- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ മുറിയിൽ നിന്നും ഏഴു ലക്ഷത്തിന്റെ ഉപകരണങ്ങൾ നഷ്ടപ്പെട്ടു; പിജി വിദ്യാർത്ഥിനിയുടെ ലാപ് ടോപ്പും കള്ളൻ കൊണ്ടു പോയി; കാട്ടിലെ തടി: തേവരുടെ ആന: വലിയെടാ വലി! സർക്കാർ ഏറ്റെടുത്തതിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ നടന്നത് മോഷണ പരമ്പര
കണ്ണൂർ: ഓപ്പറേഷൻ മുറിയിൽ നിന്നും ഏഴു ലക്ഷത്തിന്റെ ഉപകരണങ്ങൾ നഷ്ടപ്പെട്ടതിനു പുറകെ പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജിൽ വീണ്ടും കവർച്ച പിജി വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നും വില കൂടിയ ലാപ്പ്‌ടോപ്പ് മോഷണം പോയി. സൈക്യാട്രിക് പി.ജി വിദ്യാർത്ഥിനി ഡോ.. അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ മെയ് 30നാണ് ലാപ്പ്‌ടോപ്പ് മോഷണം പോയത്. ലാപ്പ് നഷ്ടപ്പെട്ട വിവരം അന്നു തന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചുവെങ്കിലും കണ്ടുകിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിയാരം പൊലിസിൽ പരാതി നൽകിയതെന്ന് ഡോ.അശ്വതി പറഞ്ഞു. സംഭവത്തെ കുറിച്ച് പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എട്ടാം നിലയിലെ 802 നമ്പർ ബ്‌ളോക്കിലെ മുറിയിലാണ് പി.ജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. മോഷണം നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്.
ഒരാൾ മുറിയിലേക്ക് കടക്കുന്നതും തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങളാണ് കണ്ടെത്തിയത് ലാപ്പ്‌ടോപ്പുമായി മുറി വിടുന്നത് ദൃശ്യമാണെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. സർക്കാർ ഏറ്റെടുത്തതിനു ശേഷം നിരവധി മോഷണ പരമ്പരകളാണ് പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്നതെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞ ജൂൺ ഏഴിന് ആറാം നിലയിലെ ഓപ്പറേഷൻ തീയേറ്ററിലെ ലാവിഞ്ചോ സ്‌കോപ്പി യെന്ന ഉപകരണമാണ് കാണാതായത്. ഏതാണ്ട് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണമാണിത്.ഇതിനെ കുറിച്ചുള്ള വിവരവും ഇതുവരെ പൊലിസ് അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. എന്നാൽ ആശുപത്രിക്കുള്ളിൽ നിന്നും സഹായം ലഭിക്കാതെ ഇത്തരമൊരു മോഷണം നടക്കാൻ സാധ്യതയില്ലെന്നാണ് പൊലിസ് പറയുന്നത്.മെഡിക്കൽ കോളേജിൽ പൊലിസ് ക്യാംപ് ഓഫിസും കനത്ത സെക്യൂരിറ്റി സിസ്റ്റവുവുണ്ടായിട്ടും പരിയാരത്ത് നടക്കുന്ന കവർച്ചാ പരമ്പരകൾ ഏറെ ദുരുഹതയുളവാക്കുന്നുണ്ട്.
ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തവരെ മുഴുവൻ ചോദ്യം ചെയ്താൽ മാത്രമേ കേസിനെ കുറിച്ചുള്ള തുമ്പു ലഭിക്കുകയുള്ളുവെന്ന നിലപാടിലാണ് പൊലിസ് .ഇതിനിടെ മെഡിക്കൽ കോളേജിലെ വരാന്തയിൽ അലക്ഷ്യമായിട്ട മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മോഷണം പോയിട്ടും നടപടിയില്ലാത്തത് ഏറെ വിമർശന വിധേയമായിട്ടുണ്ട്. കൊ വിഡ് കാലത്ത് സർക്കാരിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച വില കുടിയ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും.മെഡിക്കൽ കോളേജിലെ മോഷണ പരമ്പരകളെ കുറിച്ച് കഴിഞ്ഞ ദിവസം മുതൽ ഇന്റലിജൻസ് എ.ഡി.ജി.പിയും അന്വേഷണമാരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ
കല്യാശേരി എംഎൽഎ. എം. വിജിൻ ഇന്ന് പകൽ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ വിവിധ പ്രശ്‌നങ്ങൾ പഠിച്ചതിനു ശേഷം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.വിജിൻ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്