- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരന് പിറന്നാൾ ആശംസ അറിയിച്ചത് വാട്സാപ്പിൽ; എട്ടു മീറ്ററോളം ഉയരത്തിൽ തിരമാല വീശിയടിച്ചപ്പോൾ ലൈഫ് ജാക്കറ്റ് അണിഞ്ഞ് കൂട്ടുകാരന്റെ കൈ പിടിച്ച് കടലിലേക്ക് ചാടി; സിബിക്ക് രക്ഷയായത് നേവിയുടെ വല; ബാർജ് അപകടത്തിൽ സനീഷ് ജോസഫും മരിച്ചു; പയ്യാവൂരിനെ ഒടുവിൽ ആ ദുരന്ത വാർത്ത തേടിയെത്തുമ്പോൾ
പയ്യാവൂർ: കടലിൽ കാണാതായ യുവാവിനായി ബന്ധുക്കളുടെ പ്രാർത്ഥന നടത്തിയ പ്രാർത്ഥന വെറുതെയായി. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ കാണാതായ പയ്യാവൂർ ഏരുവേശി സ്വദേശി സനീഷ് ജോസഫിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്.
എരുവേശിവലിയപറമ്പിൽ താന്നിക്കൽ വീട്ടിൽ ജോസഫിന്റെയും നിർമലയുടെയും മകനായ സനീഷ് എട്ട് വർഷത്തോളമായി മുംബൈയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) കരാർ ജോലി ചെയ്തുവരികയായിരുന്നു മാത്യു അസോസിയറ്റ്സ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ നാട്ടിലെത്തിയ സനീഷ് ഒക്ടോബറിൽ കമ്പനി വിളിച്ചതിനാൽ മുംബൈയിലേക്ക് പോവുകയായിരുന്നു. നവംബറിലാണ് റിഗ്ഗിലേക്കു പോയത്. കോവിഡ് ശക്തമായതോടെ കരയ്ക്കു വരാൻ സാധിക്കാതെ സനീഷ് അടക്കമുള്ളവർ റിഗ്ഗിൽ കഴിയുകയായിരുന്നു.
മെയ് 15ന് സനീഷിന്റെ പിറന്നാളായതിനാൽ സഹോദരൻ ആശംസ അറിയിച്ച് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. മറുപടി സന്ദേശം ലഭിച്ചശേഷം ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. നെറ്റ് വർക്ക് പ്രശ്‌നം കാരണം സനീഷ് വീട്ടിലേക്ക് വിളിക്കുന്നത് കുറവായിരുന്നു. നെറ്റ് വർക്ക് ലഭിച്ചാൽ അത്യാവശ്യം മെസേജുകളാണ് അയക്കാറ്.
സനീഷുമായി ബന്ധപ്പെട്ട് ഒരു ദിവസം കഴിയുമ്പോഴാണ് അപകടവാർത്തയെത്തിയത്. കമ്പനിയിലെ മറ്റൊരു തൊഴിലാളി ചെമ്പേരിയിലെ മാമ്പുഴ സിബിയും സനീഷിന്റെ കൂടെയുണ്ടായിരുന്നു. എട്ട് മീറ്ററോളം ഉയരത്തിൽ വീശിയടിച്ച തിരമാലയിൽ ബാർജ് തകരുമെന്നായതോടെ ലൈഫ് ജാക്കറ്റണിഞ്ഞ് കൈ ചേർത്തുപിടിച്ച് ഇരുവരും കടലിലേക്ക് ചാടുകയായിരുന്നു. തിര വന്ന് ഇരുവരെയും വേർപ്പെടുത്തി. നേവിയുടെ വലയിൽ കുടുങ്ങിയ സിബിയെ ദിവസങ്ങൾക്ക് മുൻപ് കരക്കെത്തിച്ചിരുന്നു. നാട്ടിലെ മറ്റൊരു സുഹൃത്ത് വഴിയാണ് അപകടവിവരം സനീഷിന്റെ കുടുംബം അറിഞ്ഞത്.
പിന്നീട് ബന്ധുക്കൾ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കാണാതായവരുടെ ലിസ്റ്റിൽ സനീഷും ഉണ്ടെന്ന വിവരമാണ് ലഭിച്ചത്. വി ശിവദാസൻ എംപി മുംബൈയിൽ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയും അന്വേഷണം നടത്തിയിരുന്നു.എന്നാൽ പിന്നീട് സനീഷ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്