- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തളത്ത് പിടിയിലായ എംഡിഎംഎ വിൽപനക്കാർ ചില്ലറക്കാരല്ല; എസ് പിയുടെ ഡാൻസാഫ് ടീം അവരെ നിരീക്ഷിക്കുമ്പോൾ ഉദ്യോഗസ്ഥരെ അവരും സ്‌കെച്ച് ചെയ്തു; ഓരോ ഉദ്യോഗസ്ഥന്റെയും ചിത്രങ്ങളും ഫോൺ നമ്പരും വിശദാംശങ്ങളും പ്രതികളുടെ ഫോണിൽ: ജീവനു പോലും ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഘം ചില്ലറക്കാരല്ല. എസ്‌പിയുടെ ഡാൻസാഫ് ടീം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ പ്രതികൾ തിരികെ ഡാൻസാഫ് ടീമിനെയും സ്‌കെച്ച് ചെയ്തിരുന്നതായുള്ള വിവരങ്ങൾ ലഭിച്ചു. മുഖ്യപ്രതിയായ മോനായി എന്ന രാഹുലിന്റെ ഫോണിലാണ് ഈ വിവരങ്ങൾ ഉണ്ടായിരുന്നത്. ഡാൻസാഫ് ടീമിലെ ഒരോ ഉദ്യോഗസ്ഥന്റെയും പേരും ചിത്രവും ഫോൺ നമ്പരും അടക്കം ഇവർ സേവ ചെയ്തിരുന്നു. പരസ്പരം കൈമാറുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ഫേസ് ബുക്ക് അകൗണ്ട് കണ്ടെത്തി അതിൽ നിന്നുമാണ് ചിത്രങ്ങൾ ശേഖരിച്ചത്. അടുത്തിടെയായി അടൂർ കേന്ദ്രീകരിച്ച് നിരവധി വമ്പൻ ക്യാച്ചുകളാണ് ഡാൻസാഫ് ടീം നടത്തിയിരുന്നത്. തങ്ങളും അവരുടെ നിരീക്ഷണ വലയത്തിലാണെന്ന് മനസിലായപ്പോഴാണ് സിംഹത്തെ മടയിലെത്തി നേരിടാൻ തീരുമാനിച്ചത്. ജില്ലാ നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരാണ് സ്ഥിരം മയക്ക മരുന്ന് വേട്ടക്കാർ. ഇവരെയാണ് ഈ സംഘം സ്‌കെച്ച് ചെയ്തത്. തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ഉദ്യോഗസ്ഥർ ഭയക്കുന്നു.
വിപണി വില 15 ലക്ഷത്തോളം രുപ വരുന്ന എംഡിഎംഎയാണ് ഇന്നലെ ഡാൻസാഫ് സംഘം പിടികൂടിയത്. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം ഡി എം എ വിപണനം നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിൽ തുടർന്ന പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്ജ് വളഞ്ഞ് പൊലീസ് ഇവരെ കീഴടക്കുകയാണുണ്ടായത്. 4 ഗ്രാം ഒരാളുടെ കയ്യിൽ നിന്നും, ബാക്കിയുള്ളത് ബാഗിലും മറ്റുള്ളവരുടെ കൈവശത്തു നിന്നുമാണ് കണ്ടെടുത്തത്.
തുടർന്ന് , അടൂർ തഹസീൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എം ഡി എം എ എന്ന് സ്ഥിരീകരിച്ചു .പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ്രൈഡവും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടൂർ ഡി വൈ എസ് പി ആർ ബിനു, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം എസ് ഐമാരായ ശ്രീജിത്ത്, നജീബ്, സിപി സി പി ഓമാരായ അൻവർഷാ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പന്തളം പൊലീസ് ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായും, ജില്ലയിൽ ഇത്തരം നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.