ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഭരണ പ്രതിസന്ധി മുറുകുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വിമത നീക്കം ഉണ്ടായതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയത്. സഹായിക്കുമെന്ന് കരുതിയ സൈന്യവും ഇമ്രാന്റെ സഹായത്തിന് എത്തിയില്ല. ഇതോടെ ഇമ്രാന്റെ വിക്കറ്റ് തെറിക്കുമെന്ന ഘട്ടത്തിലാണ് കാര്യങ്ങൾ. അവസാന നിമിഷം സുപ്രീംകോടതിയെ സമീപിച്ചും ഭരണത്തിൽ കടിച്ചു തൂങ്ങാനാണ് ഇമ്രാൻ ഖാൻ ശ്രമിക്കുന്നത്.

അവിശ്വാസപ്രമേയത്തെ അനുകൂലിക്കുന്ന പാർട്ടിയിലെ വിമത എംപിമാരെ ആജീവനാന്തം അയോഗ്യരാക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയിൽ വ്യക്തത വരുത്താൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സഭയിൽ അവർ ചെയ്യുന്ന വോട്ട് അസാധുവാക്കാനുള്ള സാധ്യതയും ആരാഞ്ഞു. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി പറയുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് ഭയന്ന് വിമതർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി സർവ അടവും പയറ്റുകയാണ് ഇമ്രാൻ. തിരിച്ചുവരണമെന്നും സ്‌നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. വെള്ളിയാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുക.

28ന് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാക്കിസ്ഥാൻ മുസ് ലിം ലീഗ് നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഇമ്രാനെതിരെ സ്വന്തം പാർട്ടിയിലെ 24 വിമതർ വോട്ട് ചെയ്താൽ സർക്കാർ വീഴും.

ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിക്ക് 155 അംഗങ്ങളാണ് ഉള്ളത്. 6 ചെറിയ പാർട്ടികളുടെ 23 അംഗങ്ങളുടെ പിന്തുണയോടെയാണ് 2018 മുതൽ സർക്കാർ നിലനിൽക്കുന്നത്. ഇമ്രാൻ ഖാന്റെ പിടിപ്പുകേടുള്ള ഭരണം മൂലം സാമ്പത്തിക സ്ഥിതി അവതാളത്തിലായി എന്നാണ് പ്രതിപക്ഷ ആരോപണം. ഇതേസമയം, ഒരുകാരണവശാലും ഇമ്രാനെ തുടരാൻ അനുവദിക്കരുതെന്നാണ് സേനയുടെ തീരുമാനമെന്നാണ് സൂചന.

പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് ഇമ്രാൻ ഖാനോട് കരസേനാ മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ ബജ്‌വയും മുതിർന്ന 3 ലഫ്റ്റനന്റ് ജനറൽമാരും ചേർന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവൻ ലഫ്. ജനറൽ നദീം അൻജും ഇമ്രാനെ അറിയിച്ചതായാണ് വിവരം.

അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാനെ ആക്രമിക്കാൻ യുഎസിന് പാക്കിസ്ഥാനിൽ താവളം അനുവദിക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്ന് ഖൈബർ പഖ്തൂഖ്വയിലെ പാർട്ടി റാലിയിൽ ഇമ്രാൻ പറഞ്ഞു. അഫ്ഗാനിലെ 20 വർഷത്തോളം നീണ്ട സൈനിക നടപടിയെ പലതവണ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ച ഇമ്രാൻ, യുഎസിന് അഭിമതനല്ല. റഷ്യ യുക്രെയ്‌നിൽ സൈനിക നടപടി തുടങ്ങിയ ഉടൻ ഇമ്രാൻ മോസ്‌കോ സന്ദർശിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. റഷ്യൻ നടപടിയെ അപലപിക്കാൻ യൂറോപ്യൻ യൂണിയൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. 'ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെടാൻ നിങ്ങൾക്കു ധൈര്യമുണ്ടോ' എന്ന് താൻ അവരോടു ചോദിച്ചതായും ഇമ്രാൻ മലക്കണ്ടിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ പറഞ്ഞു.

അഴിമതിക്കെതിരെ പൊരുതുമെന്ന് വാഗ്ദാനം, ഒന്നുമാകാതെ പടിയിറങ്ങലിന്റെ വക്കിൽ

നവാസ് ഷെരീഫിന്റെ അഴിമതി ഭരണത്തിൽനിന്ന് പാക്കിസ്ഥാനെ മോചിപ്പിക്കുമെന്നും രാജ്യത്തിന് സ്ഥിരത നൽകുമെന്നും വാഗ്ദാനം ചെയ്താണ് മുൻ ക്രിക്കറ്റ് താരവും തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാൻ 2018ൽ അധികാരം പിടിക്കുന്നത്. എന്നാൽ തകർന്ന സമ്പദ്വ്യവസ്ഥയും വിലക്കയറ്റവും മൂലം പൊറുതി മുട്ടുന്ന രാജ്യമായി മാറിയിരിക്കുന്നു പാക്കിസ്ഥാൻ. ഇമ്രാൻ പ്രധാനമന്ത്രിയായ മൂന്നര വർഷം രാജ്യത്തെ നശിപ്പിച്ചു എന്നാരോപിച്ച് രംഗത്തുവരികയായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് 24 പേർ കൂടി മറുകണ്ടം ചാടുകയും ചെയ്തു.

ഇമ്രാൻ ഖാനെ പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കി രണ്ട് സാധ്യതകളാണ് സംയുക്ത പ്രതിപക്ഷം ആരായുന്നത്. മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരികയും ചെയ്ത നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കി ഇടക്കാല സർക്കാർ രൂപീകരിക്കുകയും വൈകാതെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യുക, അല്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള സർക്കാർ രൂപീകരിക്കുക. എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷമാണ് ഇനി പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഇമ്രാൻ ഖാനെതിരെ കലാപം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ 24ഓളം എംപിമാർ ഇപ്പോൾ കഴിയുന്നത് ഇസ്ലാമബാദിലെ സിന്ധ് ഹൗസിലാണ്. ഇതാകട്ടെ സിന്ധ് സർക്കാരിന്റെ ഭാഗവും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതുമാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷത്തിനരികിൽ അഭയം പ്രാപിച്ചത് എന്ന് വിമത എംപിമാർ പറയുന്നു.

പാക്കിസ്ഥാൻ അധോസഭയായ നാഷണൽ അസംബ്ലിയിലെ 342 പേരിൽ ഇമ്രാൻ ഖാന്റെ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. ആറോളം ചെറു പാർട്ടികളുടെ 23 അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള കൂട്ടുകക്ഷി സർക്കാരാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ ക്യാപ്റ്റന്റേത്. 172 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇമ്രാൻ ഖാൻ അവിശ്വാസത്തെ അതിജീവിക്കൂ. ഇതിൽ മൂന്ന് പാർട്ടികൾ ഇപ്പോൾ തന്നെ ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇമ്രാൻ ഖാൻ മാറി നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാവുക എന്ന ചർച്ചകളും സജീവമാണ്. എന്നാൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട എന്നാണ് പിടിഐ പ്രതിനിധികൾ വ്യക്തമാക്കിയത്.

