- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനം ലാൻഡ് ചെയ്തിട്ടും ഡോർ തുറക്കുന്നില്ല; ക്ഷമകെട്ട യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് ചിറകിലൂടെ നടന്നു; പിന്നെ സംഭവിച്ചത്
ഷിക്കാഗോ: നിലത്തിറങ്ങിയ വിമാനം ഗെയ്റ്റിനടുത്തേക്ക് സാവധാനം നീങ്ങുന്നതിനിടയിൽ എമർജൻസി ഡോർ തുറന്ന് വിമാനത്തിന്റെ ചിറകിന്മേലിലൂടെ നടന്ന യാത്രക്കാരെ ഷിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ നാലരക്കായിരുന്നു സംഭവം നടന്നത്. സാൻ ഡിയാഗോയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു മറ്റ് യാത്രക്കാരെ സ്തംബ്ദരാക്കിക്കൊണ്ട് ഇത്തരത്തിൽ പെരുമാറിയത്. ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വിമാന ചിറകിലൂടെ നടന്ന് പിന്നീട് നിലത്തേക്ക് ഊർന്നിറങ്ങിയ ഇയാളെ എയർപോർട്ടിലെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ആയിരുന്നു. ഇയൾ ഇരുന്ന സീറ്റിന് രണ്ടു സീറ്റ് പുറകിൽ ഇരുന്ന മേരി എലൻ ഈഗിൾസ്റ്റൺ എന്ന ഒരു സ്ത്രീ, തുറന്നിരിക്കുന്ന എമർജൻസി ഡോറിന്റെ ചിത്രത്തോടൊപ്പം, ഇക്കാര്യം ട്വീറ്റ് ചെയ്തപ്പോഴാണ് ലോകം ഈ സംഭവം അറിയുന്നത്. തങ്ങൾ ഗെയ്റ്റിനടുത്ത് എത്തും മുൻപേ, കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരൻ വിമാനത്തിൽ നിന്നും ചാടി എന്നായിരുന്നു ഇവർ ട്വീറ്റ് ചെയ്തത്.
യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. മദ്യത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള ലഹരിയുടെയോ സ്വാധീനത്താലാണോ ഇയാൾ ഇത് ചെയ്തതെന്ന് വ്യക്തമല്ല എന്നാണ് യുണൈറ്റഡ് എയർലൈൻസ് പ്രതിനിധി പറഞ്ഞത്. തങ്ങളുടെ ഗ്രൗണ്ട് ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറിയതായും അയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും വക്താവ് അറിയിച്ചു. എന്നാൽ, ഇയാളുടെ മേൽ ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയില്ല എന്നും വക്താവ് അറിയിച്ചു.
ഏതായാലും ഇതൊടെ മറ്റു യാത്രക്കാർക്ക് വിമാനത്തിൽ നിന്നുമിറങ്ങാൻ 20 മിനിറ്റോളം വൈകുകയുണ്ടായി. പുറകിലെ വലതുഭാഗത്തുള്ള എമർജൻസി ഡോർ സീറ്റ് 21 ൽ ഇരുന്ന വ്യക്തി തുറന്നതായും അതുവഴി പുറത്തു കടന്നതായും ഷിക്കാഗോ വിമാനത്താവളത്തിലെ എയർ ട്രാഫിക് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും അറിയിച്ചു. പൊലീസ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിച്ചിട്ടില്ല.
മറുനാടന് ഡെസ്ക്