- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണത്തൂരിൽ വൻദുരന്തത്തിന് രണ്ടാമൂഴം; അപകടത്തിൽ നടുങ്ങി കണ്ണൂരും; തടി ലോറി മറിഞ്ഞ് നാല് പേർ മരിച്ച അതേസ്ഥലത്ത് ഒരു വർഷം മുമ്പ് അപകടത്തിൽ പെട്ടത് വിവാഹ സംഘം; അന്ന് പൊലിഞ്ഞത് ഏഴുപേരുടെ ജീവൻ
ചെറുപുഴ: കാഞ്ഞങ്ങാടിനടുത്ത പാണത്തൂരിൽ അപകടമുണ്ടായത് നേരത്തെ വൻദുരന്തമുണ്ടായ അതേ സ്ഥലത്ത്. പാണത്തൂരിൽ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേരാണ് മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാണത്തൂർ പരിയാരത്ത് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ കെ ബാബു, എംകെ മോഹനൻ (40), വെങ്കപ്പു എന്ന സുന്ദരൻ (47), നാരായണൻ (53) എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം മരം കയറ്റാൻ വന്ന തൊഴിലാളികളാണ്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ അതീവ ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട സമയത്ത് ഒൻപത് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ലോറി മറിഞ്ഞപ്പോൾ വാഹനത്തിലുണ്ടായിരുന്ന മരത്തടികൾ കെട്ടുപൊട്ടി തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. മരം കയറ്റിയ ലോറി കയറ്റം കയറുന്നതിനിടയിൽ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ വേണുഗോപാൽ പറഞ്ഞു.
ഇപ്പോൾ അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ അന്നു ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. കർണാടകയിൽ നിന്നും വന്ന വിവാഹസംഘം സഞ്ചരിച്ച മിനിബസിൽ സ്ത്രീകളും കുട്ടിക്കളുമടക്കം നിരവധിയാത്രക്കാരുണ്ടായിരുന്നു.
അടുത്തെങ്ങും ആശുപത്രിയോ ആംബുലൻസോയില്ലാത്തത് അന്നു രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.അതിനുസമാനമായ അപകടമാണ് ഇപ്പോഴും നടന്നത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളുമായി അതിർത്തിപങ്കിടുന്ന സ്ഥലങ്ങളിലൊന്നാണ് പാണത്തൂർ. കർണാടക വനമേഖലയോട് ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണിത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്