മാവേലിക്കര: പറന്ന് നടന്ന് മോഷണം നടത്തുന്ന പക്കി സുബൈർ ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി. പക്കിയുടെ ചിറകിൽ ക്ലിപ്പ് വീണതോടെ പുറത്തു വന്നത് മോഷണ വഴിയിലെ വ്യത്യസ്ത കഥ. പൂമ്പാറ്റയാകുന്നതിന് മുൻപ് പ്യൂപ്പയിൽ ഉറങ്ങുന്നതു പോലെ ബസിലും ട്രെയിനിലും കയറി ഉറക്കമാണ് പക്കിയുടെ പതിവ്. ഉറക്കം തീർന്ന് എണീൽക്കുന്ന സ്റ്റോപ്പിൽ ഇറങ്ങി തൊട്ടടുത്തുള്ള വീടുകളിലേക്ക് പറന്നു കയറിയുള്ള മോഷണമാണ് പ്രിയപ്പെട്ടത്.

ആലപ്പുഴ ജില്ലയിലെ നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തി വന്ന പക്കി സുബൈർ(49) വയനാട് വെള്ളമുണ്ട സ്വദേശിയാണ്. വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി കാളിയാൾ വീട്ടിൽ നിന്നും ഇപ്പോൾ കൊല്ലം ശൂരനാട് വടക്ക് തെക്കുംമുറി കുഴിവിള വടക്കേതിൽ വീട്ടിലാണ് താമസം. ആലപ്പുഴ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വീടുകളുടെ വാതിൽ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണങ്ങൾ പതിവായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്‌പി. ഡോ. ആർ. ജോസിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവ് പക്കി സുബൈർ ആണെന്ന് തിരിച്ചറിഞ്ഞു. 12 വർഷം മുമ്പ് മുമ്പ് വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ തരുവണ കരിങ്ങാരിയിൽ നസീമ എന്ന സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. 2018ൽ ശൂരനാട് പൊലീസ് മോഷണ കേസിൽ അറസ്റ്റ് ചെയ്തു ജയിലിലാക്കി. 2020 ജനുവരി 21 ന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു.

ഇറച്ചിക്കടയിലും തൊഴിലുറപ്പിനുമൊക്കെ പോയി ജീവിച്ചിരുന്ന പക്കി വെള്ളമുണ്ട പഞ്ചായത്തിലെ എഡിഎസ് നൽകിയ പീഡന പരാതിയെ തുടർന്ന് കരിങ്ങാരിയിൽ നിന്നും മുങ്ങി. കൊല്ലം ശൂരനാട് വന്നു ബന്ധു വീടുകളിൽ അഭയം തേടി. ഇയാൾ നേരത്തെ മോഷണം നടത്തിയ കേസുകളിൽ ബന്ധുക്കളും പ്രതി ചേർക്കപ്പെട്ടകൊണ്ട് ആരും തന്നെ ഇയാൾക്ക് അഭയം കൊടുത്തില്ല. എഴുതാനും വായിക്കാനും അറിയാത്ത ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമായ വെല്ലുവിളിയായി.

ശൂരനാട് സ്വദേശിയായ സുബൈർ 14-ാം വയസിൽ കായംകുളത്ത് സൈക്കിൾ മോഷണം നടത്തിയതിനും മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് ആദ്യമായി ജയിലിലാകുന്നത്. ജയിൽ മോചിതനായ ഇയാൾ 1995 നു ശേഷം ശൂരനാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി മോഷണം നടത്തി ജനങ്ങൾക്കും പൊലീസിനും തലവേദനയായി. തുടർന്ന് ശൂരനാട്ടെ നാട്ടുകാർ സംഘം ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു.

വിവിധ കേസുകളിൽ ദീർഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി. ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ മോഷണം പതിവായി നടത്തി വന്ന ഇയാൾ നിരവധി ഭവനഭേദനങ്ങളും നടത്തിയിട്ടുണ്ട്. ഒറ്റയ്ക്കാണ് എല്ലാ ഓപ്പറേഷനുകളും നടത്തുന്നത്. സംസ്ഥാനത്ത് മിക്കവാറും എല്ലാ ജയിലുകളിലും കഴിഞ്ഞിട്ടുള്ള ഇയാൾ 2020 ൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളമുണ്ടയിലെ കുടുംബസ്ഥ വേഷം ഉപേക്ഷിച്ചു.

