- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയും ഞായറും ദർശനം അനുവദിച്ചിരിക്കുന്നത് 2000 പേർക്ക്; നട തുറന്നതിന് ശേഷം ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് വന്നത് ഇന്നലെ; ദർശനം നടത്തിയത് 1959 പേർ; സാമ്പത്തിക പ്രതിസന്ധിയിലായിട്ടും അന്നദാനം മുടക്കാതെ ദേവസ്വം ബോർഡ്
ശബരിമല: കോവിഡ് വ്യാപനം മൂലം നിയന്ത്രണമുള്ള മണ്ഡല തീർത്ഥാടന കാലത്ത് ഇതുവരെ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിന് എത്തിയത് ഇന്നലെയാണ്. 1959 പേരാണ് ഇന്നലെ ദർശനം നടത്തിയത്. 2000 പേർക്കാണ് ശനി, ഞായർ ദിവസങ്ങൾ ദർശനം അനുവദിച്ചിട്ടുള്ളത്. മറ്റ് ദിവസങ്ങളിൽ 1000 പേർക്കാണ് അനുമതി.
ഇന്നലെ പൊലീസ് വിർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തിരുന്ന 2000 പേരിൽ നിന്നാണ് 1959 പേർ ദർശനത്തിന് വന്നത്. രാവിലെ ശാരീരിക അകലം പാലിച്ച് വലിയ നടപ്പന്തലിന്റെ മുക്കാൽ ഭാഗവും തീർത്ഥാടകർ നിറഞ്ഞ നിലയിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താൻ വലിയ നടപ്പന്തലിൽ 351 ഇടങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈകളും കാലും ശുചീകരിക്കുന്നതിനും വലിയ നടപ്പന്തലിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയിലും തീർത്ഥാടകർക്കുള്ള അന്നദാനം ദേവസ്വം ബോർഡ് മുടക്കുന്നില്ല. തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനം നടത്തുന്നു. സന്നിധാനത്ത് പുലർച്ചെ 5.30 മുതൽ രാവിലെ 11.30 വരെ പ്രഭാത ഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് നൽകുന്നത്. ഉച്ചയ്ക്ക് 12 മുതൽ നട അടയ്ക്കുന്നതുവരെ പുലാവും സാലഡ്, അച്ചാർ എന്നീ കറികളും വിതരണം നടത്തും. വൈകിട്ട് 4.30 മുതൽ രാത്രി നട അടയ്ക്കുന്നതു വരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നൽകുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണ വിതരണം. കഴിക്കുന്ന ആളുകളുടെ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഇരിപ്പിടങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യഥാസമയം ശുചീകരണം ഉൾപ്പെടെ നടത്തിവരുന്നു. സന്നിധാനത്തെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനുമായി നിലവിൽ ദേവസ്വം ജീവനക്കാരും താൽക്കാലിക ജീവനക്കാരുമുൾപ്പെടെ 40 പേർ സേവനത്തിലുണ്ട്. സന്നിധാനത്തെ അന്നദാനവിതരണത്തിന് അന്നദാനം സ്പെഷ്യൽ ഓഫീസർ ബി. ദിലീപ് കുമാർ നേതൃത്വം നൽകുന്നു.
പമ്പയിൽ മണൽപ്പുറത്ത് സ്ഥിതി ചെയ്യുന്ന അന്നദാനമണ്ഡപത്തിൽ രാവിലെ ഏഴു മുതൽ 11 വരെ ഉപ്പുമാവും, കടലക്കറിയും, ചുക്ക്കാപ്പിയും വിതരണം നടത്തുന്നു. ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ വെജിറ്റബിൾ പുലാവ്, സാലഡ്, അച്ചാർ എന്നിവയും നൽകുന്നു. വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ ഉപ്പുമാവും, കടല അല്ലെങ്കിൽ വെജിറ്റബിൾ കറിയും ചുക്കുകാപ്പിയും വിതരണം ചെയ്യുന്നു. പമ്പ മണൽപ്പുറത്തുള്ള അന്നദാന മണ്ഡപത്തിന്റെ പിൻവശത്തുള്ള സർവീസ് റോഡുവഴി പ്രവേശിക്കാം.
ഇവിടെയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അന്നദാനവിതരണം. അണുനശീകരണം നടത്തിയ പാത്രങ്ങളാണ് ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നത്. ദേവസ്വം ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ നിലവിൽ 20 പേരാണ് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനുമായി ഉള്ളത്. അഡ്മിനിട്രേറ്റീവ് ഓഫീസർ എസ്. മനു, അന്നദാനം സ്പെഷൽ ഓഫീസർ മണികണ്ഠൻ നമ്പൂതിരി എന്നിവർ പമ്പ അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു.
നിലയ്ക്കല്ലിലെ അന്നദാനമണ്ഡപത്തിൽ രാവിലെ ഏഴ് മുതൽ 10.30 വരെ ഉപ്പുമാവും കടലക്കറിയും വിതരണം ചെയ്യുന്നു. ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെ പുലാവും സാലഡും അച്ചാറും കറികളായി നൽകുന്നു. വൈകിട്ട് ഏഴ് മുതൽ രാത്രി 9.30 വരെ ഉപ്പുമാവും കടലക്കറിയും നൽകുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇവിടെയും അന്ന വിതരണം. ഒരു മേശയിൽ രണ്ടു പേരെ മാത്രമാണ് ഭക്ഷണം കഴിക്കാനായി ഇരുത്തുന്നത്. ദേവസ്വം ജീവനക്കാരും താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ നിലവിൽ ഇവിടെ 15 പേരാണ് ഭക്ഷണം ഉണ്ടാക്കുന്നതിനും വിതരണം നടത്തുന്നതിനുമായി സേവനത്തിലുള്ളത്. നിലയ്ക്കലെ അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തിന് അഡ്മിനിട്രേറ്റീവ് ഓഫീസർ ജി. ബിനു നേതൃത്വം നൽകുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്