- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തു പിറന്ന മലയാളിക്കുഞ്ഞിനു പാസ്പോർട്ട് ലഭിച്ചു; അടിയന്തര പാസ്പോർട്ട് അനുവദിച്ചത് ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ്; ഡോക്ടർമാർ അനുവദിച്ചാൽ കേരളത്തിലേക്കു പറക്കാം; പത്തനംതിട്ട സദേശിനി സിനിയും കുഞ്ഞും സുഖമായിരിക്കുന്നു
ഫ്രാങ്ക്ഫർട്ട്: ലണ്ടനിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ വിമാനത്തിൽ ഒക്ടോബർ 5 ന് ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആൺകുട്ടിക്കു പാസ്പോർട്ട് അനുവദിച്ചു. ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി പാസ്പോർട്ട് അനുവദിച്ചത്. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റാണ് അടിയന്തിരമായി പാസ്പോർട്ട് അനുവദിച്ചത്. ഷോൺ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
അസിസ്റ്റന്റ് കോൺസുൽ ഓഫിസർ ഇന്ദ്രജിത്കുമാർ ഷോണിന്റെ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിനി മറിയാമ്മ ഫിലിപ്പിനും ഷോണിന്റെ പുതിയ പാസ്പോർട്ട് കൈമാറി. ഒപ്പം ജനറൽ കോൺസുലേറ്റിന്റെ സന്തോഷസൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടർമാർ അനുവദിച്ചാലുടൻ ഷോണും കുടുംബവും കേരളത്തിലേയ്ക്കു പറക്കും.
ലണ്ടൻ കൊച്ചി പറക്കലിനിടെ 29 ആഴ്ച പ്രായമായ അതായത് ഏഴു മാസം ഗർഭിണിയായ പത്തനംതിട്ട സദേശിനി സിനിക്കു പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നു ഫ്ളൈറ്റിലുണ്ടായിരുന്ന രണ്ടു മലയാളി ഡോക്ടർമാരുടെയും നാലു നഴ്സുമാരുടെയും സഹായത്തോടെയാണു ഫ്ളൈറ്റിലെ ബിസിനസ് ക്ളാസ്് ഏരിയയിൽ ലേബർ റൂം സജ്ജമാക്കി വിമാനാധികൃതർ പ്രസവരക്ഷ ഒരുക്കിയത്.
അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നതിനാൽ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്കു മാറ്റുകയുമായിരുന്നു.
ഒക്ടോബർ അഞ്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് 1.15. പതിവ് പോലെ എയർ ഇന്ത്യ 150 ബോയിങ് 787 നിറയെ യുകെ മലയാളികളുമായി പറന്നുയർന്നു. ബിസിനസ് ക്ലാസ് കഴിഞ്ഞുള്ള മുൻ നിര സീറ്റിലെ യാത്രക്കാരാണ് ദമ്പതികളായ സിമിയും ചെറിയാനും. തൊട്ടരികെ പോർട്സ്മൗത്തിലെ മലയാളി നഴ്സ് ലീല ബേബി, അധികം അകലെയല്ലാത്ത നിരയിൽ ബേസിങ്സ്റ്റോക്കിലെ രണ്ടാം തലമുറയിലെ മലയാളി ഡോക്ടർ റിച്ചു ഫിലിപ്പ്, ഡോ. ഇൻഷാദ് ഇബ്രാഹിം തുടങ്ങി ഡോക്ടർമാരും നഴ്സുമാരുമായി അനേകം മലയാളികൾ. വിമാനം ഏകദേശം ഒന്നര മണിക്കൂർ പറന്നപ്പോഴേക്കും വയറ്റിൽ 29 ആഴ്ച പ്രായമായ കുഞ്ഞുമായി യാത്ര ചെയ്യുന്ന ഗർഭിണി സിമിക്ക് ചെറുതായി വേദന അനുഭവപ്പെടുന്നു.
