പത്തനംതിട്ട: ആകെയുള്ള അഞ്ചു മണ്ഡലങ്ങളും പിടിച്ചെടുത്ത ചരിത്രമാണ് ജില്ലയിൽ എൽഡിഎഫിനുള്ളത്. ഇക്കുറി അഞ്ചും അനായാസം നിലനിർത്താമെന്നും പിണറായിയും സംഘവും കരുതി. എന്നാൽ, ഇവിടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. മൂന്നു മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പിന്നാക്കം പോയി. ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മന്ദഗതിയിലാണ്. സ്ഥാനാർത്ഥികൾക്കൊപ്പം പോകാൻ നേതാക്കളും പ്രവർത്തകരുമില്ലാത്ത അവസ്ഥയാണ് ചില സ്ഥലങ്ങളിൽ. ആറന്മുള, കോന്നി, റാന്നി മണ്ഡലങ്ങളിലാണ് ഇടതു മുന്നണി പിന്നാക്കം പോയിരിക്കുന്നത്.

ഇതിൽ റാന്നിയിൽ കേരളാ കോൺഗ്രസി(എം)ന്റെയും മറ്റു രണ്ടിടത്ത് സിപിഎമ്മിന്റെയും സ്ഥാനാർത്ഥികളാണുള്ളത്. കഴിഞ്ഞയാഴ്ച ജില്ലയിലെത്തിയ പിണറായി വിജയന് പ്രചാരണത്തിലെ മന്ദത സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആറന്മുളയിൽ നിന്ന് വീണാ ജോർജിന്റെ പരാതി കൂടി ലഭിച്ചതോടെ പിണറായി ഉണർന്നു. മുഖ്യന്റെ ദൂതുമായി പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഞായറാഴ്ച പത്തനംതിട്ടയിൽ അടിയന്തിര സന്ദർശനം നടത്തി. മൂന്നു മണ്ഡലം കമ്മറ്റികളും വിളിച്ചു കൂട്ടിയ അദ്ദേഹം മൂന്നു പേരിൽ ആരെങ്കിലും തോറ്റാൽ ജില്ലയിലെ പാർട്ടി സംവിധാനങ്ങളുടെ തലപ്പത്ത് ആരും കാണില്ലെന്ന് ശക്തമായ താക്കീത് നൽകിയാണ് മടങ്ങിയത്.

കോന്നി, റാന്നി എന്നിവിടങ്ങളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ് എന്നാണ് റിപ്പോർട്ടുകൾ. റാന്നിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് നാരായണനാണ് സ്ഥാനാർത്ഥി. അവിടെ കേരളാ കോൺഗ്രസിന്റെ നിയോജകമണ്ഡലം കമ്മറ്റി നിർജീവമാണ്. യോഗം ചേരുന്നത് കടലാസിൽ മാത്രമാണ്. മാണി ഗ്രൂപ്പിന്റെ നിയോജക മണ്ഡലം കമ്മറ്റി യോഗത്തിൽ ശക്തി തെളിയിക്കാൻ കോട്ടയം, ആലപ്പുഴ ജില്ലകളിലും പത്തനംതിട്ട ജില്ലയുടെ മറ്റിടങ്ങളിലും നിന്ന് പ്രവർത്തകരെ കൊണ്ടു വരികയായിരുന്നു. പ്രമോദ് നാരായണനൊപ്പം പ്രവർത്തിക്കാൻ സ്വന്തം പാർട്ടിക്കാർ പോലുമില്ല എന്നതാണ് അവസ്ഥ.

സിപിഎമ്മിന്റെ കമ്മറ്റികളും സ്വന്തം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാലും രാജു ഏബ്രഹാമിന് സ്ഥാനാർത്ഥിത്വം കിട്ടാതെ വന്നതിലും പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വരുന്നില്ല. ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ജനീഷ് കുമാറിനെതിരേ പാർട്ടിക്കുള്ളിൽ പ്രവർത്തകരുടെ രോഷം ശക്തമാണ്. ജനീഷിന്റെ ജന്മനാട് കൂടിയാണ് സീതത്തോട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ജനീഷിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ പഞ്ചായത്തുകളാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിഭാഗീയത രൂക്ഷമായ ഇവിടങ്ങളിൽ വോട്ട് എൻഡിഎയിലേക്ക് മറിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിന് പുറമേ ഈഴവ സമുദായത്തിന്റെ വോട്ട് ജനീഷിന് മറിച്ചു കൊടുക്കാനുള്ള എസ്എൻഡിപി നേതൃത്വത്തിന്റെ നീക്കവും പാളിയിരുന്നു.

ആറന്മുളയിൽ ഓർത്തഡോക്സ് സഭയിലുള്ളയാളെ സ്ഥാനാർത്ഥിയാക്കി എൻഡിഎ നടത്തിയ നീക്കമാണ് വീണാ ജോർജിന് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് വോട്ടുകളുടെ പിൻബലത്തിലാണ് വീണ വിജയിച്ചു കയറിയത്. ഇക്കുറി ആറന്മുളയിൽ എൻഡിഎ സ്ഥാനാർത്ഥി ബിജു മാത്യുവിനും കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിനും വോട്ട് ചെയ്യാൻ ഓർത്തഡോക്സ് സഭ നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്. ആറന്മുളയിൽ ഒരു സംസ്ഥാന നേതാവ് ഒഴികെ ആരും പ്രചാരണത്തിൽ സജീവമല്ല.