പത്തനംതിട്ട: മുസ്ലിം ജമാഅത്ത് കമ്മറ്റി വഖഫ് ബോർഡ് സസ്പെൻഡ് ചെയ്തു. അഡ്വ. താജുദ്ദീൻ ഏനാത്തിനെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയായി നിയമിച്ച്് പള്ളിയുടെയും ജമാഅത്തിന്റെയും ചുമതല നൽകി.

നിലവിലുള്ള ഭരണ സമിതിക്കെതിരേ അഡ. മീരാണ്ണൻ മീര അടക്കം 14 പേർ വാദികളായി വഖഫ് ബോർഡിൽ ഹർജി നൽകിയിരുന്നു. ഭരണ സമിതിയുടെ രേഖകൾ ബോർഡ് ആവശ്യപ്പെട്ടെങ്കിലും നിലവിലുള്ള സെക്രട്ടറി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് വഖഫ് ബോർഡ് താജുദ്ദീൻ ഏനാത്തിനെ വരണാധികാരിയായി നിയമിച്ച് പള്ളി കമ്മറ്റിയുടെ ചുമതല നൽകുകയായിരുന്നു.

10 ദിവസത്തേക്കാണ് ഭരണ സമിതിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട ഭരണ സമിതിക്ക് മാർച്ച് 22 ന് വഖഫ് ബോർഡ് മുമ്പാകെ ഹാജരായി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയിട്ടുണ്ട്.

ഷാജഹാൻ(മഞ്ചു) പ്രസിഡന്റായുണ്ടായിരുന്ന ജമാഅത്ത് കമ്മറ്റി സെക്രട്ടറിയായിരുന്ന ഷേഖ് പരീതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പള്ളിയുടെ അധീനതയിലുണ്ടായിരുന്ന വിറക് ക്മ്മറ്റിയുടെ അനുവാദം ഇല്ലാതെ മറിച്ചു വിറ്റതിനാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഷേഖ് പരീത് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ അവിശ്വാസത്തിലുടെ ഷാജഹാനെയും കൂട്ടരെയും പുറത്താക്കി.

ഷേഖ് പരീത് പ്രസിഡന്റും അഫ്സൽ സെക്രട്ടറിയുമായി പുതിയ ഭരണ സമിതി നിലവിൽ വന്നു. ഇവർക്കെതിരേയാണ് ഇപ്പോൾ വഖഫ് ബോർഡിൽ പരാതി ചെന്നത്. വരവ് ചെലവ് കണക്കുകൾ, മിനുട്സ് ബുക്ക് എന്നിവ ഹാജരാക്കാൻ ബോർഡ് ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെയാണ് ഇന്നത്തെ നടപടി. പള്ളി കമ്മറ്റി പൊതുയോഗം ചേർന്നാണ് സാധാരണ വരണാധികാരിയെ നിയമിക്കുന്നത്. എന്നാൽ അസാധാരണ നടപടി ക്രമത്തിലുടെയാണ് ഇപ്പോൾ വഖഫ് ബോർഡ് വരണാധികാരിയെ നിയമിച്ചത്.