പാക്കിസ്ഥാനിലെ അതിശക്തരായ സൈന്യമാകട്ടെ, 'കാത്തിരുന്നു കളി കാണാം' എന്ന നിലപാടിലാണ്. തങ്ങൾ 'നിഷ്പക്ഷ'രാണെന്ന് സൈനിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് ഒരു പൊതു റാലിയിൽ ഇമ്രാൻ ഖാൻ പ്രതികരിച്ചത് 'മനുഷ്യരായാൽ പക്ഷം പിടിക്കും, മൃഗങ്ങൾ മാത്രമേ നിഷ്പക്ഷരാവുകയുള്ളൂ' എന്നായിരുന്നു. സൈന്യമാവട്ടെ, ഇതുവരെ ഇതിനു മറുപടി പറഞ്ഞിട്ടില്ല. ഇമ്രാൻ ഖാൻ എന്ന മുൻ സ്വിങ് ബൗളറുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ യഥാർഥത്തിലുണ്ടായിരുന്നത് പാക് രാഷ്ട്രീയത്തെ അദൃശ്യമായി നിയന്ത്രിക്കുന്ന സൈന്യമായിരുന്നു.

അന്നു മുതൽ സൈന്യത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു ഇമ്രാൻ എങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഐഎസ്‌ഐയുടെ പുതിയ ഡയറക്ടർ ജനറലിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇമ്രാനും ബജ്വയും തമ്മിലുണ്ടായ ഉരസലാണ് ഈ സ്ഥിതി വഷളാക്കിയത്. രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ തലപ്പത്തേക്ക് സൈന്യം നിർദേശിക്കുന്നയാളെ പ്രധാനമന്ത്രി നിയമിക്കുന്ന കീഴ്‌വഴക്കമാണ് പാക്കിസ്ഥാനിൽ നിലനിന്നിരുന്നത്. എന്നാൽ അത് തെറ്റിച്ച് പരിഗണിക്കേണ്ടവരുടെ ഒരു പട്ടിക തയാറാക്കി നൽകാനും അതിലുള്ളവരെ അഭിമുഖം നടത്തി തിരഞ്ഞെടുക്കാമെന്നും ഇമ്രാൻ അറിയിച്ചത് ബജ്വയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്.

ജാമിയത് ഉലമഇഇസ്ലാംഫസൽ (ജെയുഐഎഫ്) നേതാവ് ഫസലുർ റഹ്മാൻ, പിഎംഎൽഎൻ നേതാവ് ഷെഹ്ബാസ് ഷെരീഫ്, പിപിപി നേതാവ് ആസിഫ് അലി സർദാരി എന്നീ ത്രിമൂർത്തികളാണ് ഇമ്രാൻ ഖാനെതിരെയുള്ള പോരാട്ടത്തിൽ മുമ്പന്തിയിൽ. ഇമ്രാൻ ഖാൻ സർക്കാരുമായുള്ള നിരന്തര സംഘർഷത്തിലാണ് ജെയുഐഎഫും ഇതിന്റെ നേതാവ് ഫസലുർ റഹ്മാനും. തീവ്രമതവാദിയും മുൻ പ്രതിപക്ഷ നേതാവുമൊക്കെയായ ഫസലുർ റഹ്മാന്റെ നേതൃത്വത്തിലാണ് 11 പ്രതിപക്ഷ സംഘടനകൾ ചേർന്ന് പാക്കിസ്ഥാൻ ഡമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന പ്രസ്ഥാനം രൂപീകരിക്കുന്നത്.

2020 മുതൽ ഈ സംഘടന സർക്കാരിനെതിരെ വൻ ജനമുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതിനും മുമ്പു തന്നെ, 2018ലെ തിരഞ്ഞെടുപ്പ് ഇമ്രാൻ ഖാനു വേണ്ടി സൈന്യം അട്ടിമറിച്ചു എന്ന ആരോപണം ഉയർത്തി ഫസലുർ റഹ്മാനും സംഘവും അന്നു മുതൽ പ്രതിഷേധ പാതയിലാണ്. തന്റെ പൊതു റാലികളിലെല്ലാം ഇമ്രാൻ ഖാൻ ഫസലുർ റഹ്മാനെതിരെ കടുത്ത വിമർശനമുയർത്തുകയും അധിക്ഷേപ വാക്കുകൾ പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പിപിപി നേരത്തെ പിഡിഎമ്മിൽ നിന്ന് പുറത്തു പോയിരുന്നെങ്കിലും അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.