- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൈവ്രർമാർ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള മംഗളൂരു സ്വിഫ്റ്റ് ബസ് സർവീസ് മുടങ്ങി; ബസുകൾ തടഞ്ഞിട്ട് യാത്രക്കാരുടെ ഉപരോധം
പത്തനംതിട്ട: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇന്ന് വൈകിട്ട് ആറിന് മംഗളൂരുവിന് പുറപ്പെടേണ്ടിയിരുന്ന കെ-സ്വിഫ്റ്റ് സർവീസ് മുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയവർ മുഴുവൻ ബസുകളും ബസ് സ്റ്റാൻഡിൽ തടഞ്ഞിട്ടു.
പത്തനാപുരം സ്വദേശികളായ അനിലാൽ, മാത്യു രാജൻ എന്നീ ഡ്രൈവർ കം കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സർവീസ് മുടങ്ങാൻ കാരണമായത്. ഇരുവരെയും വൈകിട്ട് മൂന്നിന് ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ബന്ധപ്പെട്ടിരുന്നു. തങ്ങൾ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവർ പറഞ്ഞത്. ഈ കാൾ സ്റ്റേഷൻ മാസ്റ്ററുടെ ഫോണിൽ റെക്കോഡഡ് ആണ്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും മൊബൈൽഫോണുകൾ ഓഫായിരുന്നു. കൃത്യം ആറു മണിക്ക് മുൻപ് തന്നെ ബുക്ക് ചെയ്ത യാത്രക്കാർ ഡിപ്പോയിൽ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് ഇവർ പ്രതിഷേധം തുടങ്ങിയത്.
ഡ്രൈവർമാർ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴു മണിയോടെ യാത്രക്കാർ ഉപരോധം തുടങ്ങി. ബസ് സ്റ്റാൻഡിൽ എത്തിയ മുഴുവൻ ബസുകളും ഇവർ തടഞ്ഞിട്ടു. ഇതോടെ ഡിപ്പോ അധികൃതർ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. 38 ടിക്കറ്റുകളാണ് ഈ സർവീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.
സ്വിഫ്റ്റ് ബസ് ഓടിക്കാൻ കെഎസ്ആർടിസിയിലെ മറ്റ് ഡ്രൈവർമാർക്ക് വശമില്ല. ഇതിനായി പ്രത്യേകം ഡ്രൈവർമാരെ പരിശീലനം നൽകി നിയമിച്ചിരിക്കുകയാണ്. അങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവർമാർ നിലവിൽ പത്തനംതിട്ട ജില്ലയിൽ തന്നെയില്ല. പത്തനാപുരം സ്വദേശികളായ മറ്റ് ഡ്രൈവർമാരെ കിട്ടാൻ ഡിപ്പോ അധികൃതർ ശ്രമം നടത്തിയെങ്കിലും രാത്രി എട്ടര വരെ ലഭ്യമായിട്ടില്ല. ഇവരെ എത്തിച്ച് ഒമ്പതു മണിയോടെ സർവീസ് തുടങ്ങാനുള്ള ശ്രമം നടക്കുകയാണ്.
കെ-സ്വിഫ്ട് ആരംഭിച്ചപ്പോൾ കെഎസ്ആർടിസിയിൽ ദീർഘദൂര സർവീസിന് പോകുന്ന ഡ്രൈവർമാർക്ക് പരിശീലനം നൽകി അയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എംഡി ബിജു പ്രഭാകർ ഇടപെട്ടാണ് അവരെ വേണ്ടെന്ന് വച്ചത്. കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർമാരെയും 10 വർഷമായി സർവീസിൽ ഉള്ളവരെയും വേണ്ടെന്നായിരുന്നു സിഎംഡിയുടെ തീരുമാനം.
ബംഗളൂരുവിലേക്കുള്ള സ്വകാര്യ എ.സി ബസുകൾ ഓടിച്ചിരുന്ന ഡ്രൈവർമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകിയാണ് കെ-സ്വിഫ്ടിൽ നിയോഗിച്ചത്. ഇവർ ഏത് അധികാര കേന്ദ്രത്തിലാണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ അവധി, സേവന വേതന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർക്ക് അറിയുകയുമില്ല. ഡ്യൂട്ടിക്ക് എത്താത്ത ഡ്രൈവർമാരുടെ പേരിൽ എന്തു നടപടി എടുക്കണമെന്നതും അജ്ഞാതമാണ്. ഇപ്പോഴും ഡിപ്പോയിൽ ഉപരോധം തുടരുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്