പത്തനംതിട്ട: ഒടുവിൽ ആ ചോദ്യത്തിനും ഉത്തരമായി. പമ്പയിൽ വെള്ളപ്പൊക്കമുണ്ടായതിന് കാരണം മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടതു കൊണ്ടാണോ എന്നായിരുന്നു ആ ചോദ്യം. അതിന് ഉത്തരം നൽകിയത് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹാണ്. ആനത്തോട് ഡാമിന്റെ ഷട്ടർ അധികമായി തുറന്നത് താൻ അറിഞ്ഞില്ലെന്ന് കലക്ടർ ഫേസ് ബുക്കിൽ കുറിച്ചു. സംഗതി വിവാദമാകുമെന്ന് കണ്ടതോടെ പിൻവലിച്ച് തലയൂരുകയും ചെയ്തു.

ജില്ലയിലേക്ക് പ്രളയം ആഴ്ന്നിറങ്ങാൻ തുടങ്ങിയ ഓഗസ്റ്റ് 14 ന് വൈകിട്ട് ആനത്തോട് ഡാം തുറന്നു വച്ചിരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് റവന്യൂ ഉദ്യോഗസ്ഥർ വളരെ വൈകിയാണ് അറിഞ്ഞതെന്ന് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശമാണ് ജില്ലാ കലക്ടർ പിബി നൂഹ് തന്റെ ഔദ്യോഗിക മുഖപുസ്തക പേജിൽ പങ്കു വച്ചത്. സംതി സർക്കാരിന് പണിയാകുമെന്ന് വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ കലക്ടർ പോസ്റ്റ് മുക്കി.

15 ന് പുലർച്ചെ 12.12 നാണ് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജില്ലയിലെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രളയം റാന്നിയെ വിഴുങ്ങാൻ പോകുന്നുവെന്ന് അറിയിച്ചത്. പമ്പയിൽ ജലനിരപ്പുയരുന്നു, റാന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ജാഗ്രത പാലിക്കണം എന്നും വാട്സാപ്പ് സന്ദേശത്തിലുണ്ടായിരുന്നു. സാഹചര്യം മോശമാണെന്നും എല്ലാവരെയും ഫോണിൽ ലഭിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

പുലർച്ചെ 1.13 ന് മല്ലപ്പള്ളി തഹസിൽദാർ ഭയങ്കര വെള്ളപ്പൊക്കം എന്ന് ഗ്രൂപ്പിൽ കുറിച്ചു. വടശേരിക്കര മാർക്കറ്റിലേക്ക് വെള്ളം കയറുന്നുവെന്നും അറിയിച്ചു. 1.44 ന് റാന്നി തഹസിദാർ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇട്ടിയപ്പാറ ടൗണിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ ഏതാനും മണിക്കൂർ മുൻപ് 14 ന് രാത്രി പതിനൊന്നരയോടെ ഇട്ടിയപ്പാറ ടൗൺ മുങ്ങിക്കഴിഞ്ഞിരുന്നു. ഈ വിവരം റാന്നിയുടെ പ്രിയങ്കരനായ തഹസിൽദാർ അറിഞ്ഞിരുന്നില്ല എന്ന് ചുരുക്കം. ഇതെല്ലാം കഴിഞ്ഞ് ജില്ലാ കലക്ടറുടെ അലേർട്ട് എത്തുന്നത് പുലർച്ചെ 2.23 നാണ്. അപ്പോഴേക്കും റാന്നി ഏറെക്കുറെ പൂർണമായി വെള്ളത്തിനടിയിലായി.

ഇതാണ് വാട്സാപ്പ് സന്ദേശങ്ങളുടെ ചുരുക്കം. ഷട്ടറിനിടയിൽ മരം കുടുങ്ങിയതിനെ തുടർന്നാണ് ആനത്തോട് ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വന്നത്. ജലപ്രവാഹം ശക്തമായതോടെ മരം ഒഴുകിപ്പോയെങ്കിലും ഉയർത്തിയ രണ്ടു ഷട്ടറുകൾ പൂർവ സ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഡാമിന്റെ അടിത്തിട്ടിലെ മണൽ അടക്കം കുത്തിയൊലിച്ചു താഴേക്ക് ഒഴുകി.

ഡാമിന് തൊട്ടുതാഴെയുണ്ടായിരുന്ന രണ്ടു വലിയ കുന്നുകൾ അപ്രത്യക്ഷമായി. ഈ മണലാണ് പമ്പ ത്രിവേണിയിലേക്ക് ഒലിച്ചെത്തി കൂമ്പാരമായി കിടക്കുന്നത്. രണ്ടാൾ പൊക്കത്തിലാണ് രണ്ടു കിലോമീറ്ററോളം മണൽത്തിട്ട രൂപം കൊണ്ടിരിക്കുന്നത്. പമ്പ ത്രിവേണി മുതൽ അട്ടത്തോട് വരെ 16 കിലോമീറ്റർ മണൽ അടിഞ്ഞു കിടക്കുകയാണ്. ഏകദേശം നാലുകോടിയുടെ മണൽ എങ്കിലും ഇവിടെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.