മാവേലിക്കര: വിവിധ ജില്ലകളിലായി നൂറിലേറെ മോഷണങ്ങൾ, പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, രാത്രി മോഷണത്തിന് ഇറങ്ങുന്നത് അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ടും. എങ്ങാനും പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കുതറി മാറി രക്ഷപെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കേതിൽ എച്ച്.സുബൈർ എന്ന പക്കി സുബൈർ(49) അറസ്റ്റിലായ വാർത്തകൾ കണ്ട് ഞെട്ടിയത് നാട്ടുകാരാണ്. അത്രയ്ക്ക് സമർത്ഥമായാണ് പക്കിയുടെ മോഷണങ്ങൾ.

പക്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. സുബൈറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനുമായാണു കസ്റ്റഡി അപേക്ഷ നൽകിയത്. റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ചാണ് സുബൈർ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ എത്തിയിരുന്നത്.

പൊലീസ് സംഘത്തോടൊപ്പമുള്ള യാത്ര റോഡിലൂടെ ആയതിനാൽ മോഷണം നടത്തിയ സ്ഥലങ്ങൾ കൃത്യമായി പറഞ്ഞു നൽകാൻ പലപ്പോഴും പ്രതിക്കു കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ മോഷണങ്ങൾ തെളിയിക്കാനാകുമെന്നു പൊലീസ് അപേക്ഷയിൽ പറയുന്നു. മോഷണമുതൽ വിൽക്കാൻ സുബൈറിനെ സഹായിച്ച ശൂരനാട് തെക്ക് വലിയവിള വടക്കേതിൽ കെ.ഷിറാജ് (41), അടൂർ പറക്കോട് റഫീഖ് മൻസിൽ റഫീഖ് (മലക്ക് റഫീഖ്39) എന്നിവരും കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു.

പക്കിയുടെ കഥ

ശുരനാട് സ്വദേശിയായ സുബൈറിനു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സ്‌കൂളിൽ പോകാതെ കറങ്ങി നടന്ന സുബൈറിനു നാട്ടുകാരാണു 'പക്കി' എന്നു വിളിപ്പേരിട്ടത്. സുബൈറിന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. കൃഷിപ്പണി ചെയ്താണു അമ്മ സുബൈറിനെയും 3 സഹോദരങ്ങളെയും വളർത്തിയത്. ആദ്യകാലത്ത് സൈക്കിൽ മോഷണത്തിലാണ് പക്കി മേഖലയിൽ എത്തിയത്.

എഴുത്തും വായനയും അറിയാതെ കറങ്ങി നടന്ന പക്കി സുബൈർ ശൂരനാട്ട് കൊച്ചു കൊച്ചു മോഷണങ്ങൾ നടത്തി. പിടിക്കപ്പെടാതായപ്പോൾ സമീപ സ്ഥലങ്ങളിലും മോഷണം തുടങ്ങി. കായംകുളത്തെ മാടക്കട കുത്തിത്തുറന്നു പണം അപഹരിച്ചതിനും സൈക്കിൾ മോഷ്ടിച്ചതിനുമാണ് ആദ്യമായി പൊലീസ് പിടിച്ചത്. 14ാം വയസ്സിൽ ജയിലിൽ പോയ സുബൈർ തിരിച്ചിറങ്ങി ശൂരനാടിന്റെ ഉറക്കം കെടുത്തി മോഷണം തുടർന്നു.

1995 നു ശേഷം തുടർച്ചയായി മോഷണങ്ങൾ നടത്തി. വിവിധ കേസുകളിൽ ദീർഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി.പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ച് ദൂരെ പ്രദേശങ്ങളിലെത്തും. യാത്രയ്ക്കിടെയാണ് ഉറക്കം. യാത്ര അവസാനിക്കുന്നിടത്ത് ആ രാത്രി മോഷണം നടത്തുന്നതായിരുന്നു ശൈലി. കൈയിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണം. വീടുകളിൽ നിന്നും മുണ്ടും ഷർട്ടുമെടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും. മാവേലിക്കരയിലെ ഒരു വീട്ടിൽ കയറി വസ്ത്രം മാറി, ഭക്ഷണവും കഴിച്ചാണ് മോഷണം നടത്തിയത്.

2018ൽ ശൂരനാട് മോഷണക്കേസിൽ ജയിലിലായ സുബൈർ 2020ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ സ്ത്രീപീഡന പരാതി വന്നതോടെ നാട്ടിൽ നിന്ന് മുങ്ങി. അക്ഷരാഭ്യാസമില്ലാത്ത ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായതിനാൽ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.

ഇതിനിടെ ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസുകൾ ഇറക്കിയിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന വിവരത്തെ തുടർന്ന് മോഷണം നടക്കാത്ത സ്ഥലങ്ങൾ കേന്ദ്രികരിച്ചു ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്, എസ്‌ഐ മൊഹ്‌സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഒ മാരായ അരുൺ ഭാസ്‌ക്കർ, ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്.റിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പക്കിയെ പൊക്കിയതെങ്ങനെ

പക്കിയെ എങ്ങനെ പിടിച്ചുവെന്ന് ചോദിച്ചാൽ ആരോ ഒറ്റിയതാണെന്നാണ് പക്കി സുബൈർ ധരിച്ചിരിക്കുന്നത്. പൊലീസിനോട് പലതവണ ഇയാൾ ആരാണ് ഒറ്റിയതെന്ന് ചോദിക്കുകയും ചെയത്ു. മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞിട്ടും സ്ഥിരമായി ഒരു മേഖലയിൽ തന്നെ മോഷണം നടത്താഞ്ഞിട്ടും താൻ പിടിയിലായി എന്നതു പക്കി സുബൈറിനു വിശ്വസിക്കാൻ കഴിയുന്നില്ല.

രാത്രിയിൽ പതിവായി നടക്കുന്ന പക്കിയെ കുടുക്കിയത് പ്രേതമാണോ എന്ന് പോലും വിലയിരുത്തപ്പടുന്നുണ്ട്. മാവേലിക്കര താലൂക്കിൽ കാവിനോടു ചേർന്നുള്ള ചെറിയ അമ്പലത്തിൽ മോഷണം നടത്താനെത്തിയ പക്കി സുബൈർ മുന്നിൽ പോയ വെളുത്ത രൂപം കണ്ടു ഭയന്നു മോഷണം നടത്താൻ കഴിയാതിരുന്ന കഥയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

രാത്രിയിൽ മോഷണത്തിനായി പോകുമ്പോൾ വെളുത്ത വസ്ത്രം ധരിച്ചു മുന്നിലൊരാൾ പോകുന്നതു കണ്ടു. നടത്തം നിർത്തിയപ്പോൾ ആ രൂപവും നിന്നു, പിന്നോട്ടു നടന്നപ്പോൾ അതും പിന്നോട്ട് നടന്നു. പേടിച്ച് അനങ്ങാതെ നിന്നപ്പോൾ, കാവിലെ അമ്പലത്തിൽ മണിനാദം കേട്ടു. അങ്ങോട്ടു നോക്കിയപ്പോൾ വെളുത്ത രൂപം കാണിക്കവഞ്ചിക്കു സമീപം നിൽക്കുന്നു. ഭയം കാരണം മോഷണം നടത്താതെ, ദിക്കറിയാതെ നടന്ന് പിറ്റേന്നു രാവിലെയാണു റോഡിലെത്തിയെന്നാണ് സുബൈർ പറയുന്നത്.

പക്കിയുടേത് യുണീക്ക് ആയ മോഷണ ശൈലിയാണ്. തനിച്ചു മോഷണം നടത്താനെത്തുന്ന സുബൈർ റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടക്കുകയാണ് പതിവ്. റോഡിലൂടെ സഞ്ചരിച്ചാൽ പൊലീസ് പട്രോളിങ് സംഘത്തിന്റെ കയ്യിൽ പെടാതിരിക്കാനാണിത്. പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ യാത്രകളിലാണ് ഉറക്കം. ലോഡ്ജുകളിൽ താമസിക്കാറില്ല. രാത്രിയിൽ എത്തുന്ന സ്ഥലത്തു മോഷണം നടത്തി മടങ്ങും. തനിക്ക് മാറാനുള്ള വസ്ത്രങ്ങൾ കൊണ്ടു നടക്കുന്ന പതിവ് സുബൈറിനില്ല,. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഉപേക്ഛഇച്ചു വീടുകളിൽ നിന്നും വസ്ത്രം മോഷ്ടിക്കുകയാണ് ഇയാൾ ചെയ്യാറ്. ആയുധങ്ങളും പലപ്പോഴും കണ്ടെത്തുന്നത് വീടുകളിൽ നിന്നു തന്നെയാകും.

ആലപ്പുഴ ജില്ലയിൽ മോഷണം വർധിച്ചതോടെ മോഷ്ടാവ് പക്കി സുബൈർ ആണെന്നു പൊലീസ് ഉറപ്പാക്കി. പക്ഷേ പ്രതിയെ പിടികൂടാൻ സാധിക്കാതെ വന്നപ്പോൾ പൊലീസ് അയാളുടെ സ്വഭാവരീതി ബന്ധുക്കളോട് അന്വേഷിച്ചു. കഞ്ചാവ് ഉപയോഗിക്കുന്ന സുബൈർ സ്ഥിരമായി ധാരാളം ഭാഗ്യക്കുറി എടുക്കുമെന്ന സൂചനയാണു പൊലീസിനു തുമ്പായത്. തുടർന്ന് ലോട്ടറി കടകൾ കേന്ദ്രീകരിച്ചായി അന്വേഷണം. ആദ്യം ബസ് സ്റ്റാൻഡുകളിലെ ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചാണു അന്വേഷണം തുടങ്ങിയത്.

ചെങ്ങന്നൂർ ഡിവൈഎസ്‌പി ഡോ.ആർ.ജോസ്, സിഐ സി.ശ്രീജിത്, എസ്‌ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, റിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ഭാസ്‌കർ, വി.വി.ഗിരീഷ് ലാൽ, എസ്.ജവഹർ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം പന്തളം, അടൂർ, തിരുവല്ല എന്നിവിടങ്ങളിലെ സ്റ്റാളുകളിൽനിന്നു സ്ഥിരമായി കൂടുതൽ ലോട്ടറി വാങ്ങുന്നവരെ അന്വേഷിച്ചു. സുബൈറിനെപ്പറ്റി സൂചന ലഭിച്ചു.

പൊലീസ് പല ദിവസങ്ങളിലും ലോട്ടറിക്കടകൾക്കു സമീപം വേഷം മാറി കാത്തുനിന്നു. പന്തളത്തെ ലോട്ടറിക്കടയിൽനിന്നു സുബൈർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടൂരിലെ ലോട്ടറിക്കടയിൽ സ്ഥിരമായി എത്തുന്ന ആളിനെക്കുറിച്ചു ലഭിച്ച സൂചനയിൽ പൊലീസെത്തി അതു സുബൈർ ആണെന്ന് ഉറപ്പാക്കി. അറസ്റ്റിലാകുന്ന ദിവസം പുലർച്ചെ പൊലീസ് എത്തിയപ്പോഴേക്കും സുബൈർ ലോട്ടറി വാങ്ങി മടങ്ങി.

വൈകുന്നേരം വരെ കാത്തു നിന്ന പൊലീസ് ലോട്ടറി ഫലം നോക്കാൻ വന്ന സുബൈറിനെ തിരിച്ചറിഞ്ഞു രഹസ്യമായി പിന്തുടർന്നു പിടികൂടുകയായിരുന്നു. മോഷ്ടിച്ചു ലഭിക്കുന്ന പണം ഏറെയും കഞ്ചാവിനും ലോട്ടറിക്കുമാണ് സുബൈർ ചെലവിട്ടിരുന്നത്. സുബൈർ മോഷ്ടിക്കുന്ന സാധനങ്ങൾ വിൽക്കാൻ സഹായിച്ചിരുന്നു കൂട്ടാളികളും ഇയാൾക്കൊപ്പം പിടിയിലായി. അടൂർ പറക്കോട് റെഫീഖ് മൻസിലിൽ റെഫീഖ്, ശൂരനാട് തെക്ക് വലിയവിള വടക്കേതിൽ കെ.ഷിറാജ് എന്നിവരാണ് അറസ്റ്റിലായത്.

വയനാട്ടിലെ സ്ത്രീയുമായുള്ള വിവാഹത്തിൽ പക്കി സുബൈറിന് രണ്ട് ആൺമക്കളുണ്ട്. അവിടെനിന്നു സമീപ ജില്ലകളിലെത്തി മോഷണം തുടർന്ന സുബൈറിനെ അന്വേഷിച്ചു പൊലീസെത്തി പിടികൂടുകയായിരുന്നു. 2020ൽ ജയിൽ മോചിതനായതിനു ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്തു താമസിക്കവേ ഇറച്ചിക്കടയിൽ ജോലിക്കാരനായി. ഇടയ്ക്കു തൊഴിലുറപ്പു പണിക്കും പോയി. തൊഴിലുറപ്പ് ജോലിക്കിടെ കുടുംബശ്രീ പ്രവർത്തകയോടു മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടു സുബൈറിനെതിരെ 2021 ഏപ്രിലിൽ പീഡന പരാതി ഉയർന്നു. സംഭവം കേസായതോടെ അവിടെ നിന്നു മുങ്ങുകയാണ് ഉണ്ടായത്.