2021 ഏപ്രിൽ മാസത്തോടെ വെള്ളമുണ്ടയിൽ നിന്നും മുങ്ങി. പിന്നീട് ശൂരനാട്ടെത്തി മോഷണ പരമ്പര തന്നെ നടത്തി. ശൂരനാട് ഭാഗത്ത് നാട്ടുകാർ ജാഗരൂകരായി രാത്രി സംഘടിച്ച് ഇറങ്ങാൻ തുടങ്ങിയതോടെ ആലപ്പുഴ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് കടന്നു.
വള്ളിക്കുന്നം, നൂറനാട്, കായംകുളം, മാവേലിക്കര, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി നൂറോളം മോഷണങ്ങൾ ഇയാൾ നടത്തി. പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ച് വിദൂര സ്ഥലങ്ങളിലേക്ക് പോകും. യാത്രക്കിടയിൽ ഉറക്കം. ഉറക്കം തീർന്ന് ഇറങ്ങുന്നിടത്ത് നിരത്തി മോഷണം. ഇതാണ് ഇയാളുടെ രീതി റെയിൽവേ ട്രാക്കുകളിൽ കൂടി നടന്ന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നത് പതിവാണ്.

ട്രാക്കിന് സമീപമുള്ള വീടുകൾ, അമ്പലങ്ങൾ, പള്ളികൾ എന്നിവയിലെല്ലാം പക്കി പറന്നു കയറി. സിസിടിവി ദൃശ്യങ്ങളിൽ പതിയുന്ന പക്കിയുടെ രൂപം ഭീതി ജനകമാണ്. കൈയിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ച് എന്തിനും പോന്ന രീതിയിലാണ് നടപ്പ്. എത്തുന്ന സ്ഥലത്തെ വീടുകളിൽ നിന്നും മുണ്ടും ഷർട്ടും എടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും.ഇതും പക്കിയുടെ പ്രത്യേകതയാണ്.

മാവേലിക്കരയിലെ ഒരു വീട്ടിൽ വസ്ത്രം മാറുക മാത്രമല്ല അടുക്കളയിൽ കയറി കുശാലായി ഭക്ഷണവും കഴിച്ച് മോഷണം നടത്തിയാണ് മടങ്ങിയത്. ഇയാൾ എവിടെ നിന്നും വരുന്നുവെന്നോ എവിടെയാണ് തങ്ങുന്നെതന്നോ നിശ്ചയമില്ലാതെ പൊലീസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഹരിപ്പാട്ടും അമ്പലപ്പുഴയിലും പൊലീസ് പൊതു സ്ഥലങ്ങളിൽ ഇയാളുടെ ഫോട്ടോ വച്ച ലുക്ക് ഔട്ട് നോട്ടീസുകൾ പതിച്ചിരുന്നു. മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥർ പല സംഘങ്ങളായി ദിവസങ്ങളോളം രാത്രിയിൽ തെരച്ചിൽ നടത്തിയിട്ടും പക്കി കുടുങ്ങിയില്ല. അങ്ങനെ പക്കിയുടെ വിക്രിയകൾ തുടർന്നതിനാൽ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ രീതികൾ എന്താണെന്ന് അന്വേഷിച്ചു. സ്ഥിരമായി കഞ്ചാവ് വലിക്കുന്നയാളാണെന്നും മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോട്ടറി ധാരാളം എടുക്കുമെന്നും വിവരം കിട്ടി. മോഷണം നടക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്ഥിരമായി ലോട്ടറി എടുക്കാൻ വരാറുണ്ട് എന്ന് വിവരം കിട്ടി. അതെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശൂരനാട്, നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ ദീർഘദൂര ബസുകളിൽ യാത്ര ചെയ്തു സമയം ചെലവഴിക്കും. ലോഡ്ജുകളിൽ താമസിക്കാറില്ല. ആളുകൾ ഉള്ള വീട്ടിലും മോഷ്ടിക്കാൻ കയറുന്ന ഇയാൾ എതിർത്താൽ ആക്രമിക്കും. മോഷണം നടത്താൻ കണ്ടു വെക്കുന്ന വീടുകളുടെയോ, ആരാധനാലയങ്ങളുടെയോ സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നോ, പശു തൊഴുത്തിൽ നിന്നോ ആണ് മോഷണത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്. യാൾ മോഷ്ടിച്ചു കിട്ടുന്ന പണം കഞ്ചാവ് വാങ്ങിയും, ലോട്ടറി ടിക്കറ്റ് എടുത്തും ധൂർത്തടിക്കുക യായിരുന്നു.

മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്. എസ്‌ഐ. മൊഹ്‌സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഓമാരായഅരുൺ ഭാസ്‌കർ, ഗിരീഷ് ലാൽ, ജവഹർ, റിയാസ് .എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.