കൊച്ചി: എറണാകുളത്ത് ആറിടത്ത് സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ പിടിയിലായി. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലഫോൺ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം.

കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിതിൻ, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്. നേരത്തെ, സംശയം തോന്നിയതിനെ തുടർന്ന് കൊരട്ടിയിൽ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

കൊരട്ടി ദേശീയപാതയിൽ ഇലക്ട്രിക് ഷോപ്പിന്റെ മറവിലാണ് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇന്റർനാഷണൽ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റിക്കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും.

ചാലക്കുടി ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണം. കള്ളക്കടത്ത് സംഘങ്ങൾ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് അന്വേഷിച്ചു വരികയാണ്.

ഇവർ ഉപയോഗിച്ചിരുന്ന സാമഗ്രികൾ പൊലീസ് കണ്ടെടുത്തു. ആരാണ് ഫോൺ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.