥാനിലെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഉന്നതരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഇ മെയിൽ അയച്ചിരുന്നു. അതിന്റെ തലക്കെട്ട് 'രക്തദാഹികൾ നടത്തുന്ന മാധ്യമ ഗൂഢാലോചന' എന്നായിരുന്നു. അതിൽ 'ഖബ്രേ' എന്ന പത്രത്തിൽ അച്ചടിച്ചുവന്ന ഒരു റിപ്പോർട്ടിന്റെ സ്‌കാൻ കോപ്പിയും അറ്റാച്ച് ചെയ്തിട്ടുണ്ടായിരുന്നു. അത് പാക്കിസ്ഥാനിലെ ഒരു മതാധിഷ്ഠിത സംഘടനയായ തെഹ്രീക്ക്-എ-തഹസ്സുഫ്-എ-നാമൂസ്-എ-രിസാലത്ത് നടത്തിയ ഒരു സമ്മേളനത്തെപ്പറ്റിയായിരുന്നു. ജുനൈദിനെതിരായ മതനിന്ദ കേസ് മുൽത്താൻ കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് റാഷിദ് റഹ്മാൻ നൽകിയ ഹർജിയെ നിശിതമായ ഭാഷയിൽ ആ സമ്മേളനത്തിലെ പ്രാസംഗികർ വിമർശിച്ചിരുന്നു.
എതിർക്കുന്നവർ കൊല്ലപ്പെടുന്നു
അഭിഭാഷകൻ എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായ റാഷിദ് റഹ്മാൻ ഏറെ നിഷ്ഠയോടെയാണ് ജുനൈദ് എന്ന നിരപരാധിയുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തിയിരുന്നത്. ജുനൈദിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ അതിനോടകം തന്നെ റഹ്മാന്റെ അഭ്യർത്ഥനപ്രകാരം വിചാരണ നടപടികൾ മുൽത്താൻ ജയിലിനുള്ളിലേക്ക് മാറ്റിയിരുന്നു.
ആ വിചാരണകളിൽ ഒന്നിൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ തന്നെ പ്രോസിക്യൂഷൻ അഭിഭാഷകരായ സുൾഫിക്കർ സിന്ധു അടക്കമുള്ള മൂന്നുപേർ റാഷിദ് റഹ്മാന് നേരെ പരസ്യമായ വധഭീഷണികൾ ഉയർത്തിയിട്ടുണ്ടായിരുന്നു. ഈ കത്ത് ചെന്ന ശേഷം പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ, റാഷിദിന് വേണ്ട പൊലീസ് സുരക്ഷ നൽകണം എന്ന് നിർദ്ദേശിച്ചു കൊണ്ട് കത്തയച്ചിരുന്നെങ്കിലും, അത് ബധിരകർണ്ണങ്ങളിലാണ് ചെന്നുപതിച്ചത്. ഒടുവിൽ ജുനൈദിന്റെ കേസിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കെ 2014ൽ വക്കാലത്ത് നൽകാൻ എന്ന വ്യാജേന ഓഫീസിലേക്ക് കടന്നു വന്ന രണ്ടു ചെറുപ്പക്കാർ റാഷിദ് റഹ്മാനെ വെടിവെച്ചു കൊന്നുകളഞ്ഞു. അതിനു ശേഷം വളരെ രഹസ്യമായ വിചാരണയാണ് പ്രസ്തുത കേസിൽ നടന്നത്. സഹതടവുകാരാൽ പലതവണ അക്രമിക്കപ്പെട്ട് ജയിലിനുള്ളിൽപ്പോലും ജീവൻ അപകടത്തിലായിരുന്ന ജുനൈദിനെ കഴിഞ്ഞ കുറച്ചുകാലമായി മുൽത്താനിലെ അതീവസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നത്.
വിചാരണയ്ക്കിടെ ആരോപണങ്ങൾ തെളിയിക്കാൻ വേണ്ട യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷനായിരുന്നില്ല. അതുകൊണ്ടുതന്നെ വിധി ജുനൈദിന് അനുകൂലമായിരിക്കും എന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹവും ഇപ്പോഴത്തെ വക്കീലും. മതനിന്ദാ കേസിന് പാക്കിസ്ഥാനിലുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ജഡ്ജിയെ വരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാദമാണ് പ്രോസിക്യൂഷൻ നടത്തിയതെന്ന് ജുനൈദിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. കോടതിയിൽ തെളിവുകൾ ഹാജരാക്കി കുറ്റം തെളിയിക്കുന്നതിന് പകരം രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഇളക്കിവിട്ട് ജഡ്ജിയെ സമ്മർദ്ദത്തിൽ ആക്കുകയാണ് മതസംഘടനകൾ ഈ കേസിൽ ചെയ്തത് എന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ഒരടിസ്ഥാനവും കൂടാതെ തങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ച കോടതിയുടെ നടപടിയെന്ന് ജുനൈദിന്റെ മാതാപിതാക്കൾ പറഞ്ഞു.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയർമാനായ ഐ എ റഹ്മാൻ പറഞ്ഞത് ഈ വിധി അതിക്രൂരമായ ഒന്നാണ് എന്നാണ്. 'ആറുവർഷം ആ യുവാവ് ജയിലിൽ കഴിഞ്ഞതുതന്നെ നീതിക്ക് നിരക്കാത്ത ഒന്നാണ്. പാക്കിസ്ഥാനിലെ ട്രയൽ കോർട്ടുകൾ എല്ലായ്‌പ്പോഴും ഇങ്ങനെ തെളിവുകളുടെ യാതൊരു പിൻബലമില്ലാത്ത മതനിന്ദാകേസുകളിലും ആരോപിതരെ വെറുതെ വിടാറില്ല എന്നത് ഇന്ന് പരസ്യമായ ഒരു രഹസ്യമാണ്. ആൾക്കൂട്ട ഹിംസയെപ്പറ്റിയുള്ള ഭയം തന്നെ കാരണം' റഹ്മാൻ ദ ഗാർഡിയനോട് പറഞ്ഞു.
