പന്തളം: കേരളാ ബാങ്ക് പന്തളം ശാഖാ മാനേജർ കെ. സുശീലയെ വായനക്കാർ മറന്നു കാണാനിടയില്ല. തന്റെ ബാങ്ക് തന്നെ ജപ്തി ചെയ്യാൻ തീരുമാനിച്ച ഒരു നിർധന കുടുംബത്തിന്റെ കിടപ്പാടം സഹപ്രവർത്തകരിൽ നിന്ന് അടക്കം പണം സ്വരൂപിച്ച് ബാങ്കിൽ അടച്ചു തീർത്ത് ജപ്തി ഒഴിവാക്കിയ സുശീല. ജീവകാരുണ്യത്തിന്റെ മഹത്തായ മാതൃക സുശീല തീർത്തത് ഇതേ അനുഭവം നേരിടേണ്ടി വന്ന തന്റെ യൗവനകാലം ഓർമിച്ചു കൊണ്ടായിരുന്നു.

തന്റെ ഭൂതകാലത്ത് അമ്മയോടൊപ്പം ജപ്തി ചെയ്യാറായ വീടിന്റെ മുന്നിൽ പകച്ചു നിന്ന സുശീലയ്ക്ക് കിടപ്പാടം തിരിച്ചെടുത്തു കൊടുക്കാനും ഒരാൾ എത്തിയിരുന്നു. സമാന സാഹചര്യം ഇതേ കുടുംബത്തിലും കണ്ടപ്പോഴാണ് തന്റെ അനുഭവം ഓർമ വന്നതും പണം പിരിച്ച് കൊടുത്ത് പാവപ്പെട്ട കുടുംബത്തിന്റെ ജപ്തി ഒഴിവാക്കിയതും. ഇപ്പോഴിതാ താൻ വീണ്ടെടുത്തു കൊടുത്ത അതേ ഭൂമിയിൽ സുശീല അവർക്കായി ഒരു കിടപ്പാടം ഒരുക്കുന്നു. ഒറ്റയ്ക്കല്ല, നിരവധി സുമനസുകളുടെ സഹായത്തോടെ.

ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ തന്നെയാണ് നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. തോന്നല്ലൂർ ഇളയശേരിൽ വീട്ടിലെ അവിവാഹിത സഹോദരങ്ങളായ രാജമ്മ, രാധാകൃഷ്ണൻ, രാജേശ്വരി എന്നിവർക്കാണ് വീട് വച്ച് നൽകുന്നത്. ഇന്നലെ പകൽ 12 ന് ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിൽ കട്ടിളവയ്പ് ചടങ്ങ് നടന്നു. 650 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൺ, ബാത്ത്റൂം എന്നിവ അടങ്ങുന്നതാണ് വീട്.

2008 മെയ് 30 ന് ജില്ലാ സഹകരണ ബാങ്ക് ശാഖയിൽ നിന്നും വീടിന്റെ നിർമ്മാണത്തിനായി രാജമ്മ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജീവിതത്തിലുണ്ടായ വമ്പൻ പ്രതിസന്ധികൾ മൂലം വായ്പ തിരികെ അടയ്ക്കുവാൻ കഴിയാതെയായി. അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരൻ, സഹോദരി എന്നിവരുടെയും മരണം തിരിച്ചടിയായി. 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടി തുടങ്ങി. ഇിന്റെ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചു. തവണ അടയ്ക്കാത്തതിനെ തുടർന്ന് പലിശ സഹിതം 2.45 ലക്ഷം രുപയായി. കഴിഞ്ഞ മാർച്ച് 16ന് ബാങ്ക് സ്വന്തം നിലയിൽ സംഘടിപ്പിച്ച അദാലത്തിൽ 1,28,496 രൂപ കുറവ് ചെയ്തു. ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാം എന്ന് നിർദ്ദേശമുണ്ടായി.

അവിടെയാണ് മാലാഖയെപ്പോലെ ബാങ്ക് മാനേജർ കെ. സുശീല അവതരിക്കുന്നത്.ബാങ്ക് ജീവനക്കാരും മുൻ ജീവനക്കാരേയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. രാജമ്മയുടെ ദയനീയകഥ സുശീല വിവരിച്ചു. രാജമ്മയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. തുടർന്ന് അക്കൗണ്ടിലേക്ക് 98, 8,628 രൂപ പിരിഞ്ഞു കിട്ടി. കഴിഞ്ഞ രാജമ്മയെ ബാങ്കിൽ വിളിച്ച് വരുത്തി. ലോൺ തീർത്ത് പ്രമാണം നൽകി.

അഞ്ചു മക്കൾ അടങ്ങുന്ന കുടുംബമായിരുന്നു രാജമ്മയുടേത്. എല്ലാവരും വിദ്യാസമ്പന്നർ മാതാപിതാക്കും സഹോദരനും, സഹോദരിയും മരണപ്പെട്ടു. മരണപ്പെട്ട ഒരു സഹോദരി പന്തളം എൻ.എസ്.എസ്. കോളജിലെ ലൈബ്രറി ജീവനക്കാരിയായിരുന്നു. അവരുടെ മരണത്തോടെയായിരുന്നു കുടുംബം പട്ടിണിയിലും കടത്തിലുമായത്. ഇതിനിടെയായിരുന്ന വീടിന്റെ പണി തുടങ്ങിയത്. താൽക്കാലികമായി ഉണ്ടായിരുന്ന വീട് അഗ്നിക്കിരയായി.

ബാങ്ക് മാനേജർ ഈ സഹോദരങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചു നൽകാമെന്നായി. വാട്സാപ് ഗ്രൂപ്പ് സജീവമാക്കി. വെള്ളായണി കാർഷിക കോളജ് 80-84 ബാച്ചിലെ വിദ്യാർത്ഥികളും ബാങ്ക് ജീവനക്കാരോടൊപ്പം അണി ചേർന്നതും സഹായമായെന്ന് സുശീല പറഞ്ഞു. രണ്ട് മാസത്തിനകം വീട് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. ബ്രഹ്മാ ബിൽഡിങ് കൺസ്ട്രക്ഷൻ മാനേജർ മായയാണ് പ്രതിഫലേച്ഛ കൂടാതെ വീടിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.