- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി പൊതുവഴി കൈയേറി ഗേറ്റും സ്ഥാപിച്ച് സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു; കൈയേറ്റമൊഴിപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടറും ഉത്തരവിട്ടു; നഗരസഭാധികൃതരുടെ ഒത്തുകളി തുടരുമ്പോൾ നിഷേധിക്കപ്പെടുന്നത് സാധാരണ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം; ഒരു ഒറ്റയാൻ പോരാട്ട കഥ
പത്തനംതിട്ട: മുത്തൂറ്റ് മെഡിക്കൽ സെന്റർ കൈയേറി ഗേറ്റ് സ്ഥാപിച്ച പൊതുവഴി തുറന്നു കൊടുക്കാതിരിക്കാൻ നഗരസഭാധികൃതരുടെ കള്ളക്കളി. മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടറും തഹസിൽദാറും അടക്കം ഇതു സംബന്ധിച്ച് ഉത്തരവ് നൽകിയെങ്കിലും അധികൃതർക്ക് അനക്കമില്ല.
എ വൺ എ വൺ റിങ് റോഡിനെ കല്ലറക്കടവ് കണ്ണങ്കര റോഡുമായി ബന്ധിപ്പിക്കുന്ന പൊതുവഴിയാണ് മുത്തൂറ്റ് ആശുപത്രി അധികൃതർ കൈയേറി ഗേറ്റ് സ്ഥാപിച്ച് സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിച്ചിരിക്കുന്നത്. റോഡിന്റെ തുടക്കം മുത്തൂറ്റ് ആശുപത്രിയുടെ പ്രവേശന കവാടവും ഒടുക്കം മുത്തൂറ്റ് നഴ്സിങ് കോളജിന്റെ വനിതാ ഹോസറ്റലിലേക്കുള്ള വഴിയുമാണ്. വനിതാ ഹോസ്റ്റലിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് തങ്ങൾ ഗേറ്റ് അടച്ച് സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരിക്കുന്നത് എന്ന ബാലിശമായ വാദമാണ് മുത്തൂറ്റ് മുന്നോട്ടു വച്ചിരിക്കുന്നത്.
പൊതുവഴി ഗേറ്റിട്ട് അടച്ചതിനെതിരേ വിവരാവകാശ പ്രവർത്തകനായ കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ആദ്യം മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. 2019 ജനുവരി 19 ന് കമ്മിഷൻ ഇട്ട ഉത്തരവ് പ്രകാരം വഴി തുറന്നു കൊടുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടർ ഇതു സംബന്ധിച്ച് നഗരസഭാധികൃതർക്ക് കത്തു നൽകി. കലക്ടറുടെ നിർദ്ദേശ പ്രകാരം തങ്ങൾ മുത്തൂറ്റ് ആശുപത്രി മാനേജർക്ക് വഴി തുറന്നു കൊടുക്കാൻ നിർദ്ദേശിച്ചു കൊണ്ട് കത്തു നൽകിയിരുന്നുവെന്നും അവർ അത് പാലിച്ചിട്ടില്ലെന്നും നഗരസഭാധികൃതർ കലക്ടർക്ക് മറുപടി നൽകി. ഇത് മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്നും ഈ അലംഭാവം നീതീകരിക്കാൻ കഴിയാത്തതാണെന്നും ജില്ലാ കലക്ടർ മുനിസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് രണ്ടിന് കലക്ടർ വീണ്ടും നഗരസഭയ്ക്ക് ഉത്തരവ് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
നഗരസഭയും മുത്തൂറ്റ് ആശുപത്രിയുമായി ഒത്തുകളി നടക്കുന്ന സാഹചര്യത്തിൽ മനോജ് ഹൈക്കോടതിയെ സമീപിച്ചു. 2000 ത്തിലാണ് ഇവിടെ മുത്തൂറ്റ് മെഡിക്കൽ സെന്ററിന്റെ പണി തുടങ്ങിയത്. റിങ് റോഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ തോടിന് കുറുകേ ഒരു പാലം പണിയാൻ അധികൃതർ അനുവാദം തേടി നഗരസഭയെ സമീപിച്ചു. എന്നാൽ സ്വകാര്യ സ്ഥാപനത്തിന് അങ്ങനെ അനുമതി കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. തുടർന്ന് പാലം നിർമ്മിച്ചു തരണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നഗരസഭയ്ക്ക് കത്തു നൽകി.
ഫണ്ടില്ലാത്തതിനാൽ അതിന് കഴിയില്ലെന്ന് നഗരസഭ അറിയിച്ചു. ആശുപത്രി അധികൃതർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെയാണ് പിന്നീട് സമീപിച്ചത്. ആശുപത്രിക്ക് സ്വന്തം ചെലവിൽ പാലം നിർമ്മിക്കാമെന്നും അതിന്റെ ഉടമസ്ഥാവകാശം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനായിരിക്കുമെന്നും ഇരുകൂട്ടരും തമ്മിൽ കരാറുണ്ടാക്കി. പാലം പ്രവേശിക്കുന്ന പൊതുവഴിയുടെ ഉടമസ്ഥാവകാശം നഗരസഭയ്ക്കായിരിക്കുമെന്ന് ഇറിഗേഷനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കരാർ നഗരസഭാധികൃതർ ആശുപത്രി മാനേജുമെന്റുമായി ഉണ്ടാക്കി.
2000 സെപ്റ്റംബർ ഏഴിനുണ്ടാക്കിയ കരാർ പത്തനംതിട്ട സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കരാറിൽ പറയുന്ന പ്രകാരം പൊതുവഴി അടയ്ക്കാനോ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാനോ നിഷേധിക്കാനോ ഗേറ്റ് സ്ഥാപിക്കാനോ ആശുപത്രി അധികൃതർക്ക് സ്വാതന്ത്ര്യമില്ല. രജിസ്റ്റർ ചെയ്ത കരാർ നിലനിൽക്കുന്നിടത്തോളം കാലം ആശുപത്രി അധികൃതർക്ക് യാതൊരു അധികാരവുമില്ലാത്ത പ്രവൃത്തിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
കരാർ ലംഘിച്ചാൽ നടപടിയെടുക്കാനുള്ള അധികാരവും നഗരസഭയ്ക്ക് ഉണ്ടെന്ന വ്യവസ്ഥ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ നടപ്പാക്കാനാണ് നഗരസഭയ്ക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ, ആശുപത്രി മാനേജ്മെന്റ് കരാർ പാലിക്കാൻ തയാറല്ല എന്നൊരു അഴകൊഴമ്പൻ മറുപടിയാണ് ഉത്തരവാദപ്പെട്ട നഗരസഭാ സെക്രട്ടറി നൽകുന്നത്. ഇതിന് പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണ്.
കാലകാലങ്ങളിൽ നഗരസഭ ഭരിച്ച രാഷ്ട്രീയ നേതാക്കളാണ് ഇതിന്റെ മുഖ്യ ഗുണഭോക്താക്കൾ എന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് മനോജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.