പാലാ: വൈദികരെന്ന വ്യാജേന പെൺകുട്ടികളെ ഫോൺ വിളിച്ച് ചില സംഘങ്ങൾ കെണി ഒരുക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി പാലാ രൂപത. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ അറിയിക്കാനായി വൈദികർക്കു നൽകിയ സർക്കുലറിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നത്. അടുത്ത കാലത്ത് പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിഷപ്പിന്റെ സർക്കുലർ.

സർക്കുലറിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ: 'പെൺകുട്ടികളെ കെണിയിലാക്കാൻ വിവിധ തന്ത്രങ്ങളുമായി ചില സംഘങ്ങൾ രംഗത്തുണ്ട്. അടുത്ത കാലത്തായി വൈദികരായി ചമഞ്ഞു വിശ്വാസികളെ കബളിപ്പിച്ചു പെൺകുട്ടികളുടെ ഫോൺ നമ്പരും വിവരങ്ങളും ചോർത്തിയെടുക്കുന്ന സംഘങ്ങളാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന, പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുന്നത്. ഞാൻ ഇവിടുത്തെ പഴയ വികാരി ആണ് എന്നു പറഞ്ഞാണ് ഇവരെ ഫോൺ വിളിക്കുന്നത്. എന്നിട്ട് അവർക്കു സുപരിചിതനായ ഒരു പഴയ വികാരിയുടെ പേരും പറയും. ചിലരോട് താൻ ഇവിടുത്തെ പഴയ അസിസ്റ്റന്റ് വികാരി ആണെന്നും മനസിലായില്ലേയെന്നും ചോദിക്കും. എന്നിട്ട് അവരെക്കൊണ്ട് ഏതെങ്കിലും ഒരു അച്ചന്റെ പേര് പറയിക്കുകയും ആ ആളാണ് താനെന്നു സന്തോഷത്തോടെ അംഗീകരിക്കുകയുംചെയ്യും. ഇതിനു ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. താൻ ഇപ്പോൾ ജർമനിയിൽ അല്ലെങ്കിൽ ഏതെങ്കിലും വിദേശ രാജ്യത്തു പെട്ടെന്ന് ഏതാനും പേരോടൊപ്പം പഠനത്തിനായി പോന്നതാണെന്നും വിശ്വസിപ്പിക്കും.

നാളെ അത്യാവശ്യമായി ഒരു പേപ്പർ അവതരിപ്പിക്കണമെന്നും അതിന്റെ വിവരങ്ങൾ ശേഖരിക്കാൻ യുവതികളായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും ആവശ്യപ്പെടും. ഇത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനു ശേഷം താൻ അവരെ വിളിക്കുമെന്നും ഇക്കാര്യം അവരോടു പറയണമെന്നും നിർദ്ദേശിക്കും. സത്യസന്ധത, മാതൃ-പുത്രീ ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനാണെന്നും പറയും. വളരെ തിരക്കിട്ടായിരിക്കും ഈ സംസാരമൊക്കെ. തനിക്കു പരിചയമുള്ള വൈദികന്റെ സ്വരം ഇതല്ലല്ലോ എന്നെങ്ങാനും ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ജർമനിയിലെ/ വിദേശ രാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദവ്യതിയാനമെന്നു വിശ്വസിപ്പിക്കും.

ഇങ്ങനെ ഒപ്പിച്ചെടുക്കുന്ന ഫോൺ നമ്പകൾ ഉപയോഗിച്ചു ചില പെൺകുട്ടികളെ വിളിക്കുകയും പിന്നീട് സംസാരം മറ്റു വഴിക്കു തിരിയുകയും ചെയ്തതോടെയാണ് ഇതു പ്ലാൻ ചെയ്തുള്ള കെണിയാണെന്നു വ്യക്തമായത്. വൈദികർ എന്ന വ്യാജേന വിളിക്കുന്ന ഗൂഢസംഘങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്നു സർക്കുലർ ഓർമിപ്പിക്കുന്നു.