കണ്ണൂർ: സി.പി. എം സംസ്ഥാന നേതൃനിരയിലേക്ക് കണ്ണൂരിൽ നിന്നും പുതിയൊരു നേതാവ് കൂടി.കൂത്തുപറമ്പ് സ്വദേശിയും പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗവുമായ വത്സൻ പനോളിയാണ് കർഷക സംഘം സംസ്ഥാനസെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. കൂത്തുപറമ്പ് സ്വദേശിയായ വത്സൻ പനോളി റെയ്ഡ്കോ ചെയർമാൻ കൂടിയാണ്. നേരത്തെ സെക്രട്ടറിയായിരുന്ന കെ. എൻ ബാലഗോപാൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേക്ക് പനോളി വത്സനെ നിയോഗിച്ചത്. മുന്മന്ത്രിയായ എം.വിജയകുമാറാണ് കർഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്. സി.പി. എം എറണാകുളം മുൻജില്ലാ സെക്രട്ടറി ഗോപികോട്ടമുറിക്കലാണ് ട്രഷറർ. രാജ്യസഭയിലേക്ക് സിപിഎം ഇപ്പോൾ അയച്ച കെ ശിവദാസന്റെ ഭാര്യാ പിതാവ് കൂടിയാണ് പനോളി വൽസൻ.

പാർട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന വത്സൻ പനോളി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഉയർത്തപ്പെടുന്നത് പി.ജയരാജൻ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ്. ജയരാജന്റെ കൂത്തുപറമ്പിലെ അതീവവിശ്വസ്തരിലൊരാളായിരുന്നു വത്സൻ പനോളി. ആർ. എസ്. എസുമായി നിരന്തരം സംഘർഷമുണ്ടായിരുന്ന കാലത്ത് കൂത്തുപറമ്പ് ഏരിയയിൽ പാർട്ടിയെ നയിച്ചിരുന്നത് വത്സൻ പനോളിയാണ്. ഇക്കാലത്ത്് ഏറ്റവും കൂടുതൽ വധഭീഷണിയുയർന്ന നേതാവും വത്സൻ പനോളിയായിരുന്നു. നിരവധി തവണയാണ് തലനാരിഴയ്ക്കു വധശ്രമങ്ങളിൽ നിന്നും ഈ നേതാവ് രക്ഷപ്പെട്ടത്. വിദ്യാർത്ഥി നേതാവായിരുന്ന കെ.വി സുധീഷ് കൊല്ലപ്പെട്ട രാത്രിയിൽ അക്രമികൾ ആദ്യം തേടിയത് വത്സൻ പനോളിയെ തെരഞ്ഞായിരുന്നു.

എന്നാൽ രഹസ്യവിവരം ലഭിച്ചതനുസരിച്ച് അന്ന് വീട്ടിൽ നിന്നും മാറി നിന്നതിനാലാണ് വത്സൻ പനോളി വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. പി.ജയരാജന്റെ നിഴലുപോലെ നടന്നിരുന്ന നേതാക്കളിലൊരാളായിരുന്നു വത്സൻ പനോളി. ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായ വേളയിലാണ് പനോളിയും ജില്ലാസെക്രട്ടറിയേറ്റിലെത്തുന്നതും കർഷക സംഘത്തിന്റെ ചുമതല നൽകുന്നതും. പിന്നീട് വൻ വ്യവസായ സംരഭമായ റെയ്ഡോ ചെയർമാനായും പാർട്ടി അദ്ദേഹത്തെ നിയോഗിച്ചു. ഇതിനിടെ വ്യക്തിപൂജ വിവാദത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനും തമ്മിൽ അകന്നതോടെ പിണറായിയുടെ അതീവ വിശ്വസ്തരുടെ പട്ടികയിൽ ഇടം നേടാൻ വത്സൻ പനോളിക്ക് കഴിഞ്ഞു. ഇതോടെ പി.ജയരാജനുമായി ക്രമേണ അകലുകയും ചെയ്തു.

ജയരാജൻ പാർട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞപ്പോൾ കൂടുതൽ അപ്രമാദിത്വം വത്സൻ പനോളിക്ക് ലഭിച്ചു. കണ്ണൂരിൽ പി.ജയരാജനു പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിർവാദത്തോടെ ഉയർത്തപ്പെട്ട നേതാവായിരുന്നു വത്സൻ പനോളി. ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ ഇദ്ദേഹത്തിന്റെ പാർട്ടിയുടെ ഏറ്റവും കരുത്തേറിയ വർഗബഹുജനസംഘടനയായ കർഷക സംഘത്തിന്റെ ചുമലത നൽകിയതോടെ സംസ്ഥാനതലത്തിൽ ജയരാജന്റെ സാധ്യതകൾ കൂടുതൽ മങ്ങുകയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയും പി.ജയരാജനും തമ്മിലുള്ള ബന്ധത്തിന്റെ മഞ്ഞുരുകിയിട്ടില്ലെന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കർഷക സംഘം സംസ്ഥാന സെക്രട്ടറിയാരാകണമെന്ന ചർച്ചയുണ്ടായപ്പോൾ സംസ്ഥാനതലത്തിൽ പ്രവർത്തിച്ച് അനുഭവസമ്പത്തില്ലാത്ത കേവലമൊരു ജില്ലാ നേതാവായ പനോളി വത്സന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ മറ്റുപേരുകൾ ഉയർന്നുവന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.പാർട്ടിയിലും ഭരണത്തിലും സർവശക്തനായ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായ ഭിന്നതകൾ തുടരുകയാണെങ്കിൽ വരുന്ന സി.പി. എം സംസ്ഥാന കമ്മിറ്റിയിലും ജയരാജൻ ഉണ്ടാകാൻ സാധ്യത കുറവാണ്.

വർഗബഹുജന സംഘടനയുടെ സെക്രട്ടറിയെന്ന നിലയിൽ വത്സൻ പനോളി സംസ്ഥാന കമ്മിറ്റിയിലും ഇടം പിടിച്ചേക്കും.സി.പി. എമ്മിൽ ജയരാജൻ നിറം മങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ നാട്ടിൽ നിന്നു തന്നെ മറ്റൊരു നേതാവിനെ അതിവേഗം സംസ്ഥാന തലത്തിലേക്ക് ഉയർത്തികൊണ്ടുവരാനുള്ള നീക്കം പാർട്ടി ഔദ്യോഗിക വിഭാഗം നടത്തുന്നത്. കൂത്തുപറമ്പിലെ മൻസൂർ വധത്തിന് പിന്നിൽ പാനോളിയാണെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചു.