പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് മാരക മയക്കുമരുന്നുമായി പിടിയിലായവരിൽ മൂന്നു പേർ ഡിവൈഎഫ്ഐ നേതാക്കൾ. ഭരണപ്പാർട്ടിയുടെ യുവജനസംഘടനയുടെ തലപ്പത്തിരിക്കുന്നുവെന്ന ആനുകൂല്യം മുതലാക്കി ലഹരിമരുന്ന് കച്ചവടം നടത്തിയ ഇവരെ ഇതേ രീതിയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി സംഘമാണ് ഒറ്റിയതെന്ന് സൂചന. കരുനാഗപ്പള്ളി സംഘത്തെ നയിക്കുന്നതും ഡിവൈഎഫ്ഐയുടെ നേതാക്കളാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.

അടൂർ പറക്കോട് ഗോകുലം വീട്ടിൽ മോനായി എന്ന രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന (23), പള്ളിക്കൽ പെരിങ്ങനാട് ജലജു വിലാസം ആര്യൻ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണൻ(20), കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ (20) എന്നിവരാണ് പിടിയിലായത്. ഇതിൽ മോനായി ഡിവൈഎഫ്ഐയുടെ പറക്കോട് മേഖലാ കമ്മറ്റിയംഗമാണ്.

ആര്യൻ ഡിവൈഎഫ്ഐ പെരിങ്ങനാട് വായനശാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും സജിൻ കൊടുമണിലെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാഹിന മോനായിയുടെ കാമുകിയാണെന്ന് പറയപ്പെടുന്നു. പിതാവ് മരിച്ചു പോയ ഷാഹിനയുടെ മോഡലിങ് ഭ്രമം മുതലെടുത്താണ് മോനായി ഈ ഫീൽഡിലേക്ക് ഇറക്കിയത്. മോനായി പോകുന്നിടത്തൊക്കെ ഷാഹിനയെയും കൂട്ടിയിരുന്നു. മോഡലിങിന് പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്.

അന്വേഷണ സംഘം ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും ലൈംഗിക ഉപകരണമായ വൈബ്രേറ്ററും കണ്ടെത്തി. മൊബൈൽ ഫോണുകളിൽ നിന്ന് ലൈംഗികവേഴ്ചയുടെ ദൃശ്യവും കണ്ടെത്തി. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഞങ്ങളുടെ സ്വകാര്യതയല്ലേ എന്നായിരുന്നുവത്രേ മറുപടി. കഞ്ചാവ് ലേഹ്യം, നിരവധി പെൻഡ്രൈവുകൾ എന്നിവയും മുറിയിൽ നിന്ന് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരെന്ന മറവിൽ ലഹരി മരുന്ന് വിൽപ്പനയ്ക്കായി നിരവധി ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടൂർ മേഖലയിലെ എംഡിഎംഎ കച്ചവടത്തിന്റെ കുത്തക മോനായിയുടെ ടീമിനായിരുന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള മറ്റൊരു ടീം ഇവിടെ പിടിമുറുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. അതിന്റെ ചൊരുക്കാൻ പൊലീസിന് ഇൻഫർമേഷൻ കിട്ടാൻ കാരണമെന്ന് പറയപ്പെടുന്നു.

അടൂർ കേന്ദ്രമാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ജില്ലകളിലേക്ക് കഞ്ചാവും മറ്റു ലഹരി മരുന്നുകളും എത്തിക്കുന്നത്. ലഹരി കടത്തുകാരുടെ സുരക്ഷിത താവളമാണ് അടൂർ. ശനിയാഴ്ച ഉച്ചയോടെയാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ 154 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഇവിടെ മുറിയെടുത്തത്. ഇവിടേക്ക് പുറമേ നിന്ന് ചിലരും എത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയർമാരാണ്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ഇവർ പറഞ്ഞത്. മോനായി അടക്കം മൂന്നു പേരാണ് അന്വേഷണ സംഘം എത്തിയപ്പോൾ മുറിയിലുണ്ടായിരുന്നത്. പിന്നാലെ അവിടേക്ക് വന്ന മറ്റുള്ളവരെ അന്വേഷണ സംഘം പതിയിരുന്ന് പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഷാഹിനയും രാഹുലും ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് വിധുവും കൂട്ടരും ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. ലഹരിമരുന്ന് വലിയ തുകയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. വില കണക്കാക്കുമ്പോൾ ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലവരും.