- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് നാടിന് സമർപ്പിക്കും; പാലം തുറക്കുന്ന് വൈകീട്ട് 4 ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി; അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തം
കൊച്ചി: 2019 മെയ് മാസത്തിൽ അടച്ചിട്ട പാലാരിവട്ടം പാലം യാത്രക്കാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. പുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്നു തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല.വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എൻജിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് പാലം സന്ദർശിക്കും. അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും.
ഒരു വർഷവും 10 മാസത്തെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വീണ്ടും ചീറിപായും. 2016 ഒക്ടോബർ 12 ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി.
പിയർ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്. കേരളത്തിന്റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണെന്നതും ശ്രദ്ധേയം.
2020 സെപ്റ്റംബർ അവസാനമാണു പാലം പുനർനിർമ്മാണം തുടങ്ങിയത്. തകരാറിലായ ഗർഡറുകളും പിയർ ക്യാപുകളും പൊളിച്ചു പുതിയവ നിർമ്മിച്ചു. തൂണുകൾ ബലപ്പെടുത്തി. റെക്കോർഡ് സമയം കൊണ്ടാണു പാലം പുനർനിർമ്മാണം പൂർത്തിയായത്. 100 വർഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നൽകുന്നതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.
തകർന്ന പാലം പുനർനിർമ്മിക്കാൻ ഏജൻസികളുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനിച്ചത്. ദേശീയ പാതയിൽ കൊല്ലം മുതൽ എറണാകുളം വരെ 5 പ്രധാന പദ്ധതികളാണു സർക്കാർ പൂർത്തിയാക്കിയതെന്നു അദ്ദേഹം പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകൾ, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ എന്നിവയ്ക്കൊപ്പം പുനർനിർമ്മിച്ച പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ ഗതാഗതം സുഗമമാകും.
പാലത്തിന്റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയിൽ പങ്കാളികളാകും.
പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേൺ പാലത്തിന്റെ 2 സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകൾക്കടിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ട വീതിയും ഉയരവും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