- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപാവലി ആഘോഷിച്ചു തുടക്കം; മിതവാദിയിൽ നിന്ന് തീവ്രവാദിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയെ സുഹൃത്താക്കി; കടം കേറി മുടിയുമെന്നായപ്പോൾ പ്രധാനമന്ത്രിയുടെ വസതി വാടകക്ക് കൊടുത്തതും കാറുകൾ വിറ്റും പോത്തുകളെ ലേലം ചെയ്തും പിടിച്ചു നിൽക്കാൻ ശ്രമം; പാക്കിസ്ഥാനും മറ്റൊരു ശ്രീലങ്കയാകുമോ?
ഇസ്ലാമിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് വ്യക്തിജീവിതം നയിച്ചിട്ടില്ലാത്ത മുഹമ്മദാലി ജിന്ന എന്ന മനുഷ്യനാണ്, ഇസ്ലാമിന്റെ പേരിൽ ഉണ്ടാക്കപ്പെട്ട പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് എന്നത് കാലത്തിന്റെ ഒരു കാവ്യനീതിയാവാം. ബ്രിട്ടനിൽ പഠിച്ച, പാശ്ചാത്യ ജീവിത ശൈലിയിൽ സ്യൂട്ടും കോട്ടുമിട്ട് നടന്നിരുന്ന, മദ്യം ആസ്വദിച്ചിരുന്ന, സംഗീത- നൃത്ത പ്രേമിയായ, ഇസ്ലാമിന് വിരുദ്ധമായി ഒരു പാഴ്സി സ്ത്രീയെ ജീവിതപങ്കാളിയാക്കിയ വ്യക്തിയാണ് ജിന്ന. പക്ഷേ മതരാഷ്ട്രവാദം ഉന്നയിക്കുന്നതും, ഭീഷണിയുടെ മുൾമുനയിൽ നിർത്തി, ഇന്ത്യയെ മുറിച്ചുമാറ്റി പാക്കിസ്ഥാനെ വാങ്ങാനും ജിന്നക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
വ്യക്തി ജീവിതത്തിൽ മതേതരൻ. പൊതു ജീവിത്തിൽ തനി മതജീവി. ജിന്നയുടെ ആധുനിക പതിപ്പായിരുന്നു ഇമ്രാൻ ഖാനും. സ്വന്തം പാർട്ടിയിൽനിന്ന് കാലുമാറ്റം ഉണ്ടാവുകയും, ഘടകകക്ഷികൾ തള്ളിപ്പറയുകയും, സൈന്യം കൈയൊഴിയിയുകയും ചെയ്തതോടെയാണ് ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായത്. ഒരേസമയം കോസ്മോപൊളിറ്റൻ നാഗരികനും, യഥാസ്ഥിതിക ഇസ്ലാം വിശ്വാസിയുമാണ് ഇമ്രാൻ. ഈ വെസ്റ്റേൺ ലൈഫ് ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ആർജിച്ചതാണെന്ന് വ്യക്തം. എന്നാൽ പാക്കിസ്ഥാനികൾക്ക് പരിചിതനായ ഇമ്രാൻ മതപരമായ യാഥാസ്ഥിതികത്വം കാത്തുസൂക്ഷിക്കുന്ന ആളാണ്. മതേതരത്വത്തിന്റെയും, മതയാഥാസ്ഥിതികത്വത്തിന്റെയും മിശ്രണമാണ് ഇമ്രാന്റെ രാഷ്ട്രീയം.
1952 ഒക്ടോബർ 5ന് ലാഹോറിലാണ് ഇമ്രാൻ ജനിച്ചത്. മൂഴുവൻ പേര്. ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി. സിവിൽ എഞ്ചിനീയറായ ഇക്രമുള്ള ഖാൻ നിയാസിയുടെയും, ഭാര്യ ഷൗക്കത്ത് ഖാനൂമിന്റെയും ഏക ആൺതിരിയാണ് അദ്ദേഹം. നാല് സഹോദരിമാരുടെ അരുമയായി ഏറെ ലാളിക്കപ്പെട്ട ബാല്യമായിരുന്നു തന്റെ തെന്ന്, ഇമ്രാൻഖാൻ പല ടെലിവിഷൻ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ പഞ്ചാബിലെ മിയാൻവാലിയിൽ ദീർഘകാലം സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ പിതൃകുടുംബം പഷ്തൂൺ വംശത്തിൽപ്പെട്ടവരും നിയാസി ഗോത്രത്തിൽപ്പെട്ടവരുമാണ്. ഖാന്റെ അമ്മയും ഒരു പഷ്തൂൺ വംശജയായിരുന്നു. അവരുടെ പൂർവ്വികർ നൂറ്റാണ്ടുകളായി പഞ്ചാബിലെ ജലന്ധറിൽ സ്ഥിരതാമസമാക്കിയിരുന്നു. പാക്കിസ്ഥാൻ രൂപീകൃതമായതിനെ തുടർന്ന്, ഖാന്റെ മാതൃ ബന്ധുക്കൾ ലാഹോറിലേക്ക് കുടിയേറുകയായിരുന്നു.
