പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും പൊതുപണപ്പിരിവ് നടത്തുന്നതിനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ഇന്നും നാളെയുമായി നടക്കുന്ന പൊതുപണപ്പിരിവിന് മുന്നോടിയായി ഇന്നലെ ചേർന്ന ഗ്രാമസഭകൾ സർക്കാരിനെതിരേയുള്ള വിമർശത്തിന് വേദിയായി. പല ഗ്രാമസഭകളും പൊതുപണപ്പിരിവ് വേണ്ടെന്ന് ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. സിപിഎം ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്താകട്ടെ ഗ്രാമസഭ തന്നെ വേണ്ടെന്ന തീരുമാനവും എടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ജില്ലയിലെ എല്ലാ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ഗൃഹസന്ദർശന ധനസമാഹരണം ഇന്നും നാളെയുമായിട്ടാണ് നടത്തുന്നത്. ഇതോടനുബന്ധിച്ചാണ് ഇന്നലെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാർഡുകളിൽ ചേർന്ന ഗ്രാമസഭകൾ ജനകീയ ഗൃഹസന്ദർശന ധനസമാഹരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.

ബന്ധപ്പെട്ട വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ വാർഡുകളിലെയും വീടുകൾ സന്ദർശിച്ച് ജനകീയ ധനസമാഹരണം നടത്തുന്ന സ്‌ക്വാഡിന്റെ നോഡൽ ഓഫീസറായി അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും സഹായിയായി വില്ലേജ് ഓഫീസർമാരെയും നയോഗിച്ചിട്ടുണ്ട്. ്‌വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എല്ലായിടങ്ങളിലും എത്തി എല്ലാവരേയും നേരിട്ടു കണ്ട് ധനസമാഹരണം നടത്തുന്ന രീതിയാണ് സ്‌ക്വാഡുകൾ അവലംബിക്കുക. ബന്ധപ്പെട്ട വാർഡ് മെമ്പർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സ്ഥലത്തെ സൊസൈറ്റികളിലെ അംഗങ്ങൾ, ഉദ്യോഗസ്ഥർ, സിഡിഎസ് ചെയർപേഴ്സൺ, ക്ലബുകളുടെ അംഗങ്ങൾ, കോളജ് വിദ്യാർത്ഥികൾ തുടങ്ങിയവരായിരിക്കും സ്‌ക്വാഡുകളിൽ ഉണ്ടാകുക.

ചെക്കോ, ഡ്രാഫ്ടോ ആയാവും സംഭാവന സ്വീകരിക്കുക. ഇതിനു പുറമേ പണമായും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ജില്ലാ കലക്ടർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പണം എണ്ണി തിട്ടപ്പെടുത്തി പ്രത്യേക രജിസ്റ്ററിൽ പണം നൽകിയ വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തും. രജിസ്റ്ററിന്റെ ഓരോ പേജിലും വാർഡ് മെമ്പറും കലക്ടർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനും ഒപ്പുവയ്ക്കും. സ്വർണാഭരണങ്ങൾ, ഭൂമിയുടെ കൈമാറ്റ രേഖ, മറ്റ് ആസ്തികൾ, ഉപകരണങ്ങൾ തുടങ്ങിയവ സംഭാവനകളായി ലഭിക്കുന്നതും രജിസ്റ്ററിൽ രേഖപ്പെടുത്തും. ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തും.

സംഭാവന നൽകുന്ന ആളിന്റെ മേൽവിലാസം, ഫോൺ നമ്പർ ഉൾപ്പെടെ എല്ലാ വിവരവും കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തും. അതതു ദിവസം സമാഹരിച്ച തുക ബന്ധപ്പെട്ട വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അന്നു വൈകിട്ടു തന്നെ ചുമതലപ്പെടുത്തിയ ബാങ്ക് അധികൃതർക്ക് കൈമാറും. ഇത്രയുമൊക്കെയായിരുന്നു പ്ലാനിങ്. പ്രളയം ബാധിക്കാത്ത വാർഡുകളിൽ ഇതിന് എതിർപ്പുണ്ടായില്ല. എന്നാൽ, പ്രളയം മൂലം സർവവും നഷ്ടമായവരാകട്ടെ ചില ഗ്രാമസഭകളിൽ ഇതിനെ എതിർത്തു.

ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ഗ്രാമസഭ 18 വാർഡിന്റെയും സംയുക്തമായിട്ടാണ് ഇന്നലെ നാൽക്കലിക്കൽ മായാലുമൺ സ്‌കൂളിൽ കൂടിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അമ്പേ പരാജയപ്പെട്ട കഷ്ടതയിൽ ജനങ്ങളെ സഹായിക്കാതിരുന്ന എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണുണ്ടായത്.

സംസ്ഥാന സർക്കാരിന്റെ ഓണ സമ്മാനമായ ഈ പ്രളയകെടുതിക്കു വേണ്ടി ആറന്മുള പഞ്ചായത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുപണപ്പിരിവ് പാടില്ലയെന്ന് ഗ്രാമ സഭ ഐക്യകണ്ഠേന പാസാക്കി. ഇതിന് പിന്നിൽ സംഘപരിവാർ ആണെന്ന് ഒരു ആരോപണം സിപിഎം ഉന്നയിക്കുന്നുണ്ട്. എന്നാൽ, സിപിഎമ്മുകാരുൾപ്പെടെ പങ്കെടുത്ത യോഗമാണ് പിരിവ് വേണ്ടെന്ന് വച്ചത്. പ്രധാനമന്ത്രിയുടെ അവാർഡ് വാങ്ങിയ പഞ്ചായത്താണ് ഇരവിപേരൂർ. വർഷങ്ങളായി സിപിഎമ്മാണ് ഇവിടെ ഭരണം. പ്രളയം പഞ്ചായത്തിന്റെ പല ഭാഗങ്ങളേയും ബാധിച്ചിരുന്നു. ഇവിടെ ഗ്രാമസഭ ചേരുന്നില്ലെന്ന് പഞ്ചായത്ത് കമ്മറ്റിയാണ് തീരുമാനിച്ചത്.