- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് വിമതരായ അജിത്കുമാറും ഇന്ദിരാമണിയമ്മയും പിന്തുണയ്ക്കും; എസ്ഡിപിഐ വിട്ടു നിൽക്കും; പത്തനംതിട്ട നഗരസഭ എൽഡിഎഫ് ഭരിക്കും; സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈൻ ചെയർമാനാകും; വൈസ് ചെയർപേഴ്സൺ പദവി ഇന്ദിരാ മണിയമ്മയ്ക്ക്; അവസാന ടേമിൽ അജിത്തിനും കിട്ടും ചെയർമാൻ സ്ഥാനം
പത്തനംതിട്ട: എൽഡിഎഫും യുഡിഎഫും 13 സീറ്റ് വീതം നേടിയ നഗരസഭയിൽ സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. സക്കീർ ഹുസൈൻ ചെയർമാനാകും. കോൺഗ്രസ് വിമതരായി വിജയിച്ച കെആർ അജിത്കുമാർ, ഇന്ദിരാമണിയമ്മ എന്നിവരുടെ പിന്തുണ ലഭിച്ചതോടെയാണ് രണ്ടു ടേമിന് ശേഷം എൽഡിഎഫ് ഭരണത്തിലെത്തുന്നത്. ഇവരുടെ പിന്തുണ കൂടിയാകുന്നതോടെ എൽഡിഎഫിന് 15 സീറ്റാകും. സ്വതന്ത്ര ഉൾപ്പെടെ നാല് അംഗങ്ങളുള്ള എസ്ഡിപിഐ ചെയർമാൻ-വൈസ്ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. ഇന്ദിരാമണിയമ്മ ആദ്യ ടേമിൽ വൈസ് ചെയർപേഴ്സൺ ആകും. അജിത്കുമാറിന് അവസാന ഒരു വർഷം ചെയർമാൻ സ്ഥാനം നൽകാനും എൽഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
32 അംഗ കൗൺസിലിൽ എൽഡിഎഫ്(സിപിഎം-10, കേരളാ കോൺഗ്രസ്(എം)-രണ്ട്, സിപിഐ-ഒന്ന്), കോൺഗ്രസ്-13, സ്വതന്ത്രർ-മൂന്ന്,എസ്ഡിപിഐ-മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.
കോൺഗ്രസ് വിമതരായി മത്സരിച്ച് വിജയിച്ച ഇന്ദിരാമണിയമ്മ, അജിത്കുമാർ, ആമിന ഹൈദരാലി എന്നിവരെ ചേർത്ത് ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നടന്നില്ല. അജിത് കുമാർ ആദ്യം കോൺഗ്രസിനൊപ്പം ചേരാൻ സന്നദ്ധനായിരുന്നു. എന്നാൽ, ഇന്ദിരാമണിയമ്മ എൽഡിഎഫിലേക്ക് നീങ്ങിയതോടെ അജിത്തും ആ വഴിക്ക് തിരിഞ്ഞു.
ഭരണം കിട്ടില്ലെന്ന് മനസിലാക്കിയ കോൺഗ്രസ് എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഹൈദരാലിയെ ചെയർ പേഴ്സൺ ആക്കാനുള്ള നീക്കം നടത്തി.കോൺഗ്രസും എസ്ഡിപിഐയും പുറത്തു നിന്ന് പിന്തുണയ്ക്കട്ടെ എന്ന തരത്തിലായിരുന്നു ആലോചന. ആന്റോ ആന്റണി എംപി അടക്കമുള്ളവർ ആമിനയെ കണ്ട് സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല. മുസ്ലിം സമുദായത്തിൽ നിന്നൊരാൾ തന്നെ എൽഡിഎഫിൽ നിന്ന് ചെയർമാൻ ആകുമ്പോൾ അത്തരമൊരു നീക്കത്തെ എസ്ഡിപിഐയും പിന്തുണയ്ക്കാൻ തയാറായില്ല.
ആമിന ഹൈദരാലി, കെആർ അജിത്ത്കുമാർ, ഇന്ദിരാമണിയമ്മ എന്നിവരെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാതിരുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരേ പ്രതിഷേധം പുകയുകയാണ്. ഇവർ മൂവരും വിജയിക്കുമെന്ന് അറിയാമായിരുന്നിട്ടും സീറ്റ് നൽകാൻ ഡിസിസി തയാറായിരുന്നില്ല. 15-ാം വാർഡിൽ അംഗൻവാടി വർക്കർ കൂടിയായ ഇന്ദിരാമണിയമ്മയ്ക്ക് സീറ്റ് ലഭിക്കുമെന്ന ഉറപ്പിൽ പ്രചാരണം ആരംഭിച്ചിരുന്നു. അവസാന നിമിഷം ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ്‌കുമാറിന്റെ സ്വാധീനത്തിൽ മുൻ കൗൺസിലർ സൂസൻ ജോണിനെ മത്സരിപ്പിച്ചു. 21-ാം വാർഡിലെ സിറ്റിങ് കൗൺസിലർ ആയിരുന്നു ആമിന ഹൈദരാലി. ഭർത്താവ് ഹൈദരാലിയുടെ മരണത്തെ തുടർന്ന് കൗൺസിലറായ ആമിനയെയും ഡിസിസി നേതൃത്വം നിഷ്‌കരുണം തഴഞ്ഞു.
മുസ്ലിം ഭൂരിപക്ഷമുള്ള വാർഡിൽ ക്രിസ്ത്യാനിയെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. 29-ാം വാർഡിൽ ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് കെപിസിസിയിൽ വരെ ഇടപെട്ടാണ് സീറ്റുറപ്പിച്ചത്. അജിത്കുമാർ ഇതോടെ വിമതനായി മത്സരിച്ചു. 2010 ൽ ഇതേ വാർഡിൽ അനിൽ തോമസിനെതിരേ തന്നെ വിമതനായി മത്സരിച്ച് അജിത്കുമാർ വിജയിച്ചിരുന്നു. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അജിത്തിന് സീറ്റ് കൊടുക്കണമെന്ന് ആവശ്യമുയർന്നത്. അതും നടന്നില്ല. ഇതൊക്കെ കോൺഗ്രസിന്റെ പതനത്തിന് വഴി തെളിച്ചു. ഘടകകക്ഷികളായ ആർഎസ്‌പി, മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ്(ജെ) എന്നിവർക്ക് ഒറ്റസീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല. ആർഎസ്‌പിയുടെയും കേരളാ കോൺഗ്രസിന്റെയും (വാർഡ്16) വാർഡുകളിൽ കോൺഗ്രസ് വിമതർ മത്സരിച്ചതും തിരിച്ചടിയായി.