- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചു ജീവിച്ചിട്ടും പ്രയോജനമില്ല; 'പരേതനായ' സാബു മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ; സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസിന്റെ നെട്ടോട്ടം; കുടുംബ കല്ലറയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തേക്കും; പന്തളത്തെ പരേതന്റെ തിരിച്ചു വരവിൽ നാടകീയത ഏറെ
പന്തളം: ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തിൽ പുലിവാൽ പിടിച്ചിരിക്കുന്നത് പൊലീസും പള്ളി അധികാരികളും. മരിച്ചത് കുടശനാട് പൂഴിക്കാട് വിളയിൽ കിഴക്കതിൽ വി.കെ.സാബു (35)വാണെന്ന് കരുതിയാണ് മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പള്ളിയുടെ കുടുംബ കല്ലറയിൽ സംസ്‌കരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തുന്നതു വരെ കല്ലറയിൽ അന്ത്യനിദ്ര കൊള്ളുന്നത് സാബുവാണെന്നായിരുന്നു ഏവരുടെയും വിചാരം. സാബുവിന്റെ മടങ്ങി വരവോടെ ഉയരുന്ന ചോദ്യം അപ്പോൾ ശരിക്കും മരിച്ചത് ആരെന്നാണ്.
സാബുവിന്റെ മുൻവശത്ത് മുകളിലെ നിരയിൽ മൂന്നു പല്ല് നഷ്ടമായിട്ടുണ്ടായിരുന്നു. ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്‌കരിച്ച മൃതദേഹത്തിനും ഇതേ സ്ഥാനത്ത് മൂന്നു പല്ലുകൾ നഷ്ടമായിരുന്നു. മറ്റെന്തൊക്കെ വ്യത്യാസം ഉണ്ടായിരുന്നിട്ടും പല്ലുകൾ ഇല്ലാത്തത് കണ്ടാണ് മരിച്ചത് സാബു തന്നെയാണെന്ന് അമ്മയും സഹോദരങ്ങളും ഉറപ്പിച്ചത്.
ഡിസംബർ 30 ന് ഉച്ചയ്ക്ക് 12 നാണ് സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം സാബുവിന്റേത് തന്നെ എന്ന കാര്യത്തിൽ സംസ്‌കാര ചടങ്ങിന് കൂടിയ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. സാബു ആളൊരു ജഗജില്ലിയായിരുന്നു. മോഷണമായിരുന്നു മുഖ്യതൊഴിൽ. നാട്ടിൽ നിൽക്കുന്ന പതിവില്ല. എവിടെ ചെല്ലുന്നുവോ അവിടെ അടിയും. ജോലി നൽകുന്നവന്റെ വീട്ടിൽ നിന്നു തന്നെ മോഷ്ടിച്ച് മുങ്ങും. ഏറെ നാൾ സ്വകാര്യ ബസിൽ ക്ലീനറായും ജോലി ചെയ്തിരുന്നു. നിയമപ്രകാരം വിവാഹിതനല്ലെങ്കിലും ഭാര്യയും ഒരു മകളുമുണ്ടെന്ന് പറയുന്നു. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിലായിരുന്നു ജോലി.
കഴിഞ്ഞ ഡിസംബർ 23 ന് നൂറനാട് പ്രാഥമികാരോഗ്യത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കുടശനാട് സ്വദേശി രാജീവ് വേണാടിന് തിരുവനന്തപുരത്ത് നിന്നും ഒരു എസ്ഐയുടെ ഫോൺ കോൾ ലഭിച്ചിരുന്നു. സാബുവിനെ അറിയാമോ? കണ്ടിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. സാബുവിന്റെ അനുജൻ സജിയുടെ ഫോൺ നമ്പർ രാജീവ് പൊലിസിന് കൊടുത്തു. 24 ന് പാലാ പൊലീസിൽ നിന്നൊരു കാൾ സജിക്ക് ലഭിച്ചു. സാബു അപകടത്തിൽപ്പെട്ടു മരിച്ചുവെന്ന് പറഞ്ഞ് ചില ഫോട്ടോകൾ അയച്ചു നൽകി. ബന്ധുക്കൾ പാലായിൽ പോയി മൃതദേഹംതിരിച്ചറിഞ്ഞു. മരിച്ചത് സാബുവാണെന്ന കാര്യത്തിൽ അവർക്കൊരു സംശയവും ഉണ്ടായിരുന്നില്ല. 26 ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 30 ന് സംസ്‌കരിച്ചു.
ഇന്നലെ രാവിലെ സാബുവിനെ കായംകുളത്ത് വച്ചു കണ്ടുവെന്ന് ഒരു ബന്ധു രാജീവ് വേണാടിനോട് പറഞ്ഞു. കണ്ടുവെന്ന് പറഞ്ഞയാളുടെ ഫോൺ നമ്പർ രാജീവ് വാങ്ങി. കായംകുളം-അടൂർ റൂട്ടിൽ ഓടുന്ന ഹരിശ്രീ ബസിന്റെ ഡ്രൈവർ മുരളീധരന്റെ നമ്പർ ആയിരുന്നു അത്. നേരത്തേ ഈ ബസിൽ സാബു മുരളിക്കൊപ്പം ക്ലീനറായി ജോലി ചെയ്തിരുന്നു. രാജീവിന്റെ കാൾ മുരളീധരൻ സാബുവിന് കൈമാറി. അത് സാബുവാണെന്ന് ശബ്ദം കൊണ്ട് രാജീവ് ഉറപ്പിച്ചു.
എങ്കിലും വ്യക്തത വരുത്തുന്നതിനായി വീഡിയോ കാൾ വിളിച്ചു. വന്നിരിക്കുന്നത് സാബു തന്നെയാണെന്ന് മനസിലായതോടെ വിവരം പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനെ വിവരം അറിയിച്ചു. തുടർന്ന് ഹരിശ്രീ ബസിൽ തന്നെ ഡ്രൈവർ മുരളീധരൻ സാബുവിനെ അടൂരിലും പത്താം മൈലിലും എത്തിച്ച് ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 42,000 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിൽ പൊലീസ് തിരയുകയായിരുന്നു 'പരേതനായ' സാബുവിനെ. അവർ ഇന്നലെ വന്ന് കൈയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു കൊണ്ടു പോയി. പുനർജന്മം ജയിലിൽ ആഘോഷിക്കേണ്ട ഗതികേടിലാണ് സാബു.
ഇനി ശരിക്കും മരിച്ചതാരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മൃതദേഹം വീണ്ടെടുക്കാനായി കുടുംബ കല്ലറ പൊളിക്കേണ്ടി വരും. നൂലാമാലകൾ ഏറെയാണ്. പള്ളി അധികാരികൾ സമ്മതിച്ചെങ്കിൽ മാത്രമേ കല്ലറ പൊളിക്കാൻ കഴിയൂ. ഇതിനായി പൊലീസ് ജില്ലാ കലക്ടർക്കും ആർഡിഓയ്ക്കും പള്ളി അധികാരികൾക്കും അപേക്ഷ നൽകേണ്ടിയും വരും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്