- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവറട്ടി കസ്റ്റഡി മരണ കേസ്; സിബിഐ. കുറ്റപത്രം സമർപ്പിച്ചു; ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികൾ; നാല് പേർക്കെതിരേ കൊലക്കുറ്റം ചുമത്തി; ഡെപ്യൂട്ടി കമ്മിഷണർ അടക്കം രണ്ടു പേർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദ്ദേശം; കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാർ മരിച്ചത് മർദനമേറ്റെന്ന് കണ്ടെത്തൽ
തൃശ്ശൂർ: പാവറട്ടി കസ്റ്റഡി മരണ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ നാല് പേർക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ഡെപ്യൂട്ടി കമ്മിഷണർ അടക്കം രണ്ടു പേർക്കെതിരെ വകുപ്പുതല നടപടിക്കു നിർദേശമുണ്ട്.
2019 ഒക്ടോബർ ഒന്നിനാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത തിരൂർ സ്വദേശി രഞ്ജിത് കുമാർ ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്ന് മരിച്ചത്. രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാറിനെ എക്സൈസ് സംഘം അന്യായമായി തടങ്കലിൽവെച്ച് ഒന്നേകാൽ മണിക്കൂറോളം ക്രൂരമായി മർദിച്ചെന്നാണ് സിബിഐ. അന്വേഷണത്തിൽ കണ്ടെത്തിയത്.
മർദനമേറ്റതാണ് രഞ്ജിത് കുമാറിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. അബ്ദുൾ ജബ്ബാർ, വി.എ. ഉമ്മർ, മഹേഷ്, നിബിൻ എന്നീ ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റം, അന്യായമായി തടങ്കലിൽവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അനൂപ്, ബെന്നി, നെവിൻ എന്നിവർക്കെതിരേ കൃത്രിമമായി തെളിവ് നിർമ്മിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളും ചുമത്തി.
780 പേജുള്ള കുറ്റപത്രത്തിൽ അന്നത്തെ തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പി.കെ. സാനു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജോ, തൃശൂർ സിഐ. ഫൈസൽ എന്നിവർക്കെതിരേ വകുപ്പുതല നടപടിക്കും ശുപാർശയുണ്ട്. സിബിഐ. തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണനായിരുന്നു അന്വേഷണച്ചുമതല.
മറുനാടന് മലയാളി ബ്യൂറോ