കൊച്ചി: രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജക്ക് മന്ത്രിപദവി നൽകാത്തതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ഹാഷ്ടാഗോട് കൂടിയാണ് പാർവ്വതിയുടെ ട്വീറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം കേരള എന്നിവരെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്.

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശൈലജ ടീച്ചറെ മാറ്റാൻ എങ്ങനെ സാധിക്കുന്നു. ഇതിനൊരു ന്യായീകരണമോ വിശദീകരണമോ ഇല്ലേ? ജനങ്ങളാണ് അവരുടെ നേതാക്കളെ തെരഞ്ഞെടുത്തത്. ഈ പ്രവൃത്തിയിലൂടെ പാർട്ടിയെ ജനങ്ങൾ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും പാർവ്വതി ട്വീറ്റിൽ പറയുന്നു.

'ഞങ്ങൾ ഇതിലും മികച്ചത് അർഹിക്കുന്നു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ട് വരു. ഈ സമയത്തെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാൾ. കടുത്ത വ്യാധികൾ വന്ന സമയത്ത് ടീച്ചറാണ് സംസ്ഥാനത്തെ അതിലൂടെ നയിച്ചത്. രണ്ടാം കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ സിപിഐഎം ടീച്ചറെ അവരുടെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണോ ചെയ്യുന്നത്. ഇത് എന്തിനാണ്. ഇതിനൊരു ന്യായീകരണമോ വിശദീകരണമോ ഇല്ലേ? ജനങ്ങളാണ് അവരുടെ നേതാക്കളെ തെരഞ്ഞെടുത്തത്. ഈ പ്രവൃത്തിയിലൂടെ പാർട്ടിയെ ജനങ്ങൾ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഏറ്റവും മികച്ച സർക്കാരിനെക്കാൾ പ്രധാനം മറ്റെന്താണ്? ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ട് വരൂ. ശൈലജ ടീച്ചർ മന്ത്രിസഭയിൽ തുടരാൻ ഏറ്റവും അർഹതയുള്ള വ്യക്തിയാണ്. അവരുടെ ശക്തമായ നേതൃത്വം സംസ്ഥാനത്തെ ജനങ്ങൾക്ക് ആവശ്യമാണ്.'- പാർവ്വതി കുറിച്ചു.