പനാമ: വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന 500 ഇന്ത്യക്കാരുടെ പേരുകൾ കൂടി പുറത്തുവന്നു. പ്രമുഖ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്യര്യറായിയും ഉൾപ്പടെ നിരവധി പ്രമുഖർക്ക് പനാമയിൽ ബാങ്ക് അക്കൗണ്ട് ഉള്ളതായി പറയുന്നു. രാഷ്ട്രപതിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്ന പ്രധാന പേരുകാരിൽ ഒരാളാണ് ബച്ചൻ. ഇതോടെ ഈ സാധ്യതകളാണ് അടയുന്നത്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്കും ബാങ്ക് അക്കൗണ്ട് ഉള്ളതായി വിവരമുണ്ട്. ഗൗതം അദാനിയും മോദിയുടെ അടുത്ത സുഹൃത്താണ്. പനാമയിൽ വ്യാജകമ്പനികൾ ഉണ്ടാക്കി പണം നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന കമ്പനിയായ മൊസാക് ഫൊൻസെകയുടെ രേഖകളാണ് ചോർന്നിരിക്കുന്നത്. ഇതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ രാഷ്ട്രീയക്കാർ ആരും കള്ളപ്പണക്കാരുടെ പേരുകാരായില്ലെന്നാണ് സൂചന.

മൊസ്സാക് ഫൊൻസേക എന്ന സ്ഥാപനം കള്ളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിൻ ഐലൻഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകൾ. ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട്, ഡിഎൽഎഫ് പ്രമോട്ടർ കെ.പി.സിങ് തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റു രണ്ട് പ്രമുഖ ഇന്ത്യക്കാർ.

1993ലാണ് ബോളിവുഡ് സൂപ്പർ താരമായ അമിതാഭ് ബച്ചന്റെ വിദേശ നിക്ഷേപം. നാല് കപ്പൽ കമ്പനികളിലാണ് ബച്ചൻ നിക്ഷേപം നടത്തിയിട്ടുള്ളത്. 2003ന് മുമ്പ് ഇന്ത്യാക്കാർക്ക് വിദേശത്ത് നിക്ഷേപം നടത്താൻ ആർബിഐ അംഗീകാരമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐശ്വര്യാ റായി 2005ലാണ് നിക്ഷേപം നടത്തിയത്. അമിക് പാർട്ട്‌ണേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഡയറക്ടറായിരുന്നു ബോളിവുഡ് സുന്ദരി. പിന്നീട് ഓഹരി ഉടയമായി മാറി. 2008ൽ കമ്പനി ഇല്ലാതവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലെ അക്കൗണ്ടിൽ പെടുത്താതെയാണ് ചെയ്തിരിക്കുന്നത്.

2003 വരെ വിദേശത്ത് സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇന്ത്യാക്കാർക്ക് ആർബിഐയുടെ അനുമതിയില്ല. 2004ൽ 25000 ഡോളർ വരെ നിക്ഷേപിക്കാൻ അനുമതി കൊടുത്തു. അപ്പോഴും സ്വന്തമായി കമ്പനികൾ തുടങ്ങാൻ അനുവദിച്ചുമില്ല. അതുകൊണ്ട് തന്നെ ഐശ്വരാ റായിയുടെ നിക്ഷേപവും നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തൽ. അമ്പത് രാജ്യങ്ങളിലെ 140 രാഷ്ട്രീയക്കാരുടെ പേരുവിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ മുൻനിര ഇന്ത്യൻ രാഷ്ട്രീയക്കാർ ആരുമില്ല. കോൽക്കത്താക്കാരനും ലോക്‌സസ്ത പാർട്ടിയുടെ ഡൽഹിയിലെ നേതാവുമായ. ശിഷിർ ബജോറിയയും അനുരാജ് കെജ്രിവാളുമാണ് ഇവർ.  അഭയാർത്ഥിയായ ഇഖ്ബാൽ മിർച്ചിയും കള്ളപ്പണക്കാരുടെ കൂട്ടത്തിലുണ്ട്.

അമിതാഭ് ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോചിക്കുന്നതായി സമാജ്‌വാദി പാർട്ടി മുൻ നേതാവ് അമർസിങിന്റെ വെളിപ്പെടുത്തിയിരുന്നു. ബച്ചന്റെ ഉറ്റസുഹൃത്തായ അമർസിങ് നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെയാണ് കള്ളപ്പളണക്കാരുടെ പട്ടികയിൽ അമിതാഭ് എത്തുന്നത്. നിലവിലെ രാഷ്ട്രപതിയായ പ്രണാബ് മുഖർജിഅടുത്തവർഷം കാലാവധി പൂർത്തിയാക്കാനിരിക്കെയായിരുന്നു പുതിയ വെളിപ്പെടുത്തൽ. രാജീവ്ഗാന്ധിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബച്ചൻ 1984ൽ അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ മൂന്നുവർഷത്തിനുള്ളിൽ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ഇടപെട്ടില്ല.

എന്നാൽ മോദിയുമായി ഏറെ അടുപ്പം പുലർത്തി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിവാദങ്ങളെല്ലാം അവഗണിച്ച് ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറുമായി. മോദിക്ക് ദേശീയ തലത്തിൽ അംഗീകാരം നേടിയെടുക്കുന്നതിന് ബച്ചനെ പോലുള്ളവരുടെ അടുപ്പവും തുണയായി. ഇതിനൊപ്പം എല്ലാവരും പിന്തുണയ്ക്കുമെന്നതും അമിതാഭിനെ രാഷ്ട്രപതിയാക്കാനുള്ള ചിന്തയ്ക്ക് പ്രേരകമായെന്നായിരുന്നു റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി സാധ്യത ഇല്ലായ്മ ചെയ്യാൻ കൂടിയാണിതെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് വിനയായി കള്ളപ്പണക്കാരുടെ പട്ടികയിൽ ബച്ചൻ ഇടം നേടുന്നത്.