വിധിവരുന്ന ദിവസം അസാധാരണമായ മുൻകരുതലുകൾ മുൽത്താൻ ജയിലധികൃതർ സ്വീകരിച്ചിരുന്നു. ജുനൈദിന്റെ അഭിഭാഷകനോട് ജയിലിലേക്ക് വരരുത് എന്ന് നിർദ്ദേശിച്ചിരുന്നു. എങ്ങാനും ജുനൈദിനെ വെറുതെ വിട്ടാൽ, അന്നേദിവസം അതേ ജയിലിനു മുന്നിൽ വെച്ച് അഭിഭാഷകൻ ആൾക്കൂട്ടഹിംസയ്ക്ക് ഇരയാകാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ജുനൈദിനെ വെറുതെ വിട്ടാൽ എങ്ങനെ ആൾക്കൂട്ടത്തിന്റെ കയ്യിൽ പെടാതെ അദ്ദേഹത്തെ പുറത്തെത്തിക്കാം എന്നതിനെപ്പറ്റിയും ജയിലധികൃതർ ആലോചിച്ചിരുന്നു. എന്നാൽ വിധി ജുനൈദിന് പ്രതികൂലമായിരുന്നതിനാൽ അതൊന്നും വേണ്ടി വന്നില്ല. വിധി വന്നപാടെ പ്രോസിക്യൂഷൻ അഭിഭാഷകർ കോടതിയിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.- പാക്കിസ്ഥാനിലെ മത തീവ്രത എത്രയൂണ്ടെന്ന് അറിയാൻ ഇതിൽകൂടുതൽ തെളിവുകൾ ആവശ്യമില്ല.
ആസിയബീവിയുടെ സമയത്തും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. 2011 ജനുവരിയിൽ ആസിയയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകണമെന്നും മതനിന്ദാനിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവർണ്ണർ തൻസീർ മുഹമ്മദിനെ സ്വന്തം അംഗരംക്ഷകൻ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാർച്ചിൽ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദിൽ വെച്ച് കൊല്ലപ്പെട്ടു. മതവെറിയർക്ക് ഗണ്യമായ സ്വാധീനം പൊലീസും പാക്കിസ്ഥാൻ ആർമിയിലുമുണ്ട്. അതുകൊണ്ടുതന്നെ എന്ത്ചെയ്യണമെന്ന് പ്രധാനമന്ത്രിക്കുപോലും വ്യക്തതയില്ല.
ഇപ്പോൾ ന്യൂനപക്ഷങ്ങളെ വിട്ട് പാക്കിസ്ഥാനിലെ ജനങ്ങൾ പരസ്പരം മതനിന്ദാകുറ്റം എടുത്ത് ഉപയോഗിക്കയായി. പാക്കിസ്ഥാനെ ആധുനിവത്ക്കരിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ കയറിയ ഇംറാൻഖാൻ ആവട്ടെ ചെകുത്താനും കടലിനും ഇടയിൽപെട്ട അവസ്ഥയിലാണ്.
വാൽക്കഷ്ണം: ഇന്ത്യയിൽ മതസ്വാതന്ത്ര്യമില്ല എന്ന് പറയുന്നവർ ഒക്കെ ഒന്ന് പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ന്യുനപക്ഷങ്ങളുടെ അവസ്ഥ നോക്കണം. മുസ്ലിം പ്രമാണിമാരുടെ മക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്ത്, മതംമാറ്റി നിക്കാഹ് കഴിച്ച് മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയാക്കുന്നതാണ് അവിടുത്തെ ഹിന്ദു, ക്രിസ്ത്യൻ യുവതികളുടെ ഏറ്റവും വലിയ പേടി. കോടതിപോലും തട്ടിക്കൊണ്ട്പോയവന് ഒപ്പമാണ് നിൽക്കുക. ഇനി അല്ലെങ്കിൽ പെൺകുട്ടി പ്രവാചകനെ അപമാനിച്ചുവെന്ന് ഒരു നുണ പറഞ്ഞാൽ മതി. എല്ലാം തീർന്നു. ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