അടൂർ: സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്ത് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയെടു ത്ത കേസിലെ പ്രതി കോടതി നിർദ്ദേശ പ്രകാരം പൊലീസിൽ കീഴടങ്ങി. ബാങ്ക് ശാഖയിലെ പ്യൂണായ മലമേക്കര വിരണിക്കൽ വീട്ടിൽ മുകേഷ് ഗോപിനാഥ് (36) ആണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഇയാൾ ഒന്നര മാസമായി ഒളിവിലായി രുന്നു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇതേ തുടർന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇന്നലെ എത്തിയത്. ഗുണഭോക്താക്കളുടെ സ്ഥിരനിക്ഷേപത്തിൽ നിന്ന് അവർ അറിയാതെ ലോണെടുത്തും നിക്ഷേപിക്കാൻ നൽകിയ പണത്തിന് വ്യാജരസീത് നൽകിയും സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തിയുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇങ്ങനെ എടുത്ത പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. ബാങ്ക് ശാഖാ മാനേജർ ഷീലയും കേസിൽ പ്രതിയാണ്. ഷീലയ്ക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് മുകേഷ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ബാങ്കിലെ മറ്റു ചിലർക്ക് തട്ടിപ്പിൽ പങ്കുള്ളതായിട്ടാണ് സംശയം. നിജസ്ഥിതി അറിയുന്നതിനും അന്വേഷണത്തിന്റെ ഭാഗമായും മുകേഷിന് കസ്റ്റഡിയിൽ വാങ്ങും.

ബാങ്കിന്റെ സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ അടക്കം മറ്റു ചിലർക്കും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. അതേ സമയം, മുകേഷ് തട്ടിയെടുത്ത തുക ഒരു കോടിയോളം വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ശാഖാ മാനേജരായിരുന്ന ഷീല സഹകരണ സംഘം അസി. രജിസ്ട്രാർക്ക് മൊഴി നൽകിയിരുന്നു. അതിന്റെ പേരിൽ സെക്രട്ടറി ഇൻ ചാർജ് ഷീലയെ ശാസിക്കുകയും ചെയ്തു.
സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ രാധാകൃഷ്ണ കുറുപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പ്രതികളായ ബ്രാഞ്ച് മാനേജർ എസ് ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവർ സസ്പെൻഷനിലാണ്. പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. 2017-20 കാലഘട്ടത്തിൽ ഇടപാടുകാരുടെ എസ്ബി അക്കൗണ്ടിൽ കൃത്രിമം നടത്തിയും വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും വ്യാജലോൺ തരപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. സഹകരണ സംഘം അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. രഹസ്യമാക്കി വച്ചിരുന്ന തട്ടിപ്പ് മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നതോടെയാണ് പരാതി നൽകാൻ ഭരണ സമിതി നിർബന്ധിതരായത്.

സിപിഎം നിയന്ത്രണത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്താണ് തട്ടിപ്പ് നടന്നത്. ഇവരുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ക്രമക്കേട് പുറത്തു വന്നത്. പ്യൂൺ മുകേഷ് തട്ടിപ്പ് നടത്തിയ വിവരം അറിയാമായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാൻ സാധിച്ചില്ലെന്നാണ് ഷീല മൊഴി നൽകിയത്. പ്യൂൺ തട്ടിയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് വാങ്ങിയെടുത്ത ശേഷം മുകേഷിനെ ജോലിയിൽ നിന്ന് പുറത്താക്കാനായിരുന്നു ഭരണ സമിതിയുടെ തീരുമാനം.

തന്റെ തട്ടിപ്പിനെ കുറിച്ച് ബാങ്ക് സെക്രട്ടറി പ്രസന്നന് അടക്കം അറിയാമായിരുന്നുവെന്ന് മുകേഷ് പറയുന്നത്. താൻ എടുത്ത തുകയിൽ കുറച്ച് സിപിഎമ്മിന്റെ ചില നേതാക്കൾക്ക് നൽകിയെന്നും അങ്ങനെ ചെയ്യാൻ നിർബന്ധിച്ചത് സെക്രട്ടറി പ്രസന്നൻ ആണെന്നും മുകേഷ് പറയുന്നുണ്ട്. 45 ലക്ഷം താൻ എടുത്തതിൽ 20 ലക്ഷവും മറ്റുള്ളവർ വാങ്ങിയെടുത്തെന്നും അത് തിരികെ കിട്ടിയാൽ ബാങ്കിന് നൽകുമെന്നുമാണ് മുകേഷ് പറഞ്ഞത്. പ്രമുഖ സിപിഎം നേതാക്കളുടെ അടക്കം പേര് മുകേഷ് പരാമർശിച്ചിട്ടുണ്ട്.

സ്വന്തം ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയ സെക്രട്ടറി പ്രസന്നൻ കുറ്റം മുഴുവൻ ബ്രാഞ്ച് മാനേജരുടെ തലയിൽ കെട്ടി വയ്ക്കുകയാണ്. കാൽ നൂറ്റാണ്ടിലധികമായി കോൺഗ്രസിന്റെ കൈവശം ഇരുന്ന ഭരണം പിടിച്ചെടുക്കാൻ വേണ്ടിയാണ് ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ഇടതുസർക്കാർ ഡയറക്ടർ ബോർഡ് പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. ഇതിന്റെ തണലിൽ ഭരണം പിടിച്ചെടുക്കാനുള്ള സാഹചര്യം മുഴുവൻ ഒരുക്കുന്നതിനുള്ള ശ്രമമാണ് നടന്നിരുന്നത്. അതിനിടെയാണ് തിരിച്ചടിയായി രണ്ട് തട്ടിപ്പുകൾ ഒന്നിന് പിറകേ ഒന്നായി വന്നത്. ആദ്യം മിത്രപുരം ശാഖയിൽ നിന്ന് ഗിരീഷ് എന്ന ക്ലാർക്ക് 60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തൊട്ടു പിന്നാലെയാണ് പ്യൂൺ മുകേഷ് ഹൈസ്‌കൂൾ ജങ്ഷനിൽ 45 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. പ്യൂൺ ആണ് ഇവിടെ കാഷ്യറായി പ്രവർത്തിച്ചിരുന്നത്.

തട്ടിപ്പ് നടത്തിയത് ബിജെപിക്കാരനും കോൺഗ്രസുകാരിയും മാത്രമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് സിപിഎമ്മുകാരനായ സെക്രട്ടറിയെ കേസിൽ നിന്നൊഴിവാക്കിയിരിക്കുന്നത്. സഹകരണ നിയമപ്രകാരം കേസിന്റെ ഉത്തരവാദിത്വത്തിൽ നിന്നു, ഒഴിഞ്ഞു മാറാൻ സെക്രട്ടറിക്ക് കഴിയില്ലെന്നാണ് പറയുന്നത്.

തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്ന തരത്തിലാണ് മുകേഷിന്റെ വെളിപ്പെടുത്തൽ. പണം താൻ എടുത്തുവെന്ന് മാത്രമേയുള്ളൂ ഭൂരിഭാഗവും മറ്റുള്ളവർ കൊണ്ടു പോവുകയാണുണ്ടായത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാങ്ക് സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകാണ് മുകേഷ് നടത്തിയത്. എന്നിട്ടും, പരാതി നൽകിയപ്പോൾ സെക്രട്ടറിയെ ഒഴിവാക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ശ്രദ്ധിച്ചിരുന്നു.