അൽപം സമയം വേദന സഹിച്ചെങ്കിലും കോൺട്രാക്ഷൻ അനുഭവപെട്ടു തുടങ്ങിയതോടെ ഭർത്താവ് വിവരം വിമാന ജീവനക്കാരെ അറിയിച്ചു. ഇതേ തുടർന്ന് വിമാനത്തിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാകണം എന്ന് ജീവനക്കർ അനൗൺസ് ചെയ്യുക ആയിരുന്നു. ഇതിനിടയിൽ പൈലറ്റ് തൊട്ടടുത്ത എയർ കൺട്രോൾ റൂമിലും വിവരം നൽകി. അപ്പോഴേക്കും വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ എത്തിയിരുന്നു. എമർജൻസി ലാൻഡിങ് വേണ്ടി വരും എന്നുറപ്പായതോടെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് പൊലീസ്, മെഡിക്കൽ ടീം എന്നിവരുമായി എയർ ഇന്ത്യ വിമാനത്തിനായി കാത്തിരിപ്പായിരുന്നു.
ഇതിനിടയിൽ വിമാനത്തിൽ പ്രസവ മുറി അതിവേഗം തയ്യാറാവുക ആയിരുന്നു. ബിസിനസ് ക്ലാസ് / ഫസ്റ്റ് ക്ലാസ് ഏരിയ വിമാന ജീവനക്കാർ സീറ്റുകൾ ബെഡ് രൂപത്തിൽ അതിവേഗം സിമിയുടെ പ്രസവത്തിനായി സജ്ജമാക്കി. മെഡിക്കൽ കിറ്റും മറ്റും വേഗത്തിൽ താൽക്കാലിക ലേബർ റൂമിലേക്ക് എത്തിക്കാൻ ജീവനക്കാർ ധൃതിപ്പെട്ടു. യാത്രക്കാരിൽ നല്ല പങ്കും മലയാളികൾ തന്നെ ആയതിനാൽ എല്ലാവരും ഏതു സഹായത്തിനും ഒപ്പത്തിനൊപ്പമായി.
വിമാന ജീവനക്കാരുടെ സന്ദേശം പലവട്ടം എത്തിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കപ്പെട്ട സീനിയർ ആരോഗ്യ പ്രവർത്തകരുടെ മുന്നിൽ മാതൃക ആയതു യുവ ഡോക്ടർ ആയ റിച്ചു ഫിലിപ്പിന്റെ ആർജ്ജവമാണ്. ഞാൻ റെഡി എന്ന് പറഞ്ഞു കൈ പൊക്കിയ റിച്ചു വേഗത്തിൽ കൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരിലേക്ക് പ്രതീക്ഷയോടെ നോക്കി സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ നാട്ടിൽ പ്രസവം എടുത്ത പരിചയം ഉണ്ടെന്നു പോർട്സ്മൗത്തിൽ നിന്നുള്ള ചിചെസ്റ്റർ ഹോസ്പിറ്റലിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റ് നഴ്സ് ലീല ബേബിയും വ്യക്തമാക്കി.
ഇതിനിടയിൽ എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് വെയിൽസിലെ വ്രക്സാം മാലൂർ ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോ. ഇൻഷാദ് ഇബ്രാഹിം ഏതു സാഹചര്യം കൈകാര്യം ചെയ്യാനും നമുക്കൊരു ടീം ഉണ്ടല്ലോ എന്ന മട്ടിൽ മെഡിക്കൽ കെയറിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുക ആയിരുന്നു. ഇതോടെ ഓരോ നിരയിലെ സീറ്റുകളിൽ നിന്നും ഡോക്ടർമാരും നഴ്സുമാരും സേവനത്തിനു തയ്യാറായി. ചുരുക്കത്തിൽ 15 ലേറെ വിദഗ്ധ സംഘം നൊടിയിടയിൽ ലേബർ റൂമിലെത്തിയാണ് അത്യന്തം റിസ്ക് നിറഞ്ഞ സിമിയുടെ പ്രസവ ശുസ്രൂഷ ഏറ്റെടുത്തത്.
മറുനാടന് ഡെസ്ക്