ചെറുപ്പത്തിൽ നിശ്ശബ്ദനും ലജ്ജാശീലനുമായിരുന്നു കൊച്ചു ഇമ്രാൻ. താരതമ്യേന സമ്പന്നവമായ കുടുംബത്തിൽ വളർന്ന ഖാന് ചെറുപ്പത്തിലേ നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം കിട്ടി. ലാഹോറിലെ എയ്ച്ചിസൺ കോളേജിലും കത്തീഡ്രൽ സ്കൂളിലും പഠിച്ച അദ്ദേഹം ക്രിക്കറ്റിലും മികവുകാട്ടി. തുടർന്ന് ഇംഗ്ലണ്ടിലെ റോയൽ ഗ്രാമർ സ്കൂൾ വോർസെസ്റ്ററിലും അദ്ദേഹം പഠിച്ചു. അവിടെ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിലാണ് അദ്ധ്യാപകർ ഇമ്രാന്റെ ബൗളിങ്് ടാലന്റ് തിരിച്ചറിഞ്ഞത്. 1972ൽ അദ്ദേഹം ഓക്സ്ഫോർഡിലെ കെബിൾ കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നിവ പഠിച്ചു, 1975ൽ ബിരുദം നേടി.
അക്കാലത്തും ക്രിക്കറ്റ് താരമെന്ന നിലയിലും ഇമ്രാൻ ശ്രദ്ധിക്കപ്പെട്ടു. അതിമനോഹരമായ റണ്ണപ്പിലൂടെയുള്ള ബോൾ ഡെലിവറിയും, കൂറ്റൻ സിക്സറുകൾ അടിക്കുന്ന ബാറ്റിങ്ങ് ശൈലിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പാക്കിസ്ഥാനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാക്കിസ്ഥാനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാക്കിസ്ഥാൻ നേടിയത്.
ഏത് തോൽവിയിൽനിന്നും ശക്തമായി തിരിച്ചുവരാൻ കഴിവുള്ള പേരാളിയായ ക്രിക്കറ്റാറായിരുന്നു. 1992ലെ ലോകകപ്പിന് പാക്കിസ്ഥാൻ പോവുമ്പോൾ ടീം കപ്പടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ മത്സരങ്ങളിൽ തോറ്റുതൊപ്പിയിട്ട ടീം പിന്നീട് അത്ഭുദകരമായി തിരിച്ചുവന്നു. ഒടുവിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ലോകകപ്പ് കിരീടം നേടിയപ്പാൾ ലോകം നടുങ്ങി. അതിന്റെ ക്രഡിറ്റ് മുഴുവൻ കിട്ടിയത് ക്യാപ്റ്റൻ ഇമ്രാൻ ഖാനാണ്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ആദ്യം അദ്ദേഹം സാമൂഹിക പ്രവർത്തനത്തിലേക്കാണ് ആദ്യം നീങ്ങിയത്. 1996 ൽ തഹ്രീക് കെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു.
1997ലാണ് തന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുമായി ഇമ്രാൻ ഖാൻ ആദ്യം തിരഞ്ഞെടുപ്പിന്റെ ക്രീസിൽ പാഡണിച്ചത്. അന്ന് മത്സരിച്ച രണ്ട് സീറ്റിലും പരാജയമായിരുന്നു ഫലം. ക്രിക്കറ്റ് നായകനായി ആരാധിക്കാം പക്ഷേ രാഷ്ട്രീയക്കാരനായി ഞങ്ങൾക്ക് വേണ്ടെന്നായിരുന്ന ജനത്തിന്റെ ആദ്യ നിലപാട്. പക്ഷേ ഇമ്രാനെ അവഗണിക്കാൻ ആർക്കും ആയില്ല. കാരണം പാർട്ടികളുടെ അഴിമതിയിലും, പട്ടാളഭരണത്തിനും മടുത്ത ജനം മറ്റൊരു ഓപ്ഷനായി കാത്തിരിക്കയായിരുന്നു. അവിടെയാണ്, 'അധികാരത്തിൽ വന്നാൽ പാക്കിസ്ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും'എന്ന് പറഞ്ഞ് ഇമ്രാൻ ഖാന്റെ രംഗപ്രവേശം.
ഒരേസമയം മതേതരനായി അഭിനയിക്കുകയും, കിട്ടാവുന്നിടത്തൊക്കെ മതത്തിന്റെ പേരിൽ വോട്ടുപിടിക്കയുമായിരുന്നു ഇമ്രാന്റെ ശൈലി. പ്രവാചകൻ കഴിഞ്ഞാൽ പാക്കിസ്ഥാന്റെ രാഷട്രപിതാവായിരുന്ന മുഹമ്മദാലി ജിന്നയായിരുന്നു, ഇമ്രാൻഖാന്റെ തുറുപ്പു ചീട്ട്. ജിന്നയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം ആളെക്കൂട്ടിയത്. ഒരു ഭാഗത്ത് പുരോഗമനപരമായ ഒരു രാജ്യത്തെ സ്വപ്നം കാണുക. മറുഭാഗത്ത് പട്ടാളത്തിന്റെയും മതമൗലികവാദികളുടെയും പിന്തുണ വാങ്ങുക. ഈ തികഞ്ഞ ഇരട്ടത്താപ്പാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഇമ്രാൻ പിന്തുടർന്നത്.
പാക് സൈന്യം പാലൂട്ടി വളർത്തിയ അരുമസന്തതിയാണ് ഇമ്രാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി. ഇലക്റ്റഡ് അല്ല, സെലക്റ്റഡ് പ്രധാനമന്ത്രിയാണ് ഇമ്രാൻ എന്നായിരുന്നു ഇമ്രാൻ പ്രാധാനമന്ത്രിയായപ്പോൾ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ബേനസീർ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയും നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) പാർട്ടിയെയും രാഷ്ട്രീയ അടരുകളിൽ നിന്ന് ഇല്ലായ്മ ചെയ്യലാണ് തെഹ്രീക് കെ ഇൻസാഫിന്റെ അവതാര ലക്ഷ്യം. അതിന് സൈന്യം ഇമ്രാനെ സഹായിച്ചു. പക്ഷേ സൈന്യത്തോട് തെറ്റിയതോടെ ഇമ്രാന്റെയും കഷ്ടകാലം തുടങ്ങി. അങ്ങനെ ഇമ്രാനും പുറത്തായി. സ്ത്രീകളും മദ്യവും ഡ്രഗ്സും പാർട്ടികളും, ആദ്യകാലത്ത് ഇമ്രാൻഖാന്റെ വീക്ക് നെസ്സുകൾ ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. മൂന്നുതവണ വിവാഹിതനായ ഇമ്രാന്റെ വ്യക്തിജീവിതം വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്നതാണ്.
ചിലപ്പോഴൊക്കെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളാനും പലപ്പോഴും ഇമ്രാൻഖാൻ ശ്രമിച്ചിട്ടുണ്ട്. സിയാവുൾ ഹഖിനെയോ, ബേനസീർ ഭൂട്ടോയെപ്പോലെ കടുത്ത ഇന്ത്യാവിരുദ്ധൻ ആയിരുന്നില്ല തുടക്കത്തിൽ ഇമ്രാൻ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് അധികാരത്തിലേറും മുമ്പേ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇമ്രാന്റെ പാർട്ടി പാക്കിസ്ഥാനിൽ ദീപാവലി ആഘോഷവും സംഘടിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ ഒരു നേതാവ് ദീപാവലി ആഘോഷിക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു. പിന്നീട് അധികാരത്തിന് വേണ്ടി പുതിയ തന്ത്രങ്ങൾക്ക് പിന്നാലെ പോയി. ചൈനയെ കൂട്ടു പിടിച്ചു. ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ചു. ഇതെല്ലാം വിനയായി. അങ്ങനെ തീവ്ര സ്വഭാവത്തിലേക്ക് ഇമ്രാൻ മാറി. ഇതിന് പിന്നാലെ അധികാരവും നഷ്ടമായി.
ഇമ്രാൻ ഭരണകാലത്ത് അൽപ്പം അഴിമതി കുറഞ്ഞെങ്കിലും, കൊടുകാര്യസ്ഥയ ഭീകരമായിരുന്നു. ശ്രീലങ്കക്ക് സമാനമായ അപകടത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. വിദേശ നാണയ കരുതൽ ശേഖരം വെറും 40 ബില്യൺ ഡോളറായി കുറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക് കൊടുത്തതും, കാറുകൾ വിറ്റുതും പോത്തുകളെ ലേലം ചെയ്തും നേരത്തെ വാർത്തായിരുന്നു. പണത്തിനായി ലോക രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടിയതോടെ, ഇമ്രാൻഖാനെ ആഗോള ഭിക്ഷക്കാരനെന്ന് പറഞ്ഞാണ് പ്രതിപക്ഷം വിമർശിച്ചത്. അതുപോലെ മതതീവ്രവാദികളും പാക്കിസ്ഥാനിൽ അഴിഞ്ഞാടി. മതനിന്ദകുറ്റം പറഞ്ഞ് ജനം മറ്റ് മതസ്ഥരെ അടിച്ചുകൊല്ലുന്നത് നിത്യ സംഭവമായി. ഒടുവിൽ ഇമ്രാന്റെ പടിയിറക്കവും.
ചൈനയെ കൂട്ടു പിടിച്ചതായിരുന്നു ശ്രീലങ്കയേയും തകർത്തത്. ഇതു തന്നെയാണ് പാക്കിസ്ഥാനും സംഭവിച്ചത്. ചൈനയുടെ വാരിക്കോരിയുള്ള സഹായമാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ അവർ അതൊന്നും നൽകിയില്ല. ഇതാണ് പാക് സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയായത്. ഇത് തന്നെയാണ് ഇമ്രാന്റെ പടിയിറക്കത്തിനും സാധ്യതയൊരുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