- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർ നിർമ്മിക്കും; ക്ഷേത്രവും സമീപത്തുള്ള വീടും പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന് ഇൻഫർമേഷൻ മന്ത്രി കംരൻ ബംഗാഷ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർ നിർമ്മിക്കും. പ്രാദേശിക ഭരണകൂടം ഇതിനായി പണം അനുവദിച്ച് ഉത്തരവിറക്കി. ‘ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. ക്ഷേത്രവും സമീപത്തുള്ള വീടും പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പ്രവിശ്യയുടെ ഇൻഫർമേഷൻ മന്ത്രിയായ കംരൻ ബംഗാഷ് എഫ്പി ന്യൂസ് ഏജൻസിയോട് പറഞ്ഞു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ശ്രീപരമഹാൻജ് ജി മഹാരാജ് സമാധി ക്ഷേത്രമായിരുന്നു തകർക്കപ്പെട്ടത്.
45 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ഇതിൽ ആക്രമണത്തിന് പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് പ്രാദേശിക മുസ്ലിം മതപണ്ഡിതനെന്ന് പറയപ്പെടുന്ന മുല്ല ഷരീഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ പാക്കിസ്ഥാൻ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. സമാനമായ രീതിയിൽ 1997 ൽ തകർപ്പെട്ട ഹിന്ദുക്ഷേത്രം സുപ്രീം കോടതി നിർദ്ദേശ പ്രകാരം രാജ്യത്ത് പുനർനിർമ്മിച്ചിരുന്നു.
ബുധനാഴ്ച കാരക് നഗരത്തിലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ജംഇയത്ത് ഉലമ ഇ ഇസ്ലാം എന്ന പാർട്ടിയുടെ പ്രവർത്തകരാണ് ആക്രണമണം നടത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്നാണ് നടപടി. സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്ഷേത്രത്തിനു നേർക്ക് നടന്ന ആക്രമണമെന്ന് പാക്കിസ്ഥാൻ മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ മതപരവും ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് അധികൃതരിൽനിന്ന് അനുവാദം തേടുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിനു നേർക്ക് ആക്രമണമുണ്ടായത്. പ്രദേശത്തെ മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രം തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്നതായും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നിൽ മൗലാന ഷരീഫ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്ലാമാബാദിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കാൻ രണ്ടാഴ്ച മുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു.
സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഇത്തിഷാം അഫ്ഗാൻ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാൻ എങ്ങനെയാണ് പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്ന് പാക്കിസ്ഥാൻ തെഹരീക് പാർട്ടി നേതാവ് ലാൽ ചന്ദ് മാൽഹി പ്രതികരിച്ചു. പൊലീസുമായി സംസാരിച്ചെന്നും കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാകുന്ന ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാജ്യത്ത് ബലപ്രയോഗത്തിലൂടെ ഇസ്ലാം മതം സ്വീകരിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി 'എപി ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ഒരോ വർഷവും 1,000ത്തിലധികം പെൺകുട്ടികൾക്ക് മതം മാറേണ്ടി വരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
മറുനാടന് ഡെസ്ക്