പത്തനാപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിച്ച കേസിൽ മുൻ സൈനികനായ യുവാവ് പിടിയിൽ. അടൂർ മൂന്നാളം ചരുവിളയിൽ വീട്ടിൽ ദീപക് ചന്ദി(29)നെയാണ് പൊലീസ് ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

പത്തനാപുരം ചെളിക്കുഴി സ്വദേശിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്്. മൊബൈൽടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന ദീപക് രണ്ടു വർഷം മുൻപ് അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു.

ഇതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. വയനാട്ടിൽ റിട്ട. ഡിഎഫ്ഓയിൽ നിന്ന് മകന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിൽ പുൽപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഡിഎഫ്ഓയെ പറ്റിയത്. പുൽപ്പള്ളി ഫോറസ്റ്റ് ഐബിയിൽ ഇദ്ദേഹത്തിന്റെ ചെലവിൽ താമസിച്ച് അടിച്ചു പൊളിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ലഭിച്ച പരാതിയിലും കേസുണ്ട്. പത്തനംതിട്ട, കണ്ണുർ, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ഇയാൾക്കെതിരായ കേസ് അധികവും. പിടികൂടിയ വിവരം പുറത്തു വരുന്നതോടെ കൂടുതൽ പരാതിക്കാർ ഉണ്ടാകാൻ സാധ്യതയുണ്ട്.

കാറിന് മുന്നിലും പിന്നിലും ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന് ചുവന്ന ബോർഡ് സ്ഥാപിച്ചാണ് തട്ടിപ്പിന് ഇറങ്ങിയിരുന്നത്. ഇതു കണ്ട് വിശ്വസിച്ചാണ് പലരും പണം കൊടുത്തത്. പിന്നീടാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളെ സൈന്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്.