- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന രീതിയിൽ മറ്റു മണ്ഡലങ്ങളിൽ പോയി കൊണ്ടു പിടിച്ച് പ്രവർത്തനം; ദേശീയ സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വേദിയിൽ ഇടിച്ചു കയറി പടത്തിൽ നിറയും; ഗ്രൂപ്പ് ഭേദമന്യേ പത്തനംതിട്ടയിലെ കോൺഗ്രസിൽ നടക്കുന്ന കലാപരിപാടിക്കെതിരേ എഐസിസിക്ക് പരാതി; രഹസ്യമായി അന്വേഷിച്ച് താരിഖ് അൻവറും ഐവാൻ ഡിസൂസയും
പത്തനംതിട്ട: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയിലും ഉണ്ടെന്ന് കോൺഗ്രസിലെ ചില സംസ്ഥാന ജില്ലാ നേതാക്കൾക്ക് അറിയില്ലെന്ന് തോന്നുന്നു. സ്വന്തം മണ്ഡലം വിട്ട് അവർ വടക്കൻ ജില്ലകളിലും സമീപ ജില്ലകളിലും വോട്ട് തേടി നടക്കുന്നു. സ്വന്തം മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി പ്രവർത്തിക്കാൻ നേതാക്കളും പ്രവർത്തകരുമില്ലാതെ നെട്ടോട്ടമോടുകയും ചെയ്യുന്നു. എന്നാൽ, ദേശീയ-സംസ്ഥാന നേതാക്കൾ ആരെങ്കിലും പ്രചാരണത്തിന് വരട്ടെ, ഇവർ അവർക്കൊപ്പം കാണും. വേദിയിൽ നിന്ന് ഫോട്ടോയ്ക്ക് ഇടിക്കുന്നതും കാണാം. നേതാക്കളുടെ ഈ കാലുവാരൽ പ്രസ്ഥാനത്തിന് എതിരേ ഗ്രൂപ്പ് ഭേദമന്യേ എഐസിസിക്ക് പരാതി നൽകിയിരിക്കുകയാണ്. ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവറും ഐവാൻ ഡിസൂസയും നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചില നേതാക്കളുടെ പണി പോകാനുള്ള സാധ്യതയും ഏറി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എംജി കണ്ണൻ മത്സരിക്കുന്ന അടൂരിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രണ്ടു തവണ വിജയിച്ച് മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ചിറ്റയമെന്ന് ഗോലിയാത്തിനെ വീഴ്ത്താനുള്ള ദാവീദായി കണ്ണൻ മാറുമെന്ന അവസ്ഥ വന്നിരിക്കുകയാണ്. എന്നാൽ, മണ്ഡലത്തിൽ നിന്നുള്ള കെപിസിസി സെക്രട്ടറി അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പ്രചാരണത്തിന് ഇറങ്ങുന്നില്ല. രമേശ് ചെന്നിത്തലയോ രാഹുൽ ഗാന്ധിയോ വരുമ്പോൾ ഈ നേതാക്കൾ വേദിയിൽ പടം പതിയാൻ ഇടിക്കുന്നതും കാണാം. അടൂരിൽ എ ഗ്രൂപ്പുകാരിൽ ചിലരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
എഐസിസി നിരീഷണം ശക്തമാക്കിയെന്ന വിവരം ചോർന്നു കിട്ടിയ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാവുകയും ചെയ്തു. മുൻ കാലങ്ങളിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിക്കെതിരേ ഐ ഗ്രൂപ്പുകാരും നേരെ തിരിച്ചുമായിരുന്നു കാലുവാരൽ നടന്നിരുന്നത്. എന്നാൽ ഇക്കുറി സ്വന്തം ഗ്രൂപ്പുകാരനെതിരേയാണ് പടപ്പുറപ്പാട്. ഇവർക്കെതിരേ കെപിസിസി അന്വേഷണം നടത്തുന്നതിനൊപ്പം കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സെക്രട്ടറിയും നേരിട്ട് അന്വേഷണത്തിനിറങ്ങി. ഇതാണ് ഇപ്പോൾ പലരെയുംവെട്ടിലാക്കിയിരിക്കുന്നത്.
ദേശീയ നേതാക്കളായ താരിഖ് അൻവറും ഐവാൻ ഡിസൂസയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി എത്തിയതിന് പിന്നാലെ ജില്ലാ
ഭാരവാഹികൾ ഉൾപ്പെടെ ചിലർക്കെതിരെ നടപടിയുണ്ടായേക്കുമെന്ന ആശങ്ക പരന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വിട്ടു നിൽക്കുന്ന ചില
നേതാക്കളെ സംബന്ധിച്ച് അന്വേഷണത്തിനിറങ്ങിയ ദേശീയ നേതാക്കളോട് കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് പരാതിപ്പെട്ടത്. മണ്ഡലം തലം മുതൽ ഡിസിസി, കെപിസിസി ഭാരവാഹി വരെയായ ആളുകൾക്കെതിരെയാണ് പേരെടുത്തു പറഞ്ഞ് പരാതി ഉന്നയിച്ചത്.
ഇതേ തുടർന്ന് എഐസിസി നേതാക്കൾ ഇക്കാര്യം അന്വേഷിക്കുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനും ഒരു ഏജൻസിയെ നിയോഗിച്ചിരിക്കുകയാണ്. ഇവരുടെ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് നേതാക്കൾ ആശങ്കയിലായത്. ആറന്മുള, റാന്നി, കോന്നി, അടൂർ എന്നീ മണ്ഡലങ്ങളിൽ നിന്നും ഇവർ വിവരം ശേഖരിക്കുന്നുണ്ട്. കെപിസിസി-ഡിസിസി ഭാരവാഹികളും അവരവരുടെ സ്വന്തം പ്രദേശത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ശാക്തീകരണ പരിപാടികൾ നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ഗ്രൂപ്പിന് അതീതമായി നടപടിയുണ്ടാകുമെന്നതാണ് നേതാക്കളെ ആശങ്കയിലാക്കുന്നത്.
ഡിസിസി ഭാരവാഹി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞതിന്റെ ഓഡിയോയും കേന്ദ്ര നേതാക്കൾക്ക് നൽകിയതായി പരാതി നൽകിയ കോൺഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞു. ചിലരാകട്ടെ സ്വന്തം മണ്ഡലം ഒഴിവാക്കി മറ്റിടങ്ങളിലാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നേതാക്കളുടെ അന്വേഷണ പരിധിയിലുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്