പത്തനംതിട്ട: കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് ദുരന്ത നിവാരണത്തിന് വേണ്ടി വാഹനം എടുത്തതിലുണ്ടായ വിവാദത്തിന് അന്ത്യം. ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാഹനം എടുത്ത വകയിൽ 30,000 രൂപ അഡ്വാൻസ് ഇനത്തിൽ നൽകിയതിന്റെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതിൽ പറഞ്ഞിരുന്ന വാഹനത്തിന്റെ നമ്പർ പ്രകാരം അതൊരു ഡിയോ സ്‌കൂട്ടറായിരുന്നു. പണം അനുവദിച്ചിരുന്നതാകട്ടെ കുളനട സ്വദേശി സായിറാം പുഷ്്പൻ എന്നയാളുടെ പേരിലുമായിരുന്നു.

ഈ വിവരം മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. തൊട്ടു പിന്നാലെ ഇത് വിവാദമായി. സായിറാം പുഷ്പൻ സിപിഎം പന്തളം ഏരിയാ കമ്മറ്റിയംഗവും കുളനട ലോക്കൽ സെക്രട്ടറിയുമാണ്. ദുരന്ത നിവാരണ അഥോറിറ്റിയിൽ വൻ ക്രമക്കേട് നടന്നുവെന്ന വിധത്തിൽ പ്രചാരണം നടക്കുകയും സായിറാം പുഷ്പനെതിരേ സംഘപരിവാർ സംഘടനകൾ തിരിയുകയും ചെയ്തു.

എന്നാൽ, എല്ലാം ഒപ്പിച്ചത് പത്തനംതിട്ട ആർടിഓഫീസാണെന്ന തരത്തിലുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. വാഹനമെടുത്തു കൊടുത്തത് ആർടിഓയാണ്. ഇങ്ങനെ എടുത്ത വാഹനം സംബന്ധിച്ച് ദുരന്ത നിവാരണ അഥോറിറ്റിക്ക് കത്തു നൽകിയിരുന്നു. ഈ കത്തിൽ കെഎൽ03 എസി 3588 എന്നാണ് വാഹന നമ്പർ രേഖപ്പെടുത്തിയിരുന്നത്. ഇതാകട്ടെ ഒരു ഡിയോ സ്‌കൂട്ടറിന്റെ നമ്പരായിരുന്നു. ഈ വിവരം കഴിഞ്ഞ 23 ന് മറുനാടൻ പുറത്തു വിട്ടതോടെ കലക്ടറേറ്റിൽ നെട്ടോട്ടമായി.

അപ്പോഴാണത്രേ എല്ലാവരും ഈ തെറ്റ് മനസിലാക്കുന്നത്. തുടർന്ന് 25 ന് പത്തനംതിട്ട ആർടിഓ ദുരന്ത നിവാരണ അഥോറിറ്റിക്ക് തങ്ങൾക്ക് തെറ്റുപറ്റിയ വിവരം ചൂണ്ടിക്കാട്ടി കത്ത് നൽകി. വാഹന നമ്പർ 3558 ആണെന്നും അതിന്റെ ആർസി പർട്ടിക്കുലേഴ്സ് ഒപ്പം നൽകുന്നുവെന്നും കത്തിലുണ്ട്. ആർടിഓയുടെ കത്ത് സോഷ്യൽ മീഡിയയിലിട്ട് തന്നെ ക്രൂശിക്കാൻ വന്നവർക്കെതിരേ സായിറാം പുഷ്പനും സിപിഎം നേതാക്കളും മറുപടി നൽകി.

പക്ഷേ, അപ്പോഴും ദുരൂഹത പൂർണമായും ഒഴിഞ്ഞിട്ടില്ല. ആർടിഓയുടെ കത്തിന്റെ അവസാന വരിയിലാണ് ദുരൂഹതയുള്ളത്. വാഹനത്തിന്റെ ആർസി പർട്ടിക്കുലേഴ്സ് ഒപ്പം നൽകുന്നുവെന്നാണ് വരി. അപ്പോൾ വിവാദം ഉണ്ടാകുന്നതിന് മുൻപ് ഇത് നൽകിയിരുന്നില്ലേ എന്നൊരു സംശയം ഉയരുന്നു. നേരത്തേ നൽകിയിരുന്നുവെങ്കിൽ അന്ന് എന്തു കൊണ്ട് ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ ഇത് കൃത്യമായി പരിശോധിച്ചില്ലെന്ന ചോദ്യവും നിലനിൽക്കുന്നു. ഇതൊരു ക്ലറിക്കൽ മിസ്റ്റേക്ക് ആയി കണ്ട് രക്ഷപ്പെടാനുള്ള നീക്കമാണ് നടക്കുന്നത്. ക്രമക്കേടുണ്ടെങ്കിൽ അത് വ്യക്തമാകാൻ വാഹനത്തിന്റെ ലോഗ് ബുക്ക് അടക്കം പരിശോധിക്കേണ്ടതുണ്ട്.

മാത്രവുമല്ല, ദുരന്ത നിവാരണ അഥോറിറ്റിയുടെയും ആർടിഓയുടെയും ഉത്തരവുകളിൽ വാഹനം എന്നു മാത്രമാണ് പരാമർശിക്കുന്നത്. ഏത് വാഹനമാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്തായാലും കലക്ടർ ആർടിഓയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.