- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻ
പന്തളം: കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിടിച്ച നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം. ന്യൂനപക്ഷക്കാരനല്ല, ദളിതന് വേണം ചെയർമാൻ സ്ഥാനം നൽകാനെന്ന് ഒരു വിഭാഗം. 33 അംഗ കൗൺസിലിൽ 18 സീറ്റ് നേടി കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. ഒരു സ്വതന്ത്രനുംവിജയിച്ചു.
കുരമ്പാല വെസ്റ്റ് ഡിവിഷനിൽ നിന്നും 12 വോട്ടിന് വിജയിച്ച അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനാക്കി കേരളത്തിൽ മതേതര മുഖം നേടാനാണ് ബിജെപിയുടെ ശ്രമം. അതേ സമയം തന്നെ തുടർച്ചയായി നാലാം തവണയും ജനപ്രതിനിധിയായ ദളിത് വിഭാഗത്തിൽപ്പെട്ട കെവി പ്രഭയ്ക്ക് ചെയർമാൻ സ്ഥാനം നൽകണമെന്നാണ് ബിജെപിയിൽ ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം. മറ്റ് രണ്ട് മുന്നണികളും ദളിതരെ ഒതുക്കുമ്പോൾ ബിജെപി അതിൽ നിന്നൊരാൾക്ക് ചെയർമാൻ സ്ഥാനം നൽകുന്നത് നല്ലൊരു സന്ദേശമാകുമെന്നും വിലയിരുത്തപ്പെടുന്നു.
കുരമ്പാല ഡിവിഷനിൽ 335 വോട്ടാണ് അച്ചൻകുഞ്ഞ് ജോൺ നേടിയത്. 323 വോട്ട് നേടിയ സിപിഎമ്മിലെ ആർ ജ്യോതികുമാർ രണ്ടാമതും 220 വോട്ട് നേടിയ കോൺഗ്രസിലെ ചെറുവള്ളിൽ ഗോപകുമാർ മൂന്നാമതുമെത്തി. അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും എപി അബ്ദുള്ളക്കുട്ടിയെ വൈസ് പ്രസിഡന്റ് ആക്കിയതു പോലെയുമുള്ള ഒരു നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ, കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനം കൊണ്ട് പാർട്ടിക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നാണ് ചില നേതാക്കളുടെ വിലയിരുത്തൽ. അബ്ദുള്ളക്കുട്ടിയുടെ വരവ് എങ്ങനെ ആയിത്തീരുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. ആ സാഹചര്യത്തിൽ ആറ്റു നോറ്റ് ഭരണം കിട്ടിയ പന്തളത്ത് ന്യൂനപക്ഷക്കാരനെ ചെയർമാനാക്കുന്നതിന് ഭൂരിപക്ഷത്തിനും എതിർപ്പാണുള്ളത്.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്ന കെവി പ്രഭ പന്തളം പഞ്ചായത്ത് ആയിരിക്കുമ്പോൾ രണ്ടു വട്ടം ബിജെപിയുടെ മെമ്പർ ആയിരുന്നു. കഴിഞ്ഞ തവണ മുനിസിപ്പാലിറ്റി ആയപ്പോൾ കൗൺസിലർ ആയും വിജയിച്ചു. ഇക്കുറി കുരമ്പാല നോർത്ത് വാർഡിൽ നിന്ന് എട്ടു വോട്ടിനാണ് വിജയിച്ചത്. 368 വോട്ടാണ് പ്രഭ നേടിയത്. സിപിഐയിലെ സി സന്തോഷ് 360 വോട്ട് നേടി. കോൺഗ്രസിലെ എകെ ഗോപാലൻ 148 ഉം സ്വതന്ത്രൻ എം. രാജേഷ് 19 ഉം വോട്ട് നേടി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്