പത്തനംതിട്ട: പീഡനക്കേസിൽ റിമാൻഡിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങി മുമ്പ് ഒപ്പം താമസിച്ചിരുന്ന വീട്ടമ്മയെ മാരകമായി വെട്ടിപരുക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചു. വി-കോട്ടയം മുരുപ്പേലയ്യത്ത് പാമ്പ് ബിജു എന്നറിയപ്പെടുന്ന ബിജുവാണ് മരിച്ചത്. വി-കോട്ടയം ചെമ്പിക്കുന്നേൽ ആശാരിയ്യത്ത് ജെസി (39)യക്കാണ് വെട്ടേറ്റത്.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങി. തലയ്ക്കും ശരീരമാസകലവും വെട്ടറ്റ് ഗുരുതരപരുക്കോടെ ജെസിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. രക്ഷപ്പെട്ടു പോയ ബിജുവിന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തി വരുമ്പോഴാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജെസിയുടെ രണ്ടാം ഭർത്താവാണ് ബിജുവെന്നാണ് പറയുന്നത്. എന്നാൽ, ഇവർ നിയമപരമായി വിവാഹിതരല്ല. അടുത്ത ബന്ധുവിനെ പീഡിപ്പിച്ചതിനാണ് ബിജു അറസ്റ്റിലായത്. റിമാൻഡിലായിരുന്ന ബിജു കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. മദ്യലഹരിയിലാണ് ഇയാൾ ജെസിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